ആളൂരിലെ എ.ടി.എം. മോഷണശ്രമം: ഒരാൾ അറസ്റ്റിൽ ആളൂർ: കുഴിക്കാട്ടുശേരിയിലെ എ.ടി.എം. മെഷീൻ കുത്തിപ്പൊളിച്ച് മോഷണം നടത്താൻ ശ്രമിച്ച പ്രതികളിൽ ഒരാളെ പ്രത്യേക അന്വേഷണസംഘം പിടികൂടി. വരന്തരപ്പിള്ളി ആശാരിപ്പാറ സ്വദേശി തെക്കേയിൽ വീട്ടിൽ ഷിജോ (25) ആണ് അറസ്റ്റിലായത്. 2019 നവംബറിൽ മറിയംത്രേസ്യ ആശുപത്രിക്കു സമീപത്തെ സ്റ്റേറ്റ് ബാങ്കിൻറെ എ.ടി.എം. കൗണ്ടറിലാണ് മോഷണശ്രമമുണ്ടായത്. മെഷീൻറെ മുൻവശത്തെ ഇരുമ്പ് കാബിനറ്റ് കുത്തിപ്പൊളിച്ച് പണമടങ്ങിയ ട്രേ തുറക്കാൻ ശ്രമിച്ചപ്പോൾ അലാറം മുഴങ്ങിയതോടെ മോഷ്ടാവ് ഇറങ്ങി ഓടുന്നത് സി.സി.ടി.വി. ദൃശ്യങ്ങളിൽ പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ ആളെ തിരിച്ചറിയാനായില്ല. ചാലക്കുടി ഡിവൈ.എസ്.പി. സി.ആർ. സന്തോഷിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപവത്കരിച്ചായിരുന്നു അന്വേഷണം. കവർച്ചയ്ക്കായി ഇയാളോടൊപ്പമുണ്ടായിരുന്നയാളെ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. പിതാവിനെ ജാമ്യത്തിലിറക്കാൻ കവർച്ചക്കിറങ്ങി പിടിയിലായ ഷിജോ നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ്. സുൽത്താൻബത്തേരിയിൽ കഞ്ചാവ് കേസിൽ അറസ്റ്റിലായ ഷിജോയുടെ പിതാവിനെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് എ.ടി.എം. കവർച്ചയ്ക്ക് ഒരുങ്ങിയതെന്ന് പ്രതി പറഞ്ഞെന്നും പോലീസ് അറിയിച്ചു. സമീപപ്രദേശങ്ങളിലെ ആറ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ എ.ടി.എം. കൗണ്ടറുള്ള ഭാഗത്തേയ്ക്ക് ആ സമയം രണ്ടുപേർ ബൈക്കിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചു. തുടർന്ന് എ.ടി.എം. കവർച്ചക്കേസുകളിൽ പിടിയിലായ കുറ്റവാളികളെ ചുറ്റിപ്പറ്റിയായി അന്വേഷണം. ഇത് വിജയിക്കാതായതോടെ തൃശ്ശൂർ, എറണാകുളം, പാലക്കാട് ജില്ലകളിലെ ക്രിമിനലുകളെപ്പറ്റി അന്വേഷണമാരംഭിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ഷിജോയുടെ ഭാര്യവീട് സമീപപ്രദേശത്താണെന്ന് പോലീസിന് വിവരം ലഭിച്ചു. ഷിജോയിൽ കേന്ദ്രീകരിച്ച് അന്വേഷണം തുടർന്നപ്പോൾ, സംഭവം നടന്ന ദിവസം ഇയാൾ ഈ ഭാഗത്തുണ്ടായിരുന്നതായും പിന്നീട് വയനാട്ടിലേക്ക് കടന്നതായും അറിഞ്ഞു. പുൽപ്പള്ളിയിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ മൈസൂരിലേക്ക് പോയതായി വ്യക്തമായി. അന്വേഷണസംഘം മൈസൂരിലെത്തിയപ്പോൾ ഷിജോ അവിടെനിന്ന് മുങ്ങി. പിന്നീട് ഷിജോയുമായി ബന്ധമുള്ളവരെയെല്ലാം രഹസ്യമായി നിരീക്ഷിച്ചപ്പോൾ നെല്ലായിക്കടുത്ത് പന്തല്ലൂരിൽ ജാതിത്തോട്ടത്തിനു നടുവിലെ ഒറ്റപ്പെട്ട വീട്ടിലുണ്ടെന്നറിഞ്ഞ് കഴിഞ്ഞദിവസം പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതിയെ ആളൂരിലെ എ.ടി.എം. കൗണ്ടറിൽ എത്തിച്ച് തെളിവെടുത്തു. ആളൂർ എസ്.ഐ. കെ.എസ്. സുശാന്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ, സതീശൻ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ആളൂർ സ്റ്റേഷനിലെ അഡീഷണൽ എസ്.ഐ.മാരായ എം.സി. രവി, സത്യൻ, സീനിയർ സി.പി.ഒ. എം.ജി..വിനോദ്കുമാർ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ ചാലക്കുടി കോടതി റിമാൻഡ് ചെയ്തു. കവർച്ചയ്ക്കായി ഇയാളോടൊപ്പമുണ്ടായിരുന്നയാളെ അന്വേഷിച്ചുവരികയാണെന്ന് പോലീസ് പറഞ്ഞു. Content Highlights:ATM Theft attempt,Kerala, Aloor, Thrissur
from mathrubhumi.latestnews.rssfeed https://ift.tt/2vwPhq9
via IFTTT
0 അഭിപ്രായങ്ങള്‍