തിരുവല്ല: തുകലശ്ശേരി സിഎസ്ഐ വൊക്കേഷണൽ ബധിര വിദ്യാലയത്തിലെ വിദ്യാർഥികൾക്ക് മഞ്ഞപ്പിത്ത ബാധ. 32 വിദ്യാർഥികൾക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചത്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് സ്കൂൾ ഒരാഴ്ച അടച്ചിടാൻ സ്കൂളധികൃതർ തീരുമാനിച്ചു. ഈ സ്കൂളിലെ ഭൂരിഭാഗം വിദ്യാർഥികളും ഹോസ്റ്റലിൽ നിന്ന് പഠിക്കുന്നവരാണ്. ക്രിസ്മസ് അവധിക്ക് മുമ്പ് സ്കൂളിലെ രണ്ട് വിദ്യാർഥികൾക്ക് ആദ്യം മഞ്ഞപ്പിത്ത ബാധയുണ്ടായിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്കൂളിലെത്തി സാമ്പിളുകൾ പരിശോധിച്ചിരുന്നുവെങ്കിലും മഞ്ഞപ്പിത്തത്തിന് കാരണമാകുന്ന രോഗാണുവിന്റെ സാന്നിധ്യം സ്കൂളിലൊ ഹോസ്റ്റലിലോ കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് അവധിക്ക് സ്കൂൾ അടച്ചതോടെ വിദ്യാർഥികളെല്ലാവരും തങ്ങളുടെ വീടുകളിലേക്ക് മടങ്ങി. ഇതിന് ശേഷമാണ് പലരിലും മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇത്തരത്തിൽ സ്കൂളിലെ 32 വിദ്യാർഥികൾക്ക് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചുവെന്നാണ് വിവരങ്ങൾ. മഞ്ഞപ്പിത്തം കൂടുതൽ വിദ്യാർഥികൾക്ക് ബാധിച്ചുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്കൂളിലെത്തി സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. മഞ്ഞപ്പിത്ത ബാധയെ തുടർന്ന് മുൻകരുതലെന്ന നിലയിൽ സ്കൂൾ ഒരാഴ്ചകൂടി അടച്ചിടാനാണ് അധികൃതരുടെ തീരുമാനം. തിങ്കളാഴ്ച സ്കൂൾ തുറക്കുമെന്നാണ് ഇതുവരെയുള്ള വിവരം. Content Highlights:Jaundice infection,Deaf school students Thiruvalla
from mathrubhumi.latestnews.rssfeed https://ift.tt/2Qu1hj6
via IFTTT
0 അഭിപ്രായങ്ങള്‍