മോദി മാജിക്ക് ഏശിയില്ല: പൗരത്വ പ്രതിഷേധത്തിനിടെ ആഘാതമായി ബിജെപിക്ക് ഞെട്ടിക്കുന്ന തോല്‍വി

ഒരു തിരഞ്ഞെടുപ്പ് വിജയംവളരയധികം ആഗ്രഹിച്ചിരുന്ന സമയത്താണ് ബിജെപിയെ ഞെട്ടിച്ച വലിയ തോൽവി സംഭവിച്ചിരിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ഇന്ത്യ മുഴുവൻ അലയടിക്കുമ്പോൾ ഇത് മോദിക്കും അമിത് ഷായ്ക്കും നൽകുന്ന പ്രഹരം ചെറുതല്ല. ത്രിശങ്കു സഭ രൂപപ്പെട്ടിരുന്നെങ്കിൽ ബിജെപിക്ക് അതിൽ ആശ്വാസം കണ്ടെത്താമായിരുന്നു. അന്തിമഘട്ടത്തിലേക്ക് എത്തുമ്പോൾ ബിജെപിയെ പിന്തള്ളി ജെഎംഎം ഏറ്റവും വലിയ ഒറ്റകക്ഷിയായും മാറുന്ന സൂചനയാണ് വരുന്നത്. ഇതോടെ ഗവർണറുടെ റോളിലും ബിജെപിക്ക് പ്രതീക്ഷയില്ലാതെ വരുകയാണ്. ത്രിശങ്കു സഭ വന്നാൽ അവിടെ ബിജെപി സർക്കാർ വരും. അതാണ് കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യൻ രാഷ്ട്രീയം നൽകിയ ഉത്തരം. എന്നാൽ ജാർഖണ്ഡ് ജനത ബിജെപിയെ തോൽപിക്കുമ്പോൾ അവിടെ ആഞ്ഞുവീശിയത് ശക്തമായ ഭരണവിരുദ്ധ വികാരത്തിന്റെ കാറ്റായിരുന്നുവെന്ന് വ്യക്തം. നോട്ടുനിരോധനത്തിന്റെയും ജിഎസ്ടിയുടെയും ആഘാതം സംസ്ഥാനത്തെ വ്യവസായ മേഖലയായ ജംഷഡ്പൂരിലും മറ്റും ഉണ്ടാക്കിയ പ്രതിഫലനം ചില്ലറയല്ല. മുഖ്യമന്ത്രി രഘുബർദാസ് പോലും ജംഷഡ്പൂർ ഈസ്റ്റിൽ പരാജയത്തിന്റെ രുചിയറിഞ്ഞു. ഇവിടെ ബിജെപി ജയിച്ചിരുന്നെങ്കിൽ അത് പൗരത്വ നിയമഭേദഗതിക്കും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും പൗരത്വ രജിസ്റ്റർ നടപ്പാക്കാനുള്ള ജനവിധിയായിവ്യാഖ്യാനിച്ചേനെ. നോട്ടുനിരോധനത്തിനുള്ള ജനകീയ അംഗീകാരമായി ഉത്തർ പ്രദേശ് വിജയത്തെ മോദിയും ബിജെപിയും ന്യായീകരിച്ചത് ഓർക്കുക. അതാണ് ജാർഖണ്ഡ് ജനത ബിജെപിയെ പാഠം പഠിപ്പിച്ചപ്പോൾ ഈ രണ്ട് നേതാക്കൾക്ക് സംഭവിച്ച രാഷ്ട്രീയ തിരിച്ചടി. ലോക്സഭയിലെ തിളക്കമാർന്ന വിജയത്തിന് ശേഷം മഹാരാഷ്ട്രയിൽ അമിത ആത്മവിശ്വാസവും ഒറ്റയ്ക്ക് 150 സീറ്റ് എന്ന മോഹക്കൊട്ടാരം പൊട്ടിച്ചിതറിയപ്പോൾ 105 സീറ്റിലേക്ക് ചുരുങ്ങി. ശിവസേനയെ പാഠം പഠിപ്പിക്കാനിറങ്ങി അത് ഫലിക്കാതെ വന്നപ്പോൾ പുലർകാലെ സർക്കാരുണ്ടാക്കി മണിക്കൂറുകൾക്കുള്ളിൽ നാണംകെട്ടു. കൈയിൽ കിട്ടിയ ഭരണം പ്രതിപക്ഷത്തിന് ദാനം ചെയ്ത അവസ്ഥയിലായി. മന്ത്രിപദം മോഹിച്ച് ചേരിമാറി ബിജെപിയിൽ എത്തിയ പലരും തിരിച്ചുപോക്കിനുള്ള ചർച്ചകളിലാണ്. മിഷൻ 75 ലക്ഷ്യമിട്ട് ഹരിയാണയിൽ തുടർഭരണത്തിന് കോപ്പുകൂട്ടിയപ്പോൾ 40 സീറ്റിലേക്ക് ചുരുങ്ങി. ഒടുവിൽ ജെജെപി പാർട്ടിയുമായി കൈകോർത്ത് ഭരണത്തിലേറി. ജാർഖണ്ഡിലേക്കെത്തിയപ്പോഴേക്കും കാര്യങ്ങൾ ബിജെപിക്ക് ശരിക്കും പൊള്ളി. മുഖ്യമന്ത്രി രഘുബർദാസിനെതിരായ ജനരോഷം നേതാക്കൾക്ക് ബോധ്യപ്പെട്ടപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടു. പരിക്കുകൾ ലഘൂകരിക്കുന്നതിനുള്ള മിനുക്കുപണികൾ ഏശിയില്ല. മോദി എന്ന താരപ്രചാരകനെ കളത്തിലിറക്കി അവസാന ഘട്ടത്തിൽ രംഗം കൊഴുപ്പിച്ചെങ്കിലും അവസാന ഘട്ടത്തിൽവോട്ടെടുപ്പ് നടന്ന മണ്ഡലങ്ങളിലും ഭൂരിപക്ഷത്തിലും ബിജെപി തോറ്റു. Content Highlights:BJPs big guns Laxman Giluwa, CM Raghubar Das trail

from mathrubhumi.latestnews.rssfeed https://ift.tt/360u0CV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍