ന്യൂഡൽഹി: തുടർച്ചയായി അപ്പീലുകൾ നൽകി വധശിക്ഷ നീട്ടിക്കൊണ്ടുപോകുന്ന നിർഭയക്കേസിലെ പ്രതികൾ രാജ്യത്തിന്റെ ക്ഷമ പരീക്ഷിക്കുകയാണെന്ന് കേന്ദ്രസർക്കാർ. നീതി വൈകുമ്പോൾ കോടതിയിലുള്ള വിശ്വാസം കുറയുകയാണെന്നും തെലങ്കാനയിലെ കൂട്ടബലാത്സംഗക്കേസ് പ്രതികളെ ഏറ്റുമുട്ടലിൽ വധിച്ചപ്പോൾ ജനങ്ങൾ ആഹ്ലാദിച്ചെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. കുറ്റവാളികൾക്കല്ല, ഇരകൾക്കനുകൂലമായാണ് നിയമമുണ്ടാകേണ്ടതെന്നും കേന്ദ്രം ഡൽഹി ഹൈക്കോടതിയിൽ വാദിച്ചു.അതേസമയം, തങ്ങൾ കേസ് വൈകിപ്പിച്ചതായി ഒരു കോടതിയും പറഞ്ഞിട്ടില്ലെന്നും അവസാനശ്വാസംവരെ നിയമപരമായ അവകാശങ്ങൾ ഉപയോഗിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ടെന്നും പ്രതികളുടെ അഭിഭാഷകർ പറഞ്ഞു. മരണവാറന്റയച്ച കേസിൽ കക്ഷിയല്ലാത്ത കേന്ദ്രത്തിന് ഹൈക്കോടതിയെ സമീപിക്കാൻ അവകാശമില്ലെന്നും പ്രതികളുടെ അഭിഭാഷകർ ചൂണ്ടിക്കാട്ടി. നിർഭയ പ്രതികളുടെ മരണവാറന്റ് സ്റ്റേ ചെയ്തതിനെതിരേ കേന്ദ്രം നൽകിയ അപ്പീലിൽ അവധിദിവസമായ ഞായറാഴ്ച മൂന്നുമണിക്കൂറിലേറെ വാദം കേട്ടശേഷം ഹൈക്കോടതി വിധിപറയാൻ മാറ്റി. വധശിക്ഷ വൈകിപ്പിക്കാൻ നിർഭയ പ്രതികൾ നടത്തുന്ന തന്ത്രങ്ങൾ അനുവദിച്ചുകൊടുക്കരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. വധശിക്ഷ സമയബന്ധിതമായി നടപ്പാക്കണമെന്നും തിരുത്തൽഹർജി നൽകാൻ സമയപരിധി നിശ്ചയിക്കണമെന്നുമാവശ്യപ്പെട്ട് കേന്ദ്രം അടുത്തിടെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അവിടെ ഉന്നയിച്ച വാദങ്ങളാണ് സോളിസിറ്റർ ജനറൽ പ്രധാനമായും ഡൽഹി ഹൈക്കോടതിയിലും പറഞ്ഞത്. പ്രതികളിലൊരാളായ വിനയ് ശർമ നൽകിയ ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തിട്ടില്ല. ഇക്കാരണത്താൽ പ്രതികളെ ഫെബ്രുവരി ഒന്നിനു തൂക്കിലേറ്റാനുള്ള മരണവാറന്റ് വ്യാഴാഴ്ച സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. ഇതിനെതിരേയാണ് കേന്ദ്രം ഹൈക്കോടതിയെ സമീപിച്ചത്.പ്രതികളെ ഒന്നിച്ചു തൂക്കിലേറ്റണമെന്ന് നിർബന്ധമില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. മുകേഷിന്റെ ദയാർജി തള്ളിയതിനെത്തുടർന്ന് സുപ്രീംകോടതിയിൽ നൽകിയ അപ്പീലും തള്ളിയിരുന്നു. നിയമപരമായി മുകേഷിന്റെ വഴികൾ അടഞ്ഞുകഴിഞ്ഞു. എന്നാൽ, പ്രതികളിലൊരാളുടെ ദയാഹർജി നിലനിൽക്കുകയും ഒരാൾ നൽകാൻ ബാക്കിനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ തന്റെ കക്ഷിയെയും തൂക്കിലേറ്റരുതെന്ന് മുകേഷിനുവേണ്ടി മുതിർന്ന അഭിഭാഷക റബേക്ക ജോൺ വാദിച്ചു. ഒരു കേസിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മുഴുവൻ പ്രതികളെയും ഒന്നിച്ചേ തൂക്കിലേറ്റാവൂയെന്ന ചട്ടവും ദയാഹർജി തള്ളിയാലും 14 ദിവസത്തിനുശേഷമേ വധശിക്ഷ നടപ്പാക്കാവൂയെന്ന ചട്ടവും റബേക്ക ചൂണ്ടിക്കാട്ടി.എന്നാൽ, പതിമ്മൂന്നാം ദിവസംപോയി ഹർജിനൽകി ശിക്ഷ വൈകിപ്പിക്കാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന് തുഷാർ മേത്ത വാദിച്ചു. പ്രതികൾ ഹർജി നൽകാൻ വീണ്ടും വൈകിച്ചാൽ അതുവരെ കാത്തിരിക്കാനാകുമോയെന്നും അദ്ദേഹം ചോദിച്ചു. പ്രതികളുടെ ഏതെങ്കിലും അപേക്ഷ വിചാരണക്കോടതിയോ ഹൈക്കോടതിയോ സുപ്രീംകോടതിയോ രാഷ്ട്രപതിയോ വൈകി എന്ന കാരണത്താൽ തള്ളിയിട്ടില്ലെന്ന് റബേക്ക ജോൺ ചൂണ്ടിക്കാട്ടി. മറ്റു പ്രതികളുടെ ദയാഹർജിയും രാഷ്ട്രപതി തള്ളുമെന്ന അനുമാനത്തിൽ തീരുമാനമെടുക്കരുത്. അഥവാ ഒരാളോട് രാഷ്ട്രപതി കരുണകാട്ടിയാൽ മുകേഷിനു വീണ്ടും ദയാഹർജി നൽകാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. തിരിച്ചെടുക്കാനാവാത്ത നടപടിയാണ് വധശിക്ഷ എന്നിരിക്കെ, ഒന്നോ രണ്ടോ ആഴ്ചകളോ ഒരുമാസമോ കൂടി കാത്തിരിക്കുന്നതിന് എന്താണ് കുഴപ്പമെന്നും അവർ ചോദിച്ചു. ഒരാളെ തൂക്കിലേറ്റിയശേഷം പിന്നീട് അതേ കേസിൽ മറ്റൊരാൾക്കു രാഷ്ട്രപതി ശിക്ഷയിളവു നൽകിയ സംഭവമുണ്ടായിട്ടുണ്ട്. ഇതിൽ സുപ്രീംകോടതി പശ്ചാത്തപിച്ചിട്ടുമുണ്ട്. മരണാനന്തരം കണ്ണീർപൊഴിച്ചിട്ട് കാര്യമില്ലെന്നും റബേക്ക പറഞ്ഞു. മറ്റു പ്രതികളായ പവൻ കുമാർ, അക്ഷയ് കുമാർ സിങ്, വിനയ് ശർമ എന്നിവർക്കുവേണ്ടി അഡ്വ. എ.പി. സിങ്ങും ഹാജരായി.
from mathrubhumi.latestnews.rssfeed https://ift.tt/2SguaQE
via IFTTT
0 അഭിപ്രായങ്ങള്‍