പെരിന്തൽമണ്ണ: കൊറോണ വൈറസ് പ്രത്യക്ഷപ്പെട്ട ചൈനയിലെ വുഹാനിൽ കുടുങ്ങിയ പെരിന്തൽമണ്ണ സ്വദേശിയുൾപ്പെടെയുള്ള 31വിദ്യാർഥികൾ സുരക്ഷിതർ. ഇവരോട് നാട്ടിലേക്ക് മടങ്ങാൻ തയ്യാറായിരിക്കാൻ ഇന്ത്യൻ എംബസി ഇ-മെയിലിൽ അറിയിച്ചതായി പെരിന്തൽമണ്ണ സ്വദേശി അക്ഷയ്പ്രകാശ് (23) പറഞ്ഞു. പെരിന്തൽമണ്ണ വെള്ളക്കോട്ടിൽ പ്രകാശിന്റെ മകനായ അക്ഷയ് വ്യാഴാഴ്ച വൈകീട്ട് പിതാവുമായി വീഡിയോകോളിൽ ബന്ധപ്പെട്ടാണ് വിവരം അറിയിച്ചത്. വുഹാനിലും പരിസരങ്ങളിലുമുള്ള ഇന്ത്യക്കാരോട് മടങ്ങാൻ തയ്യാറായിരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ച വൈകീട്ട് ആദ്യവിമാനത്തിൽ ഇവരെ ഉൾപ്പെടുത്തുമെന്ന പ്രതീക്ഷയാണ് അക്ഷയ് പങ്കുവെക്കുന്നത്. അതേസമയം വിമാനം എപ്പോൾ എത്തുമെന്നോ ഇന്ത്യയിൽ എവിടേക്കാണ് എത്തിക്കുകയെന്നോ തുടങ്ങിയ വിവരങ്ങൾ വ്യക്തമായിട്ടില്ല. ഇന്ത്യൻ എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ട്. വിമാനത്താവളത്തിൽ എത്തിച്ചാൽ വൈദ്യപരിശോധന നടത്തുന്നതിനും ഏതെങ്കിലും തരത്തിലുള്ള അസുഖമുണ്ടെങ്കിൽ ചികിത്സയ്ക്ക് വിധേയമാകാൻ സന്നദ്ധത അറിയിച്ചുമുള്ള സമ്മതപത്രം എംബസി അധികൃതർക്ക് നൽകിയിട്ടുണ്ട്. ഇവിടെയുള്ള അമേരിക്കൻ വിദ്യാർഥികളെ കഴിഞ്ഞദിവസം യു.എസ്.എംബസി അധികൃതർ രക്ഷപ്പെടുത്തിയതായും അക്ഷയ് പറഞ്ഞു. പത്ത് ദിവസത്തിലേറെയായി കണ്ണിന്റെ ഭാഗമൊഴികെ മൂടിക്കെട്ടിയാണ് കാമ്പസിനുള്ളിൽത്തന്നെ കഴിയുന്നത്. രോഗബാധയുടെ ഉറവിടത്തിൽനിന്ന് 20 കിലോമീറ്റർ മാറിയാണ് കോളേജ് കാമ്പസ്. മൂന്നുകിലോമീറ്ററോളം ചുറ്റളവിലുള്ള കാമ്പസിലേക്ക് പുറത്തുനിന്ന് ആരെയും കടത്തിവിടുന്നില്ല. അകത്തുനിന്ന് കുട്ടികളാരും പുറത്തേക്ക് പോകുന്നുമില്ല. അവധിയായതിനാൽ കുറെ വിദ്യാർഥികൾ കാമ്പസിൽനിന്ന് നേരത്തെ മടങ്ങിയിരുന്നു. വുഹാൻ സിറ്റിയിലെ ഹുബെയ് യൂണിവേഴ്സിറ്റി ഓഫ് ചൈനീസ് മെഡിസിൻ കാമ്പസിലെ നാലാംവർഷ മെഡിക്കൽ വിദ്യാർഥിയാണ് അക്ഷയ്. മൂന്നുവർഷം ഫിലിപ്പീൻസിലായിരുന്ന അക്ഷയ് എട്ടുമാസം മുൻപാണ് ചൈനയിലെത്തിയത്. Content Highlights:coronavirus outbreak: Malayalis in China safe
from mathrubhumi.latestnews.rssfeed https://ift.tt/2RH6ndL
via IFTTT
0 അഭിപ്രായങ്ങള്‍