പാലക്കാട്: യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ട സംഭവത്തിൽ ഭർത്താവിനും ഭർതൃമാതാവിനും ഭർതൃസഹോദരിക്കും അഞ്ചുവർഷം കഠിനതടവും 10,000 രൂപ പിഴയും ശിക്ഷ. ഒലവക്കോട് മേലേപ്പുറം വൊങ്ങാലത്തൊടിവീട്ടിൽ ശശികുമാറിന്റെ മകൾ ശരണ്യ (25) മരിച്ച സംഭവത്തിലാണ് ഭർത്താവ് പറളി ചേങ്ങോട്ടിൽവീട്ടിൽ സുരേഷ് (40), സുരേഷിന്റെ അമ്മ കാർത്യായനി (61), സഹോദരി ഒലവക്കോട് മേലേപ്പുറം കണ്ണക്കര വള്ളിയാൽ വീട്ടിൽ സുനിത (41) എന്നിവരെ പാലക്കാട് അസി. സെഷൻസ് കോടതി (പ്രിൻസിപ്പൽ) ജഡ്ജി അൻയാസ് തയ്യിൽ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ മൂന്നുമാസം അധികതടവനുഭവിക്കണം. സുനിതയുടെ ഭർത്താവും കേസിൽ നാലാംപ്രതിയായി പേരുചേർക്കപ്പെട്ടയാളുമായ കണ്ണക്കര വള്ളിയാൽവീട്ടിൽ സുദർശനനെ (46) തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടു. 2015 ഓഗസ്റ്റ് 15-നാണ് കേസിനാസ്പദമായ സംഭവം. രാവിലെ ആറരയ്ക്കും എട്ടരയ്ക്കുമിടയിലുള്ള സമയത്ത് ശരണ്യ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. സുരേഷിന്റെയും കാർത്യായനിയുടെയും സുനിതയുടെയും സുദർശന്റെയും ശാരീരികവും മാനസികവുമായ പീഡനം സഹിക്കാതെ ശരണ്യ മരിക്കുകയായിരുന്നുവെന്നും കേസിൽ പറയുന്നു. മങ്കര പോലീസ് എസ്.ഐ. അനിൽകുമാർ രജിസ്റ്റർചെയ്ത കേസ് പാലക്കാട് ഡിവൈ.എസ്.പി. പി.ഡി. ശശി അന്വേഷിക്കുകയും ഡിവൈ.എസ്.പി. എം.കെ. സുൾഫിക്കർ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷനുവേണ്ടി മുൻ പബ്ലിക് പ്രോസിക്യൂട്ടർ വിനോദ് കെ. കയനാട്ടും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. ആനന്ദും ഹാജരായി. Content Highlights:Palakkadu woman found hanging case, husband, mother-in-law get imprisonment
from mathrubhumi.latestnews.rssfeed https://ift.tt/2U7hQov
via IFTTT
0 അഭിപ്രായങ്ങള്‍