തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും അംഗങ്ങളുടെ എണ്ണം ഒന്നു വീതം വർദ്ധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി കേരള പഞ്ചായത്ത് രാജ്ആക്റ്റും കേരള മുൻസിപ്പാലിറ്റിആക്റ്റും ഭേദഗതി ചെയ്യുന്നതിന് ഓർഡിനൻസ് പുറപ്പെടുവിക്കാൻ ഗവർണ്ണറോട് ശുപാർശ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്കെല്ലാം ഇത് ബാധകമാണ്. നിലവിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 13-ൽ കുറയാനോ 23-ൽ കൂടാനോ പാടില്ല. അത് 14 മുതൽ 24 വരെ ആക്കാനാണ് ഓർഡിനൻസിൽ വ്യവസ്ഥചെയ്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തിലെ അംഗങ്ങളുടെ എണ്ണവും ഇതേ രീതിയിൽ വർദ്ധിക്കും. ജില്ലാപഞ്ചായത്തിൽ നിലവിൽ അംഗങ്ങളുടെ എണ്ണം 16 -ൽ കുറയാനോ 32-ൽ കൂടാനോ പാടില്ല. അത് 17 മുതൽ 33 വരെ ആക്കാനാണ് നിർദ്ദേശം. മുൻസിപ്പൽ കൗൺസിലിലും ടൗൺപഞ്ചായത്തിലും ഇരുപതിനായിരത്തിൽ കവിയാത്ത ജനസംഖ്യയ്ക്ക് നിലവിൽ 25 അംഗങ്ങളാണ് ഉള്ളത്. ഇരുപതിനായിരത്തിൽ കവിയുന്ന ജനസംഖ്യയ്ക്ക് പരമാവധി 52 അംഗങ്ങൾ എന്നതിന് വിധേയമായി ആദ്യത്തെ ഇരുപതിനായിരത്തിന് 25 ഉം കവിയുന്ന ഓരോ രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് ഓരോന്ന് വീതവുമാണ് വർദ്ധിക്കുക. നിലവിൽ 25 അംഗങ്ങളുള്ള മുൻസിപ്പൽ കൗൺസിലിൽ നിർദ്ദിഷ്ട ഭേദഗതി പ്രകാരം 26 പേർ ഉണ്ടാവും. പരമാവധി 52 എന്നത് 53 ആകും. നാല് ലക്ഷത്തിൽ കവിയാത്ത കോർപ്പറേഷനിൽ ഇപ്പോൾ 55 പേരാണുള്ളത്. അത് 56 ആകും. നാല് ലക്ഷത്തിലധികം ജനസംഖ്യയുള്ള കോർപ്പറേഷനിൽ ഇപ്പോൾ പരമാവധി 100 കൗൺസിലർമാരാണുള്ളത്. അത് 101 ആകും. ഓർഡിനൻസിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. ജനസംഖ്യാ വർദ്ധനവിന് ആനുപാതികമായി അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്നതാണ് ഓർഡിനൻസ് കൊണ്ട് ഉദ്ദേശിക്കുന്നത്. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം നൽകുന്നതിന് ജനസംഖ്യയും സീറ്റുകളും തമ്മിലെ അനുപാതം കുറയ്ക്കേണ്ടത് ആവശ്യമാണെന്ന് സർക്കാർ കരുതുന്നു. Content Highlights:Cabinet Decision to increase membership in local bodies
from mathrubhumi.latestnews.rssfeed https://ift.tt/2ZnCykE
via IFTTT
0 അഭിപ്രായങ്ങള്‍