ബംഗ്ലാദേശി കൊള്ളസംഘത്തലവൻ അറസ്റ്റിൽ

കണ്ണൂർ: മാതൃഭൂമി ന്യൂസ് എഡിറ്റർ കെ.വിനോദ്ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിലെ മുഖ്യപ്രതി കൊൽക്കത്തയിൽ അറസ്റ്റിൽ. ബംഗ്ലാ ഗാങ്ങിൽപ്പെട്ട ഇല്യാസ് ഷിക്കാരി(36)യാണ് കൊൽക്കത്ത വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിന്റെ പിടിയിലായത്. കൊള്ളസംഘത്തിന്റെ നേതാവും മൂന്ന് കൊലക്കേസിലും നിരവധി കവർച്ചക്കേസിലും പ്രതിയുമായ ഇയാൾ ഇല്യാസ് ഖാൻ, സജീവ് എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. പ്രതിയെ കണ്ണൂരിലെത്തിക്കാൻ പോലീസ് സംഘം കൊൽക്കത്തയിലേക്ക് പോയി. കവർച്ചക്കേസിൽ ഇയാളുടെ കൂട്ടുപ്രതിയായ മാണിക് സർക്കാർ കഴിഞ്ഞ ദിവസം കോടതിയിൽ കൊണ്ടുപോകുംവഴി ചെറുതുരുത്തിയിൽ തീവണ്ടിയിൽനിന്ന് ചാടിരക്ഷപ്പെട്ടിരുന്നു. ബുധനാഴ്ച മാണിക് പിടിയിലായി. ഇയാൾ രക്ഷപ്പെട്ടയുടൻ കൊൽക്കത്തയുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് പോലീസ് വിവരം കൈമാറി. അതിനിടെയാണ് മുഖ്യപ്രതിയായ ഇല്യാസ് ഷിക്കാരി പിടിയിലായ വിവരം പുറത്തുവന്നത്. ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും പാസ്പോർട്ട് സ്വന്തമായുള്ള ഇല്യാസ് ക്രൂരനായ കവർച്ചക്കാരനാണെന്ന് പോലീസ് പറയുന്നു. ധാർവാർ, ഹുബ്ലി, ഭോപാൽ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിൽ ഈ സംഘം കവർച്ചയ്ക്കിടെ കൊലപാതകവും നടത്തിയിട്ടുണ്ട്. മാണിക് സർക്കാറിന് വാതിലുകളും ജനലുകളും തകർക്കുന്നതിൽ പ്രത്യേക കഴിവുണ്ട്. എതിർത്തുനിൽക്കുന്ന ഇരയെ നിഷ്കരുണം കൊല്ലാൻ മടിക്കാത്തയാളാണ് ഇല്യാസ്. 2018 ജനുവരി 22-ന് ഹുബ്ലി അശോക്നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ റിട്ട. ബാങ്കുദ്യോഗസ്ഥന്റെ വീട്ടിൽ കയറി വീട്ടുടമയെ കൊലപ്പെടുത്തി കൊള്ളയടിച്ചത് ഇല്യാസ് ഷിക്കാരിയുടെ നേതൃത്വത്തിലാണെന്ന് പോലീസ് കണ്ടെത്തി. ഹുബ്ലിയിലേതിന് സമാനമായ രീതിയിലാണ് കണ്ണൂരിലും കവർച്ചനടന്നത്. ഇത് പ്രതികളെ തിരിച്ചറിയാൻ സഹായകമായി. ഇല്യാസ് കൂടിയായതോടെ കേസിൽ നാലുപേർ അറസ്റ്റിലായി. ഇതിൽ ആദ്യം പിടിയിലായ മുഹമ്മദ് ഹിലാലിന് ജാമ്യം ലഭിച്ചു. കുറ്റപത്രം സമർപ്പിച്ചെങ്കിലും ഇയാൾക്ക് ജാമ്യം ലഭിച്ചത് പോലീസിന് കനത്ത തിരിച്ചടിയായി. ഇനി മുഹമ്മദ് ഹിലാലിനെ കണ്ടെത്താൻ കഴിയുമോയെന്ന സംശയത്തിലാണ് പോലീസ്. അലംകീർ എന്ന മറ്റൊരു പ്രതി ഇപ്പോൾ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. Content Highlights:Bangladeshi gangster thief arrested in Kolkata

from mathrubhumi.latestnews.rssfeed https://ift.tt/31cgjih
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍