കൂടത്തായി റോയി തോമസ് വധക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 1800 പേജുകള്‍, 246 സാക്ഷികള്‍

വടകര: കൂടത്തായി റോയി തോമസ് വധക്കേസിൽ ജോളി ഉൾപ്പെടെയുള്ള പ്രതികൾക്കെതിരായ കുറ്റപത്രം സമർപ്പിച്ചു. 1800 പേജുള്ള കുറ്റപത്രമാണ് താമരശ്ശേരി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. കൊലക്കുറ്റവും ഗൂഢാലോചന കുറ്റവും അടക്കം ആറ് കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ 246 സാക്ഷികളാണുള്ളത്. അന്വേഷണ സംഘത്തിന്റെ തലവൻ എസ് പി കെജി സൈമൺ വടകരയിൽ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. റോയ് തോമസിന് ഭക്ഷണത്തിൽ സയനൈഡ് കലർത്തിനൽകി കൊലപ്പെടുത്തിയ കേസിൽ റോയിയുടെ ഭാര്യ ജോളിയമ്മ എന്ന ജോളി (47) മുഖ്യപ്രതി. ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയ ജൂവലറി ജീവനക്കാരൻ കക്കാട് കക്കവയൽ മഞ്ചാടിയിൽ എം.എസ്. മാത്യു (44), മാത്യുവിന് സയനൈഡ് നൽകിയ സ്വർണപ്പണിക്കാരൻ താമരശ്ശേരി തച്ചംപൊയിലിൽ മുള്ളമ്പലത്തിൽ പ്രജികുമാർ (48), വ്യാജ ഒസ്യത്തുണ്ടാക്കാൻ ജോളിയെ സഹായിച്ച സി.പി.എം. മുൻ കട്ടാങ്ങൽ ലോക്കൽ സെക്രട്ടറി കെ. മനോജ് എന്നിവരാണ് യഥാക്രമം രണ്ടുമുതൽ നാലുവരെ പ്രതികൾ. റോയി വധക്കേസിൽ ഡിഎൻഎ ടെസ്റ്റ് അനിവാര്യമല്ലെന്ന് എസ് പി കെജി സൈമൺ പറഞ്ഞു. കേസിൽ വ്യാജ ഒസ്യത്ത് നിർണായക തെളിവാണ്. ജോളി സയനൈഡ് കൈവശം വെച്ചതിനും തെളിവുണ്ട്. കടലക്കറിയിലും വെള്ളത്തിലുമാണ് ജോളി സയനൈഡ് കലർത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. രാസപരിശോധനാ റിപ്പോർട്ട് ഉൾപ്പെടുത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ജോളിയുടെ രണ്ടാം ഭർത്താവ് ഷാജുവിന് റോയ് തോമസ് കൊലപാതകത്തിൽ പങ്കില്ലെന്നും കെജി സൈമൺ പറഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബർ അഞ്ചിനാണ് റോയ് തോമസ് വധക്കേസിൽ ഭാര്യ ജോളിയെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. റോയ് തോമസ് സയനൈഡ് ഉള്ളിൽചെന്നാണ് മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽനിന്ന് വ്യക്തമായിരുന്നു. ആറു ദുർമരണങ്ങളിൽ റോയ് തോമസിന്റെ കേസിൽ മാത്രമാണ് മൃതദേഹപരിശോധന നടന്നത്. കോഴിക്കോട് റൂറൽ എസ്.പി. കെ.ജി. സൈമണിന്റെ മേൽനോട്ടത്തിൽ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ആർ. ഹരിദാസന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് കേസിൽ അന്വേഷണം നടത്തിയത്. Content Highlights:Koodathai murders-Kerala policefiles first chargesheet against jolly and other accused

from mathrubhumi.latestnews.rssfeed https://ift.tt/35eW30b
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍