തിരുവനന്തപുരം: കശ്മീരിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ലോക ശ്രദ്ധയിലേക്കെത്തിച്ച മാധ്യമപ്രവർത്തകനാണ് ഗൗഹർ ഗീലാനി. അദ്ദേഹത്തിന്റെ എഴുത്തുകൾ കേന്ദ്രസർക്കാരിനെ അലേസരപ്പെടുത്തിയതിന്റെ പ്രതിഫലനമായിരുന്നു അദ്ദേഹത്തിന്റെ വിസ തടഞ്ഞുവെച്ച സംഭവം. ഇന്ത്യയ്ക്ക് അകത്തും പുറത്തും അത് വലിയ വാർത്തയായി. ജർമൻ മാധ്യമസ്ഥാപനമായ ഡച്ച് വില്ലെയിൽ എഡിറ്ററായിരുന്നു. നിലവിൽ ശ്രീനഗർ കേന്ദ്രീകരിച്ച് സ്വതന്ത്ര മാധ്യമപ്രവർത്തനം നടത്തുന്നു. കോളമിസ്റ്റും രാഷ്ട്രീയ നിരീക്ഷകൻ, എഴുത്തുകാരനുമായ ഗൗഹർ ഗീലാനി മാതൃഭൂമി ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ നിന്ന് അങ്ങ് കശ്മീരിൽ നിന്നാണ്. കശ്മീരിനെ കുറിച്ച് വളരെ ചെറിയ കാര്യങ്ങളെ പുറത്തുവരുന്നുള്ളൂ. കശ്മീരിലെ നിലവിലെ അവസ്ഥയെന്താണ്? കശ്മീർ ഇന്നൊരു തുറന്ന ജയിലാണ്. ആയിരക്കണക്കിന് പട്ടാളക്കാർ ഇന്നും തെരുവിലുണ്ട്. ഇൻഫോർമേഷൻ ബ്ലാക്ക് ഹോൾ ആണ്. മാധ്യമങ്ങളും അവരുടെ ലക്ഷ്യങ്ങളിലുണ്ട്. ഇന്റർനെറ്റ് വിലക്ക് പ്രാദേശിക മാധ്യമങ്ങളെയും ബാധിച്ചു. കശ്മീർ വാർത്തകൾ പുറത്തു വരരുതെന്നതാണ് കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത്. ഡൽഹിയിൽ നിന്നോ നോയിഡയിൽ നിന്നോ ഉള്ളവർ കശ്മീരിനെ കുറിച്ച് പറഞ്ഞോട്ടെ കശ്മീരികൾ പറയേണ്ട എന്നതാണ് മനോഭാവം. ഏതാണ്ട് 1.5 ലക്ഷം ആളുകൾക്കാണ് ഇന്റർനെറ്റ് വിലക്ക്മൂലം തൊഴിൽ നഷ്ടപ്പെട്ടത്. ഇന്റർനെറ്റിനെ ആശ്രയിച്ച് കഴിയുന്ന ടൂറിസം, ഐടി ബിസ്സിനസ്സുകളെയാണ് ഈ വിലക്കുകൾ കൂടുതലും ബാധിച്ചത്. കശ്മീർ ചേംബർ ഓഫ് കൊമേഴ്സ് 18,000 കോടിയുടെ സാമ്പത്തിക നഷ്ടമാണ് നാല് മാസം കൊണ്ട് കശ്മീരിൽ കണക്കാക്കിയിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളെയും മാധ്യമങ്ങളെയും ഒരു പോലെ നിയന്ത്രിക്കുന്ന സ്ഥിതിവിശേഷമാണ്. പ്രാദേശിക മാധ്യമങ്ങളെ നിർഭാഗ്യവശാൽ നേരത്തെ തന്നെ പരസ്യം വെട്ടിക്കുറച്ച് നിശബ്ദമാക്കി. ഈ രീതിയിൽ ഡൽഹിയിലിരിക്കുന്ന ആ രണ്ട് ജെന്റിൽമാൻമാർക്കൊഴികെ ആർക്കും തന്നെ ക്മീരിൽ രാഷ്ട്രീയം പ്രവർത്തിക്കാനാവുന്നില്ല. നിർഭാഗ്യവശാൽ മാസങ്ങളോളം കുട്ടികൾക്ക് സ്കൂളിൽ പോകാനായില്ല. വിദ്യാഭ്യാസത്തെയും ആരോഗ്യരംഗത്തേയും വിലക്ക്് സാരമായി ബാധിച്ചു. സേവ് ഹാർട്ട് കശ്മീർ എന്ന വാട്സാപ്പ് ഗ്രൂപ്പുണ്ട്. നെഞ്ചുവേദന വരികയാണെങ്കിൽ വാട്സാപ്പ് വഴി പറഞ്ഞ് ചികിത്സ നേടി പലരും രക്ഷപ്പെട്ടിട്ടുണ്ട്. ആ സേവനങ്ങളെയൊക്കെ തന്നെ ഇന്റർനെറ്റ് വിലക്ക് ബാധിച്ചു. സുപ്രീം കോടതി വിഷയത്തിലിടപെട്ട് വിലക്ക് ഭാഗികമായി മാറ്റിയില്ലേ. അതിനുശേഷം എന്തെല്ലാം മാറ്റങ്ങളുണ്ടായി. 177 ദിവസത്തിനു ശേഷമാണ് 2ജി സ്പീഡിൽ ഇന്റർനെറ്റ് സേവനം നൽകിയിരിക്കുന്നത്. അതിൽ 200 സൈറ്റുകൾ മാത്രമാണ് വൈറ്റ് ലിസ്റ്റിൽപ്പെടുത്തിയത്. ഭൂരിഭാഗം സൈറ്റുകളും വിലക്കി. മോദിയുട മൻകീബാത്ത് പോലും ലഭ്യമല്ല. കശ്മീരിന്റെ കാര്യത്തിൽ സുപ്രീം കോടതി സർക്കാരിന് കുറച്ച് കൂടി അവസരവും സമയവും നൽകുകയാണ് ചെയ്തത്. താടിവെച്ചുള്ള ഒമർ അബ്ദുള്ളയുടെ ചിത്രം അടുത്തിടെ പുറത്തുവന്നിരുന്നല്ലോ. ജനത്തിന്റെ പ്രതികരണം എന്തായിരുന്നു? ഒമർ അബ്ദുള്ള, ഫാറൂഖ് എന്നിവർക്കായി കശ്മീരികളുടെ സ്നേഹത്തിന്റെ ഒരു പങ്കും അവശേഷിക്കുന്നില്ല. തങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന ദുരിതങ്ങളുടെ കാരണത്തിന്റെ പങ്കാളികളായിട്ടാണ് ജനം ഇവരെ കാണുന്നത്. കശ്മീരി പണ്ഡിറ്റുകളുടെ ദുരിതം പറഞ്ഞാണ് ബിജെപി എല്ലായ്പ്പോഴും ഇതിനെ മറികടക്കാനുള്ള ന്യായീകരണം കണ്ടെത്തുന്നത്. ഇൻഡിപെന്റന്റ് കശ്മീരെന്ന ആശയം കശ്മീരി പണ്ഡിറ്റായ രാം ചന്ദ് കാക്കിന്റേതായിരുന്നു. നതാശ കോൾ, സുവീർ കോൾ, മൂന ബാൻ തുടങ്ങി കശ്മീരിലെ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന അനേകം കശ്മീരി പണ്ഡിറ്റുകളുണ്ട്. അശോക് പണ്ഡിറ്റ് അനുപം ഖേറിനെപ്പോലെയുമുള്ളവരെയാണ് ചാനലുകളിൽ നിങ്ങൾ കശ്മീരി പണ്ഡിറ്റുകൾക്കുവേണ്ടി സംസാരിക്കുന്നവരായി കാണുന്നത്. കശ്മീരിന്റെ കഥ കശ്മീരികളാണ് പറയേണ്ടത്. അല്ലാതെ നോയിഡയിലെ സ്റ്റുഡിയോയിലിരിക്കുന്നവരല്ല. ഒരു കശ്മീരി മുസ്ലിമോ കശ്മീരി ക്രിസ്ത്യനോ കശ്മീരി സിഖോ കശ്മീരി പണ്ഡിറ്റുകളുടെ തിരിച്ചുവരവിനെ എതിർക്കുന്നില്ല. 200ലധികം കശ്മീരി പണ്ഡിറ്റുകൾ കൊല ചെയ്യപ്പെട്ടിട്ടിട്ടുണ്ട്. നിർഭാഗ്യകരമാണ് അത്. അതേ സമയം ആയിരക്കണക്കിന് കശ്മീരി മുസ്ലിീങ്ങൾ കൊല്ലപ്പെടുകയും പെല്ലറ്റ് പ്രയോഗത്തിൽ കാഴ്ച നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. കശ്മീരി പണ്ഡിറ്റുകളെ ബിജെപി അവരുടെ രാഷ്ട്രീയകരുവാക്കുകയാണ്. അവരുടെ ക്ഷേമമല്ല ബിജെപി ലക്ഷ്യമിടുന്നത്. ആറു വർഷമായി ഭരണത്തിലുണ്ടായിട്ടും എന്ത് കൊണ്ട് ബിജെപി കശ്മീരി പണ്ഡിറ്റുകളെ തിരികെ കൊണ്ടുവന്നില്ല. എങ്ങനെയാണ് ജനം ഈ കാലത്തെ അതിജീവിക്കുന്നത്? മക്കളെ സ്കൂളിൽ വിടാതെയും തൊഴിൽസ്ഥലത്ത്് പോവാതെയും കടകൾ തുറക്കാതെയും മറ്റും ഒരു വിഭാഗം ജനം കേന്ദ്രനിലപാടിനോട് നിസ്സഹകരിച്ചിരുന്നു. എന്നാൽ ഇന്നതെല്ലാം മാറി. ഈ കാലത്തെ അതിജീവിച്ചു കൊണ്ടാണ് അവർ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്. ഈ അരക്ഷിതാവസ്ഥയ്ക്കൊപ്പം കാലാവസ്ഥാ വ്യതിയാനം എങ്ങനെയാണ് കശ്മീർ ജനതയെ ബാധിച്ചത്. സംസ്ഥാനത്തിന്റെ സമ്പത്തിന്റെ ആറു ശതമാനം മാത്രമേ വിനോദസഞ്ചാരമേഖല സംഭാവനചെയ്യുന്നുള്ളൂ. ഭൂരിഭാഗവും കൃഷി ചെയ്തും കരകൗശല വസ്തുക്കൾ ഉണ്ടാക്കിയുമൊക്കെയാണ് ജീവിക്കുന്നത്. ആ വിഭാഗത്തിനെ ഈ രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്കു പുറമെ തണുപ്പ് കൂടി ബാധിച്ചതോടെ അവരുടെ ജീവിതം കൂടുതൽ ദുരിതത്തിലായി. മഞ്ഞുവീഴ്ച ആപ്പിൾ കൃഷിയുൾപ്പെടെയുള്ളവയെ സാരമായി ബാധിച്ചു. സിഎഎക്കെതിരേയുള്ള പ്രക്ഷോഭങ്ങളെ എങ്ങനെ കാണുന്നു? ജാമിയയിലെയും രാജ്യത്തെ നിരവധി ഭാഗങ്ങളിൽ നിന്നുമുള്ള പ്രതിഷേധങ്ങളെ പ്രതീക്ഷയോടെയാണ് കാണുന്നത്. കേരള നിയമസഭയിൽ സിഎഎക്കെതിരേ പ്രമേയമിറക്കിയത് വലിയ മുന്നേറ്റമാണ്. പ്രതീക്ഷാ നിർഭരമാണ്. Content Highlights:Kashmiri Journalist Gowhar Geelani Kahsmir Shutdown Omar Abdullah Kashmiri Pandits BJP
from mathrubhumi.latestnews.rssfeed https://ift.tt/2O7NyhK
via IFTTT
0 അഭിപ്രായങ്ങള്‍