ലണ്ടൻ: ക്രിക്കറ്റിന്റെ ബൈബിൾ എന്ന വിശേഷണമുള്ള വിസ്ഡൻ മാസികയുടെ ദശാബ്ദത്തിലെ ട്വന്റി 20 ടീമിനെ പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്ന് വിരാട് കോലിയും പേസർ ജസ്പ്രീത് ബുംറയും ഇടംനേടിയപ്പോൾ രോഹിത് ശർമയ്ക്കും എം.എസ് ധോനിക്കും ടീമിൽ ഇടംകിട്ടിയില്ല. കോലിയല്ല വിസ്ഡന്റെ ദശാബ്ദത്തിലെ ട്വന്റി 20 ടീമിനെ നയിക്കുന്നത്, മറിച്ച് ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ചാണ്. രാജ്യാന്തര ട്വന്റി 20-യിൽ 53 റൺസ് ശരാശരിയുള്ള താരമാണ് കോലി. സ്ട്രൈക്ക് റേറ്റിൽ പലപ്പോഴും വിട്ടുവീഴ്ച ചെയ്യാറുണ്ടെങ്കിലും അവശ്യഘട്ടങ്ങളിൽ ഉയർന്ന റേറ്റിൽ തന്നെ കോലിക്ക് സ്കോർ ചെയ്യാൻ സാധിക്കാറുണ്ടെന്ന് വിസ്ഡൻ വ്യക്തമാക്കി. പേസും സ്പിന്നും നന്നായി കളിക്കാനാകുന്നതും വിക്കറ്റിനിടയിലെ ഓട്ടവും കോലിയെ മൂന്നാം നമ്പറിന് യോജിച്ച ബാറ്റ്സ്മാനാക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി. അതേസമയം ഈ അടുത്ത കാലത്തുള്ള ഏറ്റവും മികച്ച ബൗളർമാരിൽ ഒരാളാണ് ബുംറയെന്ന് വിസ്ഡൻ ചൂണ്ടിക്കാട്ടി. ഡെയ്ൽ സ്റ്റെയ്നു ശേഷം രാജ്യാന്തര ട്വന്റി 20-യിൽ ഏറ്റവും മികച്ച ഇക്കോണമി റേറ്റും (6.71) ബുംറയ്ക്കാണ്. ഡെത്ത് ഓവറുകളിലെ പ്രകടനം എടുത്ത് പറയേണ്ടതുണ്ട്. അതേസമയം ട്വന്റി 20-യിൽ നാലു സെഞ്ചുറികൾ സ്വന്തമാക്കിയിട്ടുള്ള രോഹിത് ശർമയും ഇന്ത്യയെ ട്വന്റി 20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ച എം.എസ് ധോനിയും ടീമിൽ ഇടംനേടാതിരുന്നത് അപ്രതീക്ഷിതമായി. പാകിസ്താൻ, വെസ്റ്റിൻഡീസ് ടീമുകളിൽ നിന്ന് ആരും തന്നെ വിസ്ഡന്റെ ടീമിലില്ല. വിൻഡീസ് നിലവിലെ ട്വന്റി 20 ജേതാക്കൾ കൂടിയാണ്. വിസ്ഡന്റെ ദശാബ്ദത്തിലെ ട്വന്റി20 ടീം - ആരോൺ ഫിഞ്ച് (ക്യാപ്റ്റൻ), കോളിൻ മൺറോ, വിരാട് കോലി, ഷെയ്ൻ വാട്ടസൺ, ഗ്ലെൻ മാക്സ്വെൽ, ജോസ് ബട്ട്ലർ, മുഹമ്മദ് നബി, ഡേവിഡ് വില്ലി, റാഷിദ് ഖാൻ, ജസ്പ്രീത് ബുംറ, ലസിത് മലിംഗ. Content Highlights:Wisden's T20I team of the decade No place for MS Dhoni and Rohit Sharma
from mathrubhumi.latestnews.rssfeed https://ift.tt/2Q8FyhB
via IFTTT
0 അഭിപ്രായങ്ങള്‍