ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മയക്കു മരുന്നുമായി യുവാവ് അറസ്റ്റിൽ

കരുനാഗപ്പള്ളി : പുതുതലമുറ മയക്കുമരുന്നുമായി യുവാവിനെ കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി അരമത്തുമഠം വൃന്ദാവനത്തിൽ വാടകയ്ക്കു താമസിക്കുന്ന ശാസ്താംകോട്ട സ്വദേശിയായ മനീഷ് (21) ആണ് അറസ്റ്റിലായത്. പുതിയ തലമുറ മയക്കുമരുന്നായ എം.ഡി.എം.എ.(മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ)യും കഞ്ചാവുമാണ് പ്രതിയുടെ കൈവശമുണ്ടായിരുന്നത്. വിപണിയിൽ വലിയ വിലയുള്ളതാണ് എം.ഡി.എം.എ. ബാഗിൽ ഒളിപ്പിച്ചനിലയിൽ രണ്ടു ഗ്രാം എം.ഡി.എം.എ.യാണ് ഇയാളുടെ പക്കലുണ്ടായിരുന്നത്. ബെംഗളൂരുവിൽനിന്നാണ് കൊണ്ടുവന്നത്. മനീഷിന്റെ കൂട്ടാളികളെക്കുറിച്ച് വിവരം ലഭിച്ചതായും പോലീസ് അറിയിച്ചു. കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ടി.നാരായണന്റെ നിർദേശപ്രകാരം ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. ജില്ലയിലെ ചില സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പുതിയ തലമുറ മയക്കുമരുന്നുകളുടെ ഉപയോഗം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് അന്വേഷണം ശക്തമാക്കിയത്. സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി. നസീർ എം.എ., ഡി.സി.ആർ.ബി. എ.സി.പി. അനിൽകുമാർ എം., കരുനാഗപ്പള്ളി എ.സി.പി. എസ്.വിദ്യാധരൻ, സി.ഐ. മഞ്ജുലാൽ, എസ്.ഐ.മാരായ ജയകുമാർ, അലക്സാണ്ടർ ജോഷി, ജില്ലാ ആന്റി നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് അംഗങ്ങളായ ബൈജു പി.ജെറോം, സജു, സീനു, മനു, രിപു, രതീഷ് എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ജീവനെടുക്കും എം.ഡി.എം.എ. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന ലഹരിമരുന്നാണ് മെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻ (എം.ഡി.എം.എ.). ഇത് സ്ഥിരമായി ഉപയോഗിക്കുന്നത് മരണത്തിനുവരെ കാരണമാകാം. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്ന ഈ ലഹരിവസ്തു മോളി, എക്സ്, എക്സ്റ്റസി എന്നിങ്ങനെയും അറിയപ്പെടുന്നു. കൂടുതൽനേരം ലഹരി നിൽക്കുന്നു എന്നതാണ് ഇതിന്റെ ഉപയോഗം വർധിക്കാൻ കാരണം. ഹൃദ്രോഗം, ഓർമക്കുറവ്, വിഷാദരോഗം, പരിഭ്രാന്തി, മനോനില തകരാറിലാകൽ, കാഴ്ചക്കുറവ് എന്നിവയ്ക്കെല്ലാം ഇതിന്റെ ഉപയോഗം കാരണമാകും. Content Highlights:man arrested with MDMA, ecstasy drug, karunagappally Kerala

from mathrubhumi.latestnews.rssfeed https://ift.tt/2Sh5mbx
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍