മാന്യൻമാരുടെ കളിയെന്നാണ് ക്രിക്കറ്റിനുള്ള വിശേഷണം. എന്നാൽ പോയ വർഷം പലപ്പോഴും ക്രിക്കറ്റ് മൈതാനങ്ങൾ വിവാദത്തിന്റെ നിഴലിലായിരുന്നു. നിരവധി റെക്കോഡുകൾക്കും അവിസ്മരണീയമായ ബാറ്റിങ് - ബൗളിങ് പ്രകടനങ്ങൾക്കും ക്രിക്കറ്റ് മൈതാനങ്ങൾ സാക്ഷിയായ വർഷമായിരുന്നു 2019. ലോകകപ്പും ഐ.പി.എല്ലും കാണികൾക്ക് വിരുന്നായപ്പോൾ ഏതാനും ചില സംഭവങ്ങൾ അവയുടെ നിറംകെടുത്തുകയും ചെയ്തു. 2019-ന് അവസാനമാകുമ്പോൾ ക്രിക്കറ്റ് ലോകത്ത് ചർച്ചയായ ഏതാനും വിവാദങ്ങൾ ഇവയാണ്. 1. വിവാദമായ ലോകകപ്പ് ഫൈനൽ 2019 ജൂലായ് 14-ന് ഇംഗ്ലണ്ടും ന്യൂസീലൻഡും ഏറ്റുമുട്ടിയ ലോകകപ്പ് ഫൈനൽ തന്നെ വിവാദം നിറഞ്ഞതായിരുന്നു. ക്രിക്കറ്റിലെ നിയമങ്ങളുടെ അപാകത ചൂണ്ടിക്കാട്ടുന്നതായിരുന്നു ഈ മത്സരം. കിവീസിനെ മറികടന്ന് ഇംഗ്ലണ്ട് കിരീടം സ്വന്തമാക്കിയെങ്കിലും ആര് ആരെ തോൽപ്പിച്ചു എന്ന കാര്യത്തിൽ പിന്നീടങ്ങോട്ട് സംശയങ്ങളും വിവാദങ്ങളുമായിരുന്നു. നിശ്ചിത ഓവറിൽ മത്സരം ടൈ ആയതോടെ സൂപ്പർ ഓവറിലാണ് വിജയികളെ നിശ്ചയിച്ചത്. എന്നാൽ സൂപ്പർ ഓവറിലും സ്കോർ തുല്യമായതോടെ മത്സരത്തിൽ ഏറ്റവും കൂടുതൽ ബൗണ്ടറി നേടിയതിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് കിരീടം നേടുകയായിരുന്നു. അതേസമയം മത്സരത്തിന്റെ അവസാന ഓവറിൽ മാർട്ടിൻ ഗുപ്റ്റിലിന്റെ ഓവർ ത്രോയിൽ ഇംഗ്ലണ്ടിന് ആറ് റൺസ് അനുവദിച്ച സംഭവവും വിവാദമായി. ഗുപ്റ്റിൽ ബൗണ്ടറി ലൈനിന് അരികിൽ നിന്ന് എറിഞ്ഞ പന്ത് ബെൻ സ്റ്റോക്ക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറി ലൈൻ കടക്കുകയായിരുന്നു. ഇതോടെ ആ പന്തിൽ ഇംഗ്ലണ്ടിന് ആറു റൺസ് ലഭിച്ചു. എന്നാൽ ഐ.സി.സിയുടെ നിയമപ്രകാരം ഇംഗ്ലണ്ടിന് ലഭിക്കേണ്ടിയിരുന്നത് അഞ്ചു റൺസായിരുന്നു. സൂപ്പർ ഓവറിലെ വിവാദ തീരുമാനത്തിൽ ഇഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിച്ചതോടെ ഈ ഓവർത്രോയും വിവാദമായി. ന്യൂസീലൻഡിനേക്കാൾ ഒരു റൺ പോലും ഇംഗ്ലണ്ട് അധികം നേടിയിട്ടില്ല. കൂടുതൽ വിക്കറ്റുകൾ നഷ്ടമായതും ഇംഗ്ലണ്ടിനായിരുന്നു. ഇംഗ്ലണ്ട് ആകെ 26 ബൗണ്ടറികൾ നേടിയപ്പോൾ ന്യൂസീലൻഡിന്റെ പേരിലുണ്ടായിരുന്നത് 17 ബൗണ്ടറികളായിരുന്നു. മുൻ താരങ്ങളടക്കം പലരും ഈ തീരുമാനത്തിനെതിരേ രംഗത്തെത്തുകയും ചെയ്തു. എന്നാൽ വിവാദം ഇവിടം കൊണ്ടും അവസാനിച്ചില്ല. ഈ സംഭവത്തിന് ശേഷം ഏതാനും മാസങ്ങൾ പിന്നിട്ടപ്പോൾ ഓവർത്രോയിലെ എക്സ്ട്രാ റൺസ് നൽകുന്ന നിയമവും, ബൗണ്ടറികളുടെ അടിസ്ഥാനത്തിൽ വിജയിയെ നിർണയിക്കുന്ന നിയമവും എം.സി.സി പുനഃപരിശോധനയ്ക്ക് വിധേയമാക്കി. 2. നാക്കു പിഴച്ച് പണിവാങ്ങിയ പാണ്ഡ്യയും രാഹുലും കരൺ ജോഹർ അവതാരകനായ കോഫി വിത്ത് കരൺ എന്ന പരിപാടിയിൽ ഇന്ത്യൻ താരങ്ങളായ ഹാർദിക് പാണ്ഡ്യയും കെ.എൽ രാഹുലും പങ്കെടുത്തിരുന്നു. എന്നാൽ പരിപാടിക്കിടെ സംസാരം മുറുകിയപ്പോൾ വ്യക്തിജീവിതത്തെ കുറിച്ചുള്ള ഇരുവരുടെയും തുറന്നുപറച്ചിലുകൾ കേട്ട് ക്രിക്കറ്റ് ലോകം മാത്രമല്ല ഇന്ത്യ ഒന്നാകെ ഞെട്ടി. തങ്ങളുടെ ലൈംഗിക ജീവിതത്തെ കുറിച്ചായിരുന്നു ഇരുവരുടെയും തുറന്നുപറച്ചിലുകൾ. തനിക്ക് നിരവധി സ്ത്രീകളുമായി ലൈംഗിക ബന്ധമുണ്ടെന്ന് ഷോയിൽ ഹാർദിക് തുറന്നു സമ്മതിച്ചു. തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും അച്ഛനും അമ്മയും ചോദിക്കാറില്ലെന്നും അങ്ങനെയുളള കാര്യങ്ങളിൽ യാതൊരു തരത്തിലുളള ഇടപെടലുകളും നടത്താറില്ലെന്നും ഹാർദിക് പറഞ്ഞിരുന്നു. തനിക്ക് 18 വയസുള്ളപ്പോൾ മുറിയിൽ നിന്ന് അമ്മ കോണ്ടം കണ്ടെത്തിയ സംഭവമായിരുന്നു രാഹുൽ തുറന്നു പറഞ്ഞത്. ഷോയിൽ പങ്കെടുത്ത് ഇരുവരും നടത്തിയ സ്ത്രീവിരുദ്ധ പരാമർശങ്ങളും വലിയ വിവാദത്തിന് തിരികൊളുത്തി. ഇരുവർക്കുമെതിരേ സോഷ്യൽ മീഡിയയിലും മറ്റും വ്യാപക പ്രതിഷേധമുയർന്നിരുന്നു. ഇതോടെ ഓസ്ട്രേലിയൻ പര്യടനത്തിന് എത്തിയ ഇരുവർക്കും ബി.സി.സി.ഐ നടപടി കാരണം പോയതിനേക്കാൾ വേഗത്തിൽ നാട്ടിൽ തിരിച്ചെത്തേണ്ടതായി വന്നു. വിലക്കും പിഴയുമായിരുന്നു ഇരുവർക്കും വിധിച്ചത്. 3. സർഫറാസിന്റെ വംശീയ അധിക്ഷേപം പാകിസ്താൻ ക്രിക്കറ്റിന് നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ അൻഡിൽ ഫെഹ്ലുക്വായോക്കെതിരേ നടത്തിയ വംശീയ പരാമർശം. ജനുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരേ നടന്ന ഏകദിന പരമ്പരയിലായിരുന്നു അന്ന് പാക് ക്യാപ്റ്റനായ സർഫറാസ്, ഫെഹ്ലുക്വായോ അപമാനിച്ചത്. ഇതോടെ താരത്തെ ഐ.സി.സി നാലു മത്സരങ്ങളിൽ നിന്ന് വിലക്കുകയും ചെയ്തു. 4. ക്യാപ്റ്റൻ കൂൾ ലൂസസ് ഹിസ് കൂൾ 15 വർഷത്തെ ക്രിക്കറ്റ് കരിയർ ധോനിക്ക് സമ്മാനിച്ച പേരാണ് ക്യാപ്റ്റൻ കൂൾ എന്നത്. കടുത്ത സമ്മർദ ഘട്ടങ്ങളിലും തെല്ലും പതറാതെ നിലകൊള്ളാറുള്ള അതേ ധോനി സകല നിയന്ത്രണവും വിട്ട് പെരുമാറുന്നതിനും 2019 സാക്ഷിയായി. ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലായിരുന്നു ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം.എസ് ധോനി നിലമറന്ന് പെരുമാറിയത്. അമ്പയറുടെ തീരുമാനത്തിൽ പ്രതിഷേധിച്ച ധോനി ഡഗ്ഔട്ടിൽ നിന്ന് പിച്ചിലെത്തി അമ്പയറോട് കയർത്ത് സംസാരിക്കുകയും ചെയ്തു. രാജസ്ഥാനെതിരായ അവസാന ഓവറിലെ നാടകീയ സംഭവങ്ങളാണ് ഇതിലേക്കെല്ലാം നയിച്ചത്. ചെന്നൈക്ക് ജയിക്കാൻ മൂന്ന് പന്തിൽ എട്ടു റൺസ് വേണമെന്ന ഘട്ടം. രവീന്ദ്ര ജഡേജയും സാന്റ്നറും ക്രീസിൽ. സാന്റ്നർക്ക് നേരെ ബെൻ സ്റ്റോക്ക്സ് എറിഞ്ഞ് പന്ത് അരയ്ക്ക് മുകളിൽ ഉയരത്തിലായിരുന്നു. ഇതിന് ആദ്യം നോബോൾ വിളിച്ച അമ്പയർ പിന്നീട് അത് തിരുത്തി. ഇത് ചെന്നൈ താരങ്ങൾക്ക് അംഗീകരിക്കാനാകുമായിരുന്നില്ല. ക്രീസിലുണ്ടായിരുന്ന ജഡേജ അമ്പയറോട് കാര്യം അന്വേഷിച്ചു. ഇതിനടയിൽ ഡഗ്ഔട്ടിൽ നിന്ന് ധോനി ഗ്രൗണ്ടിലേക്ക് ഇറങ്ങുകയായിരുന്നു. ബൗണ്ടറി ലൈനിൽ നിന്ന് തന്നെ അമ്പയറോട് ദേഷ്യം പ്രകടിപ്പിച്ചായിരുന്നു ധോനി വന്നത്. ഇത് എങ്ങനെ സമ്മതിക്കുമെന്നും അത് നോ ബോൾ അല്ലേ എന്നും അമ്പയർ ഉൽഹാസ് ഗാന്ധെയോട് ധോനി ചോദിക്കുന്നുണ്ടായിരുന്നു. ക്രിക്കറ്റ് നിയമം ലംഘിച്ചതിന് ബി.സി.സി.ഐ മാച്ച് ഫീയുടെ 50% ധോനിക്ക് പിഴയായി വിധിക്കുകയും ചെയ്തു. എന്നിരുന്നാലും അവസാന പന്തിൽ സിക്സ് അടിച്ച് സാന്റ്നർ ചെന്നൈയെ ജയിപ്പിക്കുകയും ചെയ്തു. 5. അശ്വിന്റെ ചതി 2019-ൽ ക്രിക്കറ്റ് ലോകം ഏറ്റവും കൂടുതൽ ചർച്ചചെയ്ത കാര്യങ്ങളിലൊന്ന് ഐ.പി.എല്ലിൽ ഇന്ത്യൻ താരം അശ്വിൻ നടത്തിയ മങ്കാദിങ് ആയിരുന്നു. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ ജോസ് ബട്ട്ലറെയാണ് കിങ്സ് ഇലവൻ പഞ്ചാബ് ക്യാപ്റ്റനായ അശ്വിൻ മങ്കാദിങ്ങിലൂടെ പുറത്താക്കിയത്. രാജസ്ഥാന്റെ ഇന്നിങ്സിലെ 13-ാം ഓവറിലായിരുന്നു സംഭവം. 13-ാം ഓവറിന്റെ അഞ്ചാം പന്ത് എറിയാൻ അശ്വിൻ തയാറെടുക്കുമ്പോൾ 12.4 ഓവറിൽ ഒരേയൊരു വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലായിരുന്നു രാജസ്ഥാൻ. 44 പന്തും ഒൻപതു വിക്കറ്റും ബാക്കിനിൽക്കെ അവർക്കു വിജയത്തിലേക്കുണ്ടായിരുന്നത് 77 റൺസിന്റെ ദൂരം മാത്രം. അഞ്ചാം പന്ത് എറിയാനെത്തിയ അശ്വിൻ റണ്ണപ്പിനുശേഷം ആക്ഷനു തുടക്കമിട്ടെങ്കിലും ഇടയ്ക്കുവച്ച് നിർത്തി. ഈ സമയം നോൺ സ്ട്രൈക്കേഴ്സ് എൻഡിലുണ്ടായിരുന്ന ബട്ലർ അശ്വിനെ ശ്രദ്ധിക്കാതെ ക്രീസിലുള്ള സഞ്ജുവിനെ മാത്രം നോക്കി പതുക്കെ ക്രീസിനു പുറത്തേക്കു നീങ്ങിത്തുടങ്ങിയിരുന്നു. ബൗളിങ് ആക്ഷൻ പാതിവഴിക്ക് നിർത്തിയ അശ്വിൻ, ബട്ലർ ക്രീസിനു പുറത്താണെന്ന് ഉറപ്പാക്കി സ്റ്റമ്പിളക്കി. ശേഷം ഔട്ടിന് അപ്പീൽ ചെയ്തു. ബട്ലർ ക്രീസ് വിടാൻ കാത്തുനിന്ന ശേഷമായിരുന്നു അശ്വിന്റെ ഈ സ്റ്റമ്പിങ്ങ്. അശ്വിനുമായി ബട്ലർ ഏറെ നേരം തർക്കിച്ചെങ്കിലും റീപ്ലേയിൽ ബട്ലർ ക്രീസിനു പുറത്തായിരുന്നുവെന്ന് വ്യക്തമായതോടെ അമ്പയർ ഔട്ട് നൽകി. അശ്വിൻ ചെയ്തത് ചതിപ്രയോഗമാണെന്നും സ്പോർട്സ്മാൻ സ്പിര്റ്റിന് നിരക്കാത്തതാണെന്നും തരത്തിൽ വിമർശനങ്ങളുയർന്നു. 6. ഉത്തേജക വിവാദത്തിൽ പൃഥ്വി ഷാ ഇന്ത്യൻ യുവതാരം പൃഥ്വി ഷാ ഉത്തേജക വിവാദത്തിൽ കുടുങ്ങിയത് ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് സ്വീകരിച്ചത്. അരങ്ങേറ്റ ടെസ്റ്റിൽ തന്നെ ഇന്ത്യയ്ക്കായി സെഞ്ചുറി നേടി വരവറിയിച്ച ഷാ പിന്നീട് വാർത്തകളിൽ ഇടംപിടിച്ചത് ഉത്തേജക മരുന്ന് പരിശോധനയിൽ പിടിക്കപ്പെട്ടെന്നാണ്. ഉത്തേജക മരുന്ന് പരിശോധനയിൽ ശരീരത്തിൽ നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് താരത്തെ ബി.സി.സി.ഐ എട്ടു മാസത്തേക്ക് വിലക്കുകയും ചെയ്തു. കഫ് സിറപ്പുകളിൽ സാധാരണയായി കാണപ്പെടുന്ന നിരോധിത വസ്തുവാണ് ഷായ്ക്ക് തിരിച്ചടിയായത്. ഇത് അശ്രദ്ധമായി ഉപയോഗിച്ചതിനെ തുടർന്നാണ് നടപടി. 2019 നവംബർ 15 വരെയായിരുന്നു താരത്തിന്റെ വിലക്ക്. ഫെബ്രുവരി 22-ന് നടന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഷാ നൽകിയ മൂത്രസാമ്പിൾ പരിശോധിച്ചതിലാണ് നിരോധിത വസ്തുവിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. വാഡ നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ടെർബുട്ടാലൈൻ ഘടകമാണ് പരിശോധനയിൽ കണ്ടെത്തിയത്. ചുമയ്ക്കായി മരുന്ന് കഴിച്ചിരുന്നുവെന്നും അബന്ധത്തിൽ സംഭവിച്ചതാണ് ഇക്കാര്യമെന്നുമാണ് ഷാ നൽകിയ വിശദീകരണം. മരുന്നിലെ ഘടകങ്ങൾ ശ്രദ്ധിച്ചിരുന്നില്ലെന്നും ഷാ വ്യക്തമാക്കിയിരുന്നു. 2018-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ അണ്ടർ 19 ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു പൃഥ്വി ഷാ. 2018 ഒക്ടോബറിലാണ് താരം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ സെഞ്ചുറി നേടിയ ഷാ റെക്കോഡ് ബുക്കിലും ഇടംപിടിച്ചിരുന്നു. Content Highlights:Top controversies which rocked cricket in 2019
from mathrubhumi.latestnews.rssfeed https://ift.tt/37vm6lf
via IFTTT
0 അഭിപ്രായങ്ങള്‍