കൊറോണ ബാധിച്ച വിദ്യാര്‍ഥിനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി;അര്‍ധരാത്രിവരെ നീണ്ട യോഗം

ത്യശൂർ: കൊറോണ വൈറസ് ബാധിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. നിലവിലെ സ്ഥിതിഗതികൾ വിലയിരുത്താനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും വെള്ളിയാഴ്ച അർധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തൃശൂരിൽ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടിയെ ജനറൽ ആശുപത്രിയിൽനിന്ന് മാറ്റാനുള്ള തീരുമാനം വന്നത്. ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ കണക്കിലെടുത്താണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. കൊറോണ പശ്ചാത്തലത്തിൽ വലിയ ഐസൊലേഷൻ വാർഡാണ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിട്ടുള്ളത്.അഞ്ച് ഡോക്ടർമാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഐസൊലേഷൻ വാർഡിലുള്ളത്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. പേവാർഡിൽ ഉണ്ടായിരുന്ന രോഗികളെ ഒഴിപ്പിച്ചാണ് മുറികൾ സജ്ജീകരിച്ചത്. 20 മുറികളാണ് ഈ ഐസൊലേഷൻ വാർഡിൽ ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ രോഗികളെ കിടത്താനുള്ള സ്ഥലങ്ങളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കൊറോണ സ്ഥിരീകരിച്ച വിദ്യാർഥിനിക്ക് പുറമേ നിലവിൽ ഒമ്പത് പേർ തൃശൂരിൽ നിരീക്ഷണത്തിലുണ്ട്. വീടുകളിലും ആശുപത്രികളിലുമായി ആകെ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്കയച്ച നാല് പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ഇതിനിടെ കൊറോണ ലോകവ്യാപകമായി പടരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്ച രാവിലെ ലോക ആരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ചൈനയിൽ രോഗബാധമൂലം മരിച്ചവരുടെ എണ്ണം 213ലെത്തിയതായി ചൈനയിലെ ആരോഗ്യവിഭാഗം അറിയിച്ചിരുന്നു. അതേസമയം ഇന്ത്യയടക്കമുള്ള 20 രാജ്യങ്ങളിലായി 9700 പേർക്ക് വൈറസ് സ്ഥിരീകരിച്ചെങ്കിലും ചൈന ഒഴികെയുള്ള രാജ്യങ്ങളിലൊന്നും ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. content highlights;corona affected student shifted to thrissur medical college

from mathrubhumi.latestnews.rssfeed https://ift.tt/2GAdxdv
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍