ജാര്‍ഖണ്ഡ്; ഒരു വര്‍ഷത്തിനിടെ ബിജെപിക്ക് നഷ്ടപ്പെടുന്ന അഞ്ചാമത്തെ സംസ്ഥാനം

റാഞ്ചി: ജാർഖണ്ഡിലും പരാജയപ്പെട്ടതോടെ ബിജെപിക്ക് കേവലം ഒരു വർഷംക്കൊണ്ട് നഷ്ടമാകുന്നത് അഞ്ചാമത്തെ സംസ്ഥാന ഭരണമാണ്. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര എന്നിവക്ക് പിന്നാലെയാണ് ജാർഖണ്ഡിലും ബിജെപിക്ക് അധികാരം നഷ്ടമായിരിക്കുന്നത്. രണ്ട് മാസം മുമ്പ് മഹാരാഷ്ട്രയ്ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന ഹരിയാണയിൽ ദുഷ്യന്ത് ചൗട്ടാല സഹായിക്കാൻ ഇല്ലായിരുന്നെങ്കിൽ അവിടെയും കൈവിടുമായിരുന്നു. ദേശീയ പൗരത്വനിയമവും എൻആർസിയും സംബന്ധിച്ച് രാജ്യവ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയാണ് മറ്റൊരു സംസ്ഥാനം കൂടി ബിജെപിക്ക് നഷ്ടമായിരിക്കുന്നത്. രണ്ടാം മോദി സർക്കാരിന്റെ കീഴിൽ ബിജെപിയുടെ അജണ്ടകൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന വർഷം കൂടിയായിരുന്നിട്ടും സമീപകാലത്ത് നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. കർണാടകയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാനായത് മാത്രമാണ് ഇതിൽനിന്ന് വേറിട്ട് നിൽക്കുന്നത്. പൗരത്വ ഭേദഗതി നിയമത്തെ കൂടാതെ ജമ്മു കശ്മീന്റെ പ്രത്യേക പദവി എടുത്ത് കളയൽ തുടങ്ങിയ കാര്യങ്ങളായിരുന്നു ജാർഖണ്ഡിലുടനീളം ബിജെപിയുടെ പ്രചാരണത്തിലുണ്ടായിരുന്നത്. നാല് മാസത്തിനുള്ളിൽ അയോധ്യയിൽ രാമക്ഷേത്രം പണിയുമെന്ന് അമിത് ഷാ ജാർഖണ്ഡ് തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രഖ്യാപിച്ചിരുന്നു. വൻഭൂരിപക്ഷത്തോടെയാണ് രാജ്യം ഭരിക്കുന്നതെങ്കിലും സുപ്രധാന തീരുമാനങ്ങൾ നടപ്പാക്കാൻ ബിജെപി ഇതര സംസ്ഥാന സർക്കാരുകൾ വിമുഖത കാണിക്കുന്നത് എൻഡിഎയെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മഹാരാഷ്ട്രയിൽ അധികാരത്തിലേറിയതിന് പിന്നാലെ ഉദ്ധവ് താക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ ബുള്ളറ്റ് ട്രെയിൻ പദ്ധതി പുനരവലോകനം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു. പൗരത്വ ഭേദഗതി നിയമവും എൻ.ആർ.സിയും നടപ്പാക്കില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പ്രഖ്യാപിച്ചുക്കൊണ്ടിരിക്കുന്ന സാഹചര്യകൂടിയുണ്ട്. എൻ.ആർ.സി നടപ്പാക്കില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കൂടി പറഞ്ഞോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യത്തിലെ നിലപാട് മയപ്പെടുത്തിയിരുന്നു. പൗരത്വപ്പട്ടിക രാജ്യവ്യാപകമാക്കുന്നത് സംബന്ധിച്ച് തന്റെ സർക്കാർ ഒരു ചർച്ചയും നടത്തിയിട്ടില്ലെന്നായിരുന്നു രാം ലീലാ മൈതാനത്ത് പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തിൽ വ്യക്തമാക്കിയത്. എന്നാൽ, പൗരത്വപ്പട്ടിക ഉടൻ കൊണ്ടുവരുമെന്നാണ് കഴിഞ്ഞയാഴ്ച പാർലമെന്റിൽ പൗരത്വനിയമഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് നൽകിയ മറുപടിയിൽ അമിത് ഷാ പറഞ്ഞത്. ഈ മാസം ആദ്യം റാഞ്ചിയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നടത്തിയ പ്രസംഗത്തിലും അമിത് ഷാ രാജ്യവ്യാപകമായി പൗരത്വപ്പട്ടിക നടപ്പാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഡൽഹിയിലും ബിഹാറിലുമാണ് അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കാനുള്ളത്. എൻആർസിയുടെ പേരിൽ നിതീഷ് കുമാറുമായി ഇപ്പോൾ ഇടഞ്ഞാൽ അടുത്ത വർഷം നടക്കുന്ന തിരഞ്ഞെടുപ്പിൽ അത് ബാധിക്കും. അതുകൊണ്ട് കൂടിയാ മോദി ഇക്കാര്യത്തിലെ നിലപാട് മയപ്പെടുത്താൻ തയ്യാറായത്. Content Highlights:Jharkhand-fifth state the BJP lose in a year-Jharkhand Election result

from mathrubhumi.latestnews.rssfeed https://ift.tt/2tHZwqN
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍