മുംബൈ: രാജ്യത്തെ മൂന്നാമത്തെ സ്വകാര്യ തീവണ്ടി ഇന്ദോർ-വാരാണസി പാതയിൽ ഓടിക്കാൻ റെയിൽവേ തീരുമാനിച്ചു. കഴിഞ്ഞ മാസങ്ങളിൽ പുറത്തിറക്കിയ രണ്ട് സ്വകാര്യ വണ്ടികളും തേജസ് എക്സ്പ്രസുകളായിരുന്നെങ്കിൽ മൂന്നാമത്തെ വണ്ടി ഈ വിഭാഗത്തിൽപെടുന്നതാവില്ലെന്നും റെയിൽവേ ഉന്നതാധികാരികൾ അറിയിച്ചു. ഫെബ്രുവരി അവസാനവാരമോ മാർച്ച് ആദ്യവാരമോ ഇത് ഓടിക്കാനാണ് ശ്രമം. മറ്റുരണ്ട് സ്വകാര്യ തീവണ്ടികളെപ്പോലെ ഇതും ഐ.ആർ.സി.ടി.സി.യുടെ(ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആന്റ് ടൂറിസം കോർപ്പറേഷൻ) കീഴിൽത്തന്നെയായിരിക്കും ഓടിക്കുക. ആദ്യ സ്വകാര്യ വണ്ടി ഡൽഹിയിൽനിന്ന് ലഖ്നൗവിലേക്ക് കഴിഞ്ഞവർഷം ഒക്ടോബറിലും രണ്ടാമത്തെ വണ്ടി കഴിഞ്ഞയാഴ്ച മുംബൈയിൽനിന്ന് അഹമ്മദാബാദിലേക്കുമാണ് ഓടിത്തുടങ്ങിയത്. ഇന്ദോറിൽനിന്ന് വാരാണസിയിലേക്ക് ശരാശരി 20 മണിക്കൂറോളം യാത്രയുണ്ട്. ചില വണ്ടികൾ ഇതിലേറെ സമയമെടുക്കുന്നുണ്ട്. അതിനാൽ, ഇരുന്ന് യാത്രചെയ്യാൻമാത്രം സൗകര്യമുള്ള തേജസ് എക്സ്പ്രസ് ഈ പാതയിൽ ഓടിക്കാൻ കഴിയില്ല. രാത്രിയാത്രയുള്ളതിനാൽ യാത്രക്കാർക്ക് ഉറങ്ങാനുള്ള സൗകര്യം വേണം. അതിനാൽ ഈ പാതയിൽ പൂർണമായി എ.സി. സംവിധാനമുള്ള മറ്റൊരു വണ്ടിയായിരിക്കും ഓടിക്കുകയെന്ന് ഒരു ഉന്നത ഐ.ആർ.സി.ടി.സി. ഉദ്യോഗസ്ഥൻ പറഞ്ഞു. അടുത്ത ശിവരാത്രിദിനത്തിൽ വണ്ടിയുടെ ഉദ്ഘാടനംനടത്താനായിരുന്നു ആദ്യതീരുമാനം. എന്നാൽ, ചിലകാര്യങ്ങളിൽ വ്യക്തതവരുത്തേണ്ടതുള്ളതിനാൽ ഉദ്ഘാടനം നീളാൻ സാധ്യതയുണ്ട്. രണ്ടുപാതകളിൽ സ്വകാര്യവണ്ടി ഓടിക്കുമെന്നാണ് റെയിൽവേ ആദ്യം പ്രഖ്യാപിച്ചത്. പിന്നീട് കൂടുതൽ പാതകൾ കണ്ടെത്തി വിവിധ റെയിൽവേ ഡിവിഷനുകളോട് ഇവയുടെ സാധ്യതാപഠനം നടത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതിൽ ഒന്നാണ് ഇന്ദോർ-വാരാണസി പാത. Content Highlights:Private train Indore - Varanasi
from mathrubhumi.latestnews.rssfeed https://ift.tt/38NGmyY
via IFTTT
0 അഭിപ്രായങ്ങള്‍