ഗവര്‍ണര്‍ക്ക് വാശിയെന്ന് സര്‍ക്കാര്‍ വിലയിരുത്തല്‍

തിരുവനന്തപുരം: ബുധനാഴ്ചത്തെ നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ എന്തുസമീപനം സ്വീകരിക്കുമെന്ന കാര്യത്തിൽ സർക്കാരിന് വ്യക്തതയില്ല. വിയോജിപ്പുള്ള ഭാഗം വായിക്കാതെ വിടാം. അല്ലെങ്കിൽ തന്റേതായ അഭിപ്രായം പ്രകടിപ്പിക്കാം. രണ്ടായാലും മന്ത്രിസഭ അംഗീകരിച്ച പ്രസംഗമേ രേഖയിൽ വരൂ. ഗവർണർ നയപ്രഖ്യാപനത്തിനിടെ സ്വന്തം അഭിപ്രായപ്രകടനം നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണ്. പ്രശ്നത്തിൽ ഗവർണർ വാശിയോടെ നിരന്തരമായ പോരാട്ടം നടത്തുന്നെന്നാണ് സർക്കാർ വിലയിരുത്തൽ. ബുധനാഴ്ചയുണ്ടാകാൻ ഇടയുള്ള പലസാഹചര്യങ്ങളും സർക്കാർ വിലയിരുത്തുന്നുണ്ട്. പ്രതിപക്ഷം കടുത്ത പ്രതിഷേധമുയർത്തിയാൽ നയപ്രഖ്യാപനം പൂർണമാക്കാനാവാതെ വരുമോ എന്ന സംശയവുമുണ്ട്. തടസ്സങ്ങളുണ്ടായാലും ഗവർണർ സഭയിലെത്തി അഭിസംബോധന ചെയ്താൽത്തന്നെ നയപ്രഖ്യാപനം നടത്തിയതായി കണക്കാക്കേണ്ടിവരും. ഗവർണർ പോരാട്ടം തുടരുന്നതിനാൽ അദ്ദേഹത്തെ പിൻവലിക്കണമെന്ന പ്രതിപക്ഷപ്രമേയത്തിൽ സ്വീകരിക്കേണ്ട സമീപനത്തിലും സർക്കാരിന് പുനർവിചിന്തനം ഉണ്ടായേക്കാം. പ്രമേയം സഭയിൽ വരുന്നത് ആദ്യമേ ഒഴിവാക്കുന്നതിനുപകരം അതിന് അവതരണാനുമതി നൽകിയേക്കുമെന്ന് സർക്കാർ വൃത്തങ്ങൾ സൂചിപ്പിച്ചു. പ്രമേയം സഭ പരിഗണിച്ചാൽ ഗവർണർക്കെതിരേയുള്ള പ്രതിഷേധത്തിന് വേദിയാവും. എന്നാൽ ഗവർണറെ പിൻവലിക്കണമെന്ന് ആവശ്യപ്പെടാൻ സർക്കാരോ ഭരണമുന്നണിയോ തീരുമാനിച്ചിട്ടില്ല. അങ്ങനെയൊരു നീക്കത്തിന് ഇപ്പോൾ സർക്കാരിന് താത്പര്യവുമില്ല. അതിനാൽ പ്രതിപക്ഷത്തിന്റെ പ്രമേയത്തിന് അനുകൂലമായി ഭരണപക്ഷം വോട്ടുചെയ്യില്ല. മുഖ്യമന്ത്രിയുടെ വാദം 1) ഭരണഘടനയുടെ അനുച്ഛേദം 176 (1) അനുസരിച്ച് എല്ലാവർഷവും സഭയുടെ ആദ്യ സമ്മേളനത്തിന്റെ ആദ്യദിവസം സർക്കാരിന്റെ നയങ്ങളും പരിപാടികളും സഭാംഗങ്ങളെ അറിയിക്കണമെന്നത് ഗവർണറുടെ ചുമതലയാണെന്ന് യൂണിയൻ ഓഫ് ഇന്ത്യയും ബസവയ്യ ചൗധരിയും തമ്മിലുള്ള കേസിൽ സുപ്രീംകോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ വായിക്കേണ്ടത് നയപ്രഖ്യാപന രേഖയാണ്. 2) പൗരത്വനിയമ ഭേദഗതി സംസ്ഥാനവിഷയമായ കേരളത്തിന്റെ പൊതുസുരക്ഷിതത്വത്തെ സാരമായി ബാധിക്കുന്നത്. 3) പൗരത്വനിയമത്തെപ്പറ്റി പരാമർശിക്കുന്നത് കോടതിയലക്ഷ്യമല്ല. 4) ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ ഉപദേശമനുസരിച്ച്. അതിനാൽ മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം ഗവർണർ അതേപടി അംഗീകരിക്കണം. ഗവർണറുടെ വാദം 1) കോടതിവിധി ചൂണ്ടിക്കാട്ടിയതിനു നന്ദി. ഇതനുസരിച്ച് നയവും പരിപാടിയും സർക്കാരിന്റെ അഭിപ്രായവും തമ്മിൽ മുഖ്യമന്ത്രിതന്നെ കൂട്ടിക്കുഴയ്ക്കുന്നുവെന്നു വ്യക്തം. നയവും പരിപാടിയും അവതരിപ്പിക്കണമെന്നല്ലാതെ തങ്ങളുടെ പരിധിയിലല്ലാത്ത കാര്യങ്ങളിൽ സംസ്ഥാനസർക്കാരിന്റെ കാഴ്ചപ്പാട് ഗവർണർ അവതരിപ്പിക്കണമെന്ന് ഭരണഘടനയും സുപ്രംകോടതിയും പറഞ്ഞിട്ടില്ല. 2) പൊതുസുരക്ഷിതത്വത്തെ ബാധിക്കുന്ന പ്രശ്നമാണെങ്കിൽ കാര്യനിർവഹണ ചട്ടത്തിന്റെ 34 (2) അനുസരിച്ച് പ്രത്യേകമായി ഗവർണറുടെ ശ്രദ്ധയിൽ കൊണ്ടുവരണം. 3) നിയമസഭാ നടപടിക്രമങ്ങളുടെ 119-ാം ചട്ടപ്രകാരം കോടതിയുടെ പരിഗണനയിലുള്ള വിഷയം സഭ ചർച്ചചെയ്യാൻ പാടില്ല. 4) മന്ത്രിസഭയുടെ പരിധിക്കുപുറത്ത് ഭരണഘടനാപരമായ വിഷയമാണെങ്കിൽ ഗവർണർക്ക് സ്വയംവിവേചനപരമായ തീരുമാനമെടുക്കാം. 163 (2) അനുച്ഛേദവും നബാം റേബിയ, ബമാങ് ഫെലിക്സ് എന്നിവരും അരുണാചൽ പ്രദേശ് ഡെപ്യൂട്ടി സ്പീക്കറും തമ്മിലുള്ള കേസിൽ സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധിയും അതാണ് പറയുന്നത്. Content Highlight: Policy declaration: Kerala govt Vs Kerala governor

from mathrubhumi.latestnews.rssfeed https://ift.tt/36z8i8g
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍