നായയെ വിട്ട് നാട്ടുകാരെ കടിപ്പിക്കല്‍, ചോദിക്കാന്‍ ചെന്നപ്പോള്‍ വടിവാള്‍ വീശല്‍; യുവാവ് അറസ്റ്റില്‍

ഒളരിക്കര: വളർത്തുനായയെ വിട്ട് നാട്ടുകാരെ ആക്രമിക്കുന്ന രീതി പതിവാക്കിയ യുവാവിനെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി. ഒളരി എൽത്തുരുത്ത് ബാറിനു സമീപം താമസിക്കുന്ന തടിമില്ലുടമയായ യുവാവാണ് പിടിയിലായത്. പിടികൂടുമ്പോൾ പ്രതി കഞ്ചാവ് ലഹരിയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. ഏറെ സാഹസികമായാണ് പോലീസ് ഇയാളെ പിടികൂടിയത്. വളർത്തുനായയെ വിട്ട് നാട്ടുകാരെ കടിപ്പിക്കുന്നത് ഇയാളുടെ പതിവായിരുന്നു. ബാറിൽനിന്ന് മദ്യപിച്ചിറങ്ങുന്നവർക്കാണ് കൂടുതലും കടിയേറ്റിരുന്നത്. കഴിഞ്ഞദിവസം വൈകീട്ട് നാലുപേരെ ഈ നായ കടിച്ചു. ഇതോടെ സഹികെട്ട നാട്ടുകാരും വഴിയാത്രികരും ഇയാളുടെ വീടിനു മുന്നിൽ തടിച്ചുകൂടി. പ്രതിരോധിക്കാനായി യുവാവും സഹായികളും വടിവാൾ വീശി. പിന്നീട് കല്ലും കുപ്പിയും നാട്ടുകാർക്ക് നേരെയെറിഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്ത് നാലുവണ്ടികളിലായി പോലീസ് എത്തിയതോടെ പോലീസിന് നേരെയായി ആക്രമണം. ആദ്യം ഇയാളെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല. ഏറെ കഷ്ടപ്പെട്ട് സാഹസികമായാണ് ഇയാളെ പോലീസ് പിടികൂടിയത്. ഇതോടെ തൃശ്ശൂർ-കാഞ്ഞാണി റോഡിൽ ഗതാഗതക്കുരുക്കുണ്ടായി. കുരുക്കിൽപ്പെട്ടു കിടക്കുകയായിരുന്ന ഒരു വണ്ടിയുടെ ചില്ലും യുവാവ് തല്ലിപ്പൊട്ടിച്ചു. പ്രശ്നമുണ്ടാക്കിയ സംഘത്തിെല ഒരാളെ പോലീസ് കൊണ്ടുവന്ന ആംബുലൻസിൽ കയറ്റിക്കൊണ്ടുപോയത് വീണ്ടും പ്രശ്നത്തിലേക്ക് നയിച്ചു. കൊണ്ടുപോയത് യഥാർത്ഥ പ്രതിയെ അല്ലെന്നും യുവാവിന്റെ സഹായിയെയാണെന്നും ആരോപിച്ചാണ് നാട്ടുകാർ പ്രതിഷേധിച്ചത്. പിന്നീട് കൂടുതൽ പോലീസെത്തി രാത്രി വൈകിയാണ് യഥാർഥ പ്രതിയായ യുവാവിനെ പിടികൂടിയത്. ഇയാൾ മയക്കുമരുന്നുകൾ സ്ഥിരമായി ഉപയോഗിക്കുന്നയാളാണെന്ന് പോലീസ് പറഞ്ഞു. പോലീസ് ഇയാളെ പടിഞ്ഞാറേക്കോട്ടയിലെ മാനസികാരോഗ്യകേന്ദ്രത്തിലാക്കി. ഇയാൾക്കെതിരേ നാട്ടുകാർ ഭീമഹർജി ഒപ്പിട്ട് വെസ്റ്റ് പോലീസിൽ നൽകിയിട്ടുണ്ട്. Content Highlights:Olarikkara attack using domestic dog, arrested Thrissur

from mathrubhumi.latestnews.rssfeed https://ift.tt/2u3TVLX
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍