കാഞ്ഞങ്ങാട്: ഇരുപത്തിയെട്ട് വർഷത്തെ കാത്തിരിപ്പ്, 239 ഇനങ്ങളും പതിനായിരം വിദ്യാർഥികളും 28 വേദികളും. കാസർകോടുകാർ സ്വപ്നം കണ്ടിരുന്ന കലയുടെ സംഗമോത്സവം നാല് ദിവസത്തെ നിറഞ്ഞാട്ടത്തിന് ശേഷം ഉപചാരം ചൊല്ലിപ്പിരിയുമ്പോൾ ലേറ്റായി വന്താലും ലേറ്റസ്റ്റായി വരുവേൻ എന്ന മട്ടിലായി കാഞ്ഞങ്ങാട് കലോത്സവം. നാല് ദിവസവും അതിന്റെ എല്ലാ ആവേശത്തോടെയും മേളയെ ഓരോ കാസർകോടുകാരനും ഏറ്റെടുത്തപ്പോൾ പഴിയായി നിന്നത് ഗതാഗത കുരുക്കുമാത്രം. സംഘാടനം കൊണ്ടും പങ്കാളിത്തം കൊണ്ടും മറ്റേത് ജില്ലയോടും കാസർകോട് മുട്ടി നിന്നപ്പോൾ പാളിപ്പോയത് ഗതാഗത കരുക്കുലാണെന്ന് അധികൃതരും സമ്മതിക്കുന്നുണ്ടെങ്കിലും അതിനെ മറികടന്ന് ജോറാക്കി നാലാം ദിവസവും പൂർത്തിയാക്കിയതിന്റെ തൃപ്തിയിലാണ് അതിഥികളെ കാസർകോട് പറഞ്ഞയക്കുന്നത്. വിദ്യാർഥികൾക്ക് സ്വന്തം വീടുപോലും അഭയം നൽകി ഓരോ കാസർകോടുകാരനും മേളയുടെ ഭാഗമായപ്പോൾ നിറഞ്ഞ് നിൽക്കുന്നുണ്ട് വടക്കിന്റെ നന്മയും സ്നേഹവും ഓരോരുത്തരുടേയും മനസ്സിൽ. ആദ്യ ദിവസം മുതൽ വേദികളിലെല്ലാം അനുഭവപ്പെട്ട വൻ ജനത്തിരക്ക് തങ്ങളെ ഇതുവരെ മാറ്റി നിർത്തപ്പെട്ടവർക്കുള്ള മറുപടി കൂടിയായി മാറിയെന്ന് പറയാതെ പറയുന്നുണ്ട് കാസർകോടുകാർ. 28 വേദികളിലായി നാല് ദിവസവും മത്സരങ്ങൾ അരങ്ങ് തകർത്തപ്പോൾ കനത്ത ചൂടിനേയും പൊടിയേയും വകവെക്കാതെയാണ് ആസ്വാദകർ കലോത്സവത്തെ ഏറ്റെടുത്തത്. കലയുടെ കളിയാട്ടം കണ്ട് മനം നിറഞ്ഞവർക്ക് കുടുംബശ്രീയും ജയിൽ വകുപ്പും രുചിമേളം കൂടി ഒരുക്കിയപ്പോൾ തട്ടിക്കൂട്ട് കടകളുടെ കൊള്ളയിൽ നിന്ന് മേളക്കെത്തിയവർക്ക് കൈപൊള്ളാതെ ഭക്ഷണം കഴിക്കാനുമായി എന്നത് പറയാതെ വയ്യ. ഇതോടെ കുട്ടികളുടെ മാത്രമല്ല കുടുംബശ്രീക്കാരുടേയും ജയിൽ വകുപ്പിന്റേയും ഞങ്ങൾ ഓരോരുത്തരുടേയും കൂടെയായി സംസ്ഥാന സ്കൂൾ കലോത്സവം മാറിയെന്ന് പറയുന്നു കാസ്രോട്ടുകാർ. ഇനി കൊല്ലത്ത് കാണാമെന്ന ധാരണയിൽ കലോത്സവം ഉപചാരം ചൊല്ലിപ്പിരിയുമ്പോൾ കാസ്രോട്ടാരെ മറക്കല്ലെ കുഞ്ഞ്യേളേ എന്ന് സങ്കടത്തോടെ പറയുന്നുമുണ്ട് ഇവിടേയുള്ളവർ. ആളും ആരവവും ഒഴിയുമ്പോൾ തങ്ങൾ മാറ്റി നിർത്തപ്പെട്ടവരായി മാറുമെന്ന് ഇവർക്കറിയാമെങ്കിലും ഒരു കൂട്ടം കുട്ടികളെ ആതിഥ്യമരുളിയതിന്റെ തൃപ്തിയിലാണ് ഓരോ കാസ്രോട്ടുകാരനും. ഐങ്ങോത്ത് ഗ്രൗണ്ടിൽ സജ്ജമാക്കിയ പ്രധാന വേദിക്ക് തൊട്ടു മുന്നിലായുള്ള കാഞ്ഞങ്ങാട് നീലേശ്വരം ദേശീയ പാതമാത്രമാണ് നാല് ദിവസത്തെ മേളയ്ക്ക് പഴിയായി നിന്നത്. മേള ദിനങ്ങളിലെല്ലാം വാഹനങ്ങൾ കൊണ്ട് നിറഞ്ഞ് കവിഞ്ഞു. സ്ഥിതി നിയന്ത്രണ വിധേയമാക്കാൻ പോലീസും ബന്ധപ്പെട്ടവരും ആവുന്നതെല്ലാം ചെയ്തെങ്കിലും അവസാന ദിവസവും അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെട്ടത്. കലോത്സവത്തിനെത്തുന്നവർക്ക് നല്ല ഭക്ഷണം ലക്ഷ്യമിട്ട് തട്ടുകൾ അടപ്പിച്ച് ഭക്ഷണ വിതരണം പൂർണമായും കുടുംബശ്രീ അംഗങ്ങളെ ഏൽപ്പിച്ചത് മുതൽ തുടങ്ങിയ സംഘാടന മികവ് ക്രമസമാധാന പ്രശ്നങ്ങൾ ഒന്നുമില്ലാതെ വലിയൊരു മേള പൂർത്തിയാക്കിയത് വരെ എത്തി നിൽക്കുന്നുണ്ട്. എന്ത് സഹായത്തിനും കാസർകോട്ടെ ഓരോ ഭാഗത്തേയും ആളുകൾ എപ്പോൾ വേണമെങ്കിലും സജ്ജമായിരുന്നു. പലയിടങ്ങളിലും വാഹന നിയന്ത്രണങ്ങൾ വരെ നാട്ടുകാരും ഡ്രൈവർമാരും ഏറ്റെടുത്തപ്പോൾ കാസർകോട്ടുകാർ സ്വപ്നം കണ്ടതിനേക്കാൾ അപ്പുറമുള്ള മേളയായി അറുപതാം സംസ്ഥാന സ്കൂൾ കലോത്സവം. കലയുടെ കളിയാട്ടം വിടപറഞ്ഞ് കാഞ്ഞങ്ങാട് വിടുമ്പോൾ കുട്ടികൾ പറയുന്നു നന്ദി തങ്ങളെ ചേർത്ത് നിർത്തിയതിനും കൂടെ കൂട്ടിയതിനും. മത്സരങ്ങൾ ഇഞ്ചോടിഞ്ച് നീങ്ങിയപ്പോൾ പലക്കാടും കോഴിക്കോടും മാറി മാറി വന്നുവെങ്കിലും അന്തിമഫലം പാലക്കാടിനൊപ്പമായിരുന്നു. ആതിഥേയരായ കാസർകോടിന് എട്ടാം സ്ഥാനമാണ്. പോയിന്റ് നില പാലക്കാട്-951 കോഴിക്കോട്-949, കണ്ണൂർ-949 തൃശ്ശൂർ-940 മലപ്പുറം-909 എറണാകുളം-904 തിരുവനന്തപുരം-898 കോട്ടയം-894 കാസർകോട്-875 വയനാട്-876 ആലപ്പുഴ-868 കൊല്ലം-860 പത്തനംതിട്ട-773 ഇടുക്കി-722 സംസ്കൃതോത്സവത്തിൽ എറണാകുളവും തൃശ്ശൂരും 95 പോയിന്റ് വീതം നേടി ഒന്നാം സ്ഥാനം പങ്കിട്ടു. 93 പോയിന്റുമായി കാസർകോടാണ് രണ്ടാം സ്ഥാനം. അറബിക് കലോത്സവത്തിൽ 95 പോയിന്റ് നേടി പാലക്കാടും കണ്ണൂരും കാസർകോടും കോഴിക്കോടും ഒന്നാം സ്ഥാനത്തെത്തി. 93 പോയിന്റുമായി വയനാട്, തൃശ്ശൂർ, മലപ്പുറം, കൊല്ലം എന്നിവർ രണ്ടാം സ്ഥാനം നേടി. Content Highlights:kerala school kalolsavam, state school youth festival 2019
from mathrubhumi.latestnews.rssfeed https://ift.tt/2ODKHO2
via IFTTT
0 അഭിപ്രായങ്ങള്‍