വസ്തു തര്‍ക്കക്കേസ് ചുരുളഴിച്ച കൊലപാതക പരമ്പര; കൂടത്തായി കേസില്‍ ആദ്യകുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍

കോഴിക്കോട്: സിനിമാക്കഥ പോലെയായിരുന്നു കേൾക്കുന്നവർക്കെല്ലാം കൂടത്തായി കേസ്. വ്യാജ ഒസ്യത്തുണ്ടാക്കി സ്വത്ത് തട്ടിയെടുക്കാൻ ശ്രമിച്ച കേസ് കേരളം ഞെട്ടിയ ഒരു കൊലപാതക പരമ്പരയിലേക്ക് വാതിൽ തുറന്നത് മൂന്നുമാസം മുമ്പാണ്. വല നെയ്തെടുത്തതു പോലെ കൃത്യമായി ആസൂത്രണം ചെയ്ത് ഒരു സ്ത്രീ നടപ്പാക്കിയ ആറ് കൊലകൾ. ബിബിസി പോലുള്ള ലോക മാധ്യമങ്ങൾ പോലും പ്രധാന വാർത്തയാക്കിയ സംഭവം. ഇതിൽ ആദ്യം രജിസ്റ്റർ ചെയ്ത റോയ് തോമസ് വധക്കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ പൂർണ ആത്മവിശ്വാസത്തിലാണ് കേരള പോലീസിന്റെ അന്വേഷണ ഉദ്യാഗസ്ഥർ. കാരണം ആറ് മരണങ്ങളിൽ പോസ്റ്റ്മോർട്ടം നടന്ന മരണം റോയി തോമസിന്റേത് മാത്രമായിരുന്നു. സാക്ഷികൾ ഇല്ലാതായ കേസിൽ ഇരുന്നൂറോളം പേരുടെ സാക്ഷി മൊഴികളാണ് അന്വേഷണ സംഘം ശേഖരിച്ചത്. ഒപ്പം ശാസ്ത്രീയ തെളിവുകളും കേസിന് ബലം നൽകി. റോയിയുടെ ഭാര്യ ജോളി ഉൾപ്പെടെ നാല് പ്രതികളാണ് കേസിലുള്ളത്. റോയ് തോമസിന് ഭക്ഷണത്തിൽ സയനൈഡ് കലർത്തി നൽകിയ ഭാര്യ ജോളിയമ്മ എന്ന ജോളി (47), അവർക്ക് സയനൈഡ് എത്തിച്ചുനൽകിയ ജൂവലറി ജീവനക്കാരൻ കക്കാട് കക്കവയൽ മഞ്ചാടിയിൽ എം.എസ്. മാത്യു (44), മാത്യുവിന് സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ താമരശ്ശേരി തച്ചംപൊയിലിലെ മുള്ളമ്പലത്തിൽ പ്രജികുമാർ (48), വ്യാജ ഒസ്യത്തുണ്ടാക്കാൻ ജോളിയെ സഹായിച്ച സി.പി.എം. മുൻ കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ. മനോജ്. ഇവർ നാലുപേരും അറസ്റ്റിലായി. ഇരുനൂറിനു മുകളിൽ സാക്ഷികളും മുന്നൂറോളം രേഖകളും തെളിവായി ഹാജരാക്കി. ജോളി നേരത്തേ ഉപയോഗിച്ച് ബാക്കിവെച്ച സയനൈഡിന്റെ അംശവും ഈ കേസിലെ പ്രധാന തെളിവാണ്. (കേസിന്റെ നാൾവഴി) ഫോട്ടോ: സാജൻ വി നമ്പ്യാർ. 2011 ൽ കോടഞ്ചേരി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 189/2011 ആയി രജിസ്റ്റർ ചെയ്ത കേസായിരുന്നു പൊന്നാമറ്റത്തെ റോയി തോമസിന്റെ അസ്വാഭാവിക മരണം. ആ വർഷം ഡിസംബർ മാസം ഇത് സംബന്ധിച്ച് പോലീസ് റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും കൊലപാതക സാധ്യത കണ്ടതോടെ വീണ്ടും അന്വേഷിക്കുകയായിരുന്നു. ഇതിനിടെ റോയിയുടെ സഹോദരങ്ങൾ നൽകിയ വ്യാജ ഒസ്യത്ത് കേസിന്റെ അന്വേഷണം കൊലപാതക പരമ്പരയിലേക്കും വഴിവെച്ചു. റൂറൽ എസ്പി കെ.ജി സൈമണിന്റെ നേതൃത്വത്തിൽ ആദ്യം സ്പെഷ്യൽ ബ്രാഞ്ചും പിന്നീട് രൂപവത്കരിച്ച പ്രത്യേക സംഘവും നടത്തിയ അന്വേഷണം കേരള പോലീസിന് തന്നെ ഒരു പാഠപുസ്തകമായി മാറി. ഒടുവിൽ റോയി കേസിൽ ജോളി അറസ്റ്റിലായത് ഒക്ടോബർ അഞ്ചിനാണ്. റോയ് തോമസിന്റെ പിതാവ് ടോം തോമസിന്റെ പേരിൽ ജോളി തയ്യാറാക്കിയ ഒസ്യത്തിലാണ് സാക്ഷിയായി മനോജ് ഒപ്പിട്ടിരുന്നത്. സാക്ഷിയായ മറ്റൊരാളുടെ ഒപ്പും മനോജ് തന്നെയാണ് ഇട്ടതെന്ന് വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ച മൊഴിയും പോലീസിന് കിട്ടി. വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ്, എൻ.ഐ.ടി. പ്രൊഫസറാണെന്ന വ്യാജ തിരിച്ചറിയൽ കാർഡ് എന്നിവയും ജോളിയുടെ സ്വഭാവം വ്യക്തമാക്കുന്ന തെളിവുകളാണ്. റോയിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും കെമിക്കൽ അനാലിസിസിലും മരിച്ചത് സയനൈഡ് ഉള്ളിൽച്ചെന്നാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പഴയ കുപ്പിയിൽ സൂക്ഷിച്ച സയനൈഡ് പൊന്നാമറ്റം വീട്ടിൽനിന്ന് ജോളിയാണ് പോലീസിന് എടുത്തുകൊടുത്തത്. ഇത് സയനൈഡാണെന്ന് ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞതും കേസിന് ബലമേറി. Content Highlights:Charge sheet filed in Koodathai murder case

from mathrubhumi.latestnews.rssfeed https://ift.tt/2F9Q4iD
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍