സുപ്രിയയെ പിന്‍ഗാമിയാക്കാന്‍ പവാര്‍ കളിച്ച കളിയോ ഈ നാടകം?

പവാർ ഈസ് പവർ. അല്ലെങ്കിൽ പവർ എന്നാലത് ശരദ് പവാറാണ്. മഹാരാഷ്ട്രയിൽ അരങ്ങേറിയ നാടകങ്ങൾക്കും ട്വിസ്റ്റുകൾക്കും താത്കാലിക വിരാമമാകുമ്പോൾ മാൻ ഓഫ് ദി മാച്ച് മറ്റാരുമല്ല. ഈ മഹാരാഷ്ട്ര സ്ട്രോങ്മാൻ തന്നെ. പവാർ എന്ന അതികായന്റെ രാഷ്ട്രീയ വിജയവും തിരിച്ചുവരവുമാണ് ഈ ദിവസങ്ങളിൽ ഇന്ത്യൻ രാഷ്ട്രീയം കണ്ടത്. ശിവസേന നേടിയ മുഖ്യമന്ത്രിക്കസേരയെക്കാൾ ഒരു പടി മുന്നിലാണ് പവാറിന്റെ സ്കോർ നില. സോണിയയോട് കലഹിച്ച് കോൺഗ്രസ് വിട്ടു പോയിട്ടും പവാറിന് പവറിൽ കുറവു വന്നിട്ടില്ല. കാര്യങ്ങൾ തന്റെ വഴിക്ക് എന്നും എപ്പോഴും തെളിക്കാൻ അറിയുന്ന പവാർ എന്ന ഒറ്റവിഗ്രഹത്തിലാണ് എൻ.സി.പി. എന്ന സംഘടന ചലിക്കുന്നത്. ശത്രുക്കളില്ലാത്ത രാഷ്ട്രീയക്കാരനാണ് പവാർ. പാർട്ടിയേതായാലും നേതാക്കളെല്ലാം മിത്രങ്ങൾ. പ്രായം 79 ആയിട്ടും മൂർച്ചയേറിയ രാഷ്ട്രീയ ആയുധങ്ങൾ ഉന്നം തെറ്റാതെ തൊടുക്കാനറിയുന്ന പവാറിനെ പ്രായം വച്ച് അളക്കാൻ നോക്കിയതാണോ യഥാർഥത്തിൽ അജിത് പവാറിനു പിഴച്ചത്? അതോ അതും പവാറിന്റെ കളിയിലെ ബി.ജെ.പി. പോലും അറിയാത്ത കരുവായിരുന്നോ? സാധ്യത തള്ളാനാവില്ല. രണ്ടിനും സാധ്യതയുണ്ട്. ത്രികക്ഷി സർക്കാരിനു ചുക്കാൻ പിടിക്കുന്നതിനിടെ എന്തിനായിരുന്നു പവാർ-മോദിയെ കണ്ടത്? ഏറെ നിഗൂഢമായ ആ കൂടിക്കാഴ്ച എന്തിനായിരുന്നു? നോട്ടുനിരോധനം മുൻകൂട്ടി ബി.ജെ.പിക്ക് പുറത്ത് അറിഞ്ഞ ഒരേയൊരാൾ പവാറാണെന്നാണ് അണിയറ സംസാരം. അജിത് പവാർ രാഷ്ട്രീയ അട്ടിമറി നടത്തിയപ്പോൾ കോൺഗ്രസും ശിവസേനയും സംശയിച്ചത് പവാറിനെയായിരുന്നു. പക്ഷേ അജിത്തിനെ ഉപയോഗിച്ച് പാർട്ടി പിളർത്തരുതെന്ന് അറിയിക്കാനായിരുന്നു മോദിയുമായുള്ള കൂടിക്കാഴ്ചയെന്നും റിപ്പോർട്ടുകൾ വന്നു. അതു സംഭവിച്ചിട്ടും ഒട്ടും പകയ്ക്കാതെയായിരുന്നു പവാറിന്റെ നീക്കങ്ങൾ. ഏവരും ആദ്യം പ്രതീക്ഷിച്ചത് അജിത്തിനെ പുറത്താക്കുമെന്നായിരുന്നു. അതുണ്ടായില്ല. മറിച്ചു ദുർബലനാക്കി എം.എൽ.എമാരെ തനിക്കൊപ്പം നിർത്താനാണ് പവാർ തയ്യാറായത്. ഒടുവിൽ കൂറുമാറ്റത്തിന്റെ കുടുക്കിൽ പെടുമെന്നു കണ്ടാണു രാജിവച്ച് അജിത്ത് തടി രക്ഷിച്ചത്. ഒപ്പമുള്ളയാൾ പെട്ടെന്നു ശത്രുപാളയത്തിൽ എത്തിയാൽ പകരംവീട്ടുന്ന രാഷ്ട്രീയ പിതാമഹൻമാരെ ഏറെ ഇന്ത്യ കണ്ടിട്ടുണ്ട്. പക്ഷേ അവിടെയും പവാർ വ്യത്യസ്തനായി. പുറത്തുകളയാതെ ക്ഷീണിതാസ്ഥയിൽ ദുർബലനാക്കി തിരിച്ചെടുക്കാനുള്ള വഴിയാണ് പവാർ തേടിയത്. അതാണു വിജയിച്ചതും. വ്യാഴാഴ്ച ഉദ്ധവ് താക്കറെ സത്യപ്രതിജ്ഞ ചെയ്യുമ്പോൾ ഓർക്കുക 2006-ൽ രാജ് താക്കറെ ശിവസേനയുടെ പടിയിറങ്ങി പോയത് അന്ന് ബാൽ താക്കറെ പിൻഗാമിയായി ഉദ്ധവിനെ വാഴിച്ചതോടെയായിരുന്നു. അന്നു പുറത്ത് പോയ രാജും നവനിർമാൺ സേനയും ഇപ്പോഴും രാഷ്ട്രീയ പുനർജന്മം കാത്തുകഴിയുന്നു. താക്കറെയുടെ സഹോദരന്റെ മകനായിരുന്നു രാജ്. 2009-ലെത്തുമ്പോൾ കഥയ്ക്ക് മാറ്റമില്ല. മാറ്റം കഥാപാത്രങ്ങൾക്ക് മാത്രം.ശരദ് പവാറിന്റെ പിൻഗാമിയാകാൻ മോഹിക്കുന്നത് അദ്ദേഹത്തിന്റെ സഹോദരന്റെ മകൻ അജിത് പവാറാണ്. പിൻഗാമിയാകാൻ അജിത് കരുക്കൾ നീക്കുമ്പോൾ പവാറിന്റെ ലക്ഷ്യം മകൾ സുപ്രിയ സുലേയുടെ കിരീടധാരണമാണ്. Caption സുപ്രിയക്കു പക്ഷേ എൻ.സി.പിയിൽ തന്റേതായ ഒരു ടീമിനെ വളർത്തിയെടുക്കാൻ കഴിഞ്ഞിട്ടില്ല. അജിത് കാലേക്കൂട്ടി ഒരുക്കിയ പദ്ധതി പവാറിന്റെ കസേരയാണ്. ആ കസേരയിലേക്കുള്ള നോട്ടവും സാധ്യതയും എന്നന്നേക്കുമായി അടയ്ക്കാൻ പവാർ നീക്കിയ കരുക്കളിൽ അറിഞ്ഞോ അറിയാതെയോ ശിവസേനയും കോൺഗ്രസും നന്നായി അഭിനയിച്ചു. ആത്യന്തികമായി നോക്കിയാൽ ശിവസേനയ്ക്കും കോൺഗ്രസിനും എൻ.സി.പിക്കുമെല്ലാം നേട്ടം അധികാരത്തിന്റെ അപ്പക്കഷണം മാത്രം. കൂടാതെ പിളർപ്പ് ഒഴിവായതിന്റെ ആശ്വാസവും. നഷ്ടക്കച്ചവടം അജിത് പവാറിനു മാത്രം. ആകെ ലാഭം അഴിമതി കേസിന്റെ കറ ബി.ജെ.പി. തന്നെ കഴുകി ശുദ്ധീകരിച്ചതാണ്. ത്രികക്ഷി സർക്കാർ അധികാരത്തിലെത്തിയാൽ ഇതേ ഉപമുഖ്യമന്ത്രി സ്ഥാനവും മികച്ച വകുപ്പും അജിത്തിനും കിട്ടുമായിരുന്നു. കൂട്ടുകക്ഷി സർക്കാർ കേസും അന്വേഷണവും അവസാനിപ്പിച്ചേനെ. ഏതാനും മണിക്കൂർകൊണ്ട് ആ വലിയ പേരുദോഷവും കറയും ബി.ജെ.പി. മായ്ച്ചു കൊടുത്തു. സുപ്രിയ സുലേയ്ക്ക് മുന്നിലെ പ്രധാന തടസ്സം അങ്ങനെ പവാർ നിഗ്രഹിച്ചു. അജിത് പവാറിന്റെ രാഷ്ട്രീയ അട്ടിമറിയെ വഞ്ചകൻ എന്ന് വിശേഷിപ്പിച്ച സുപ്രിയ ഇന്ന് എംഎൽഎമാരുടെ സത്യപ്രതിജ്ഞാ വേളയിൽ അജിത്തിനെ കണ്ട് ആശംസിച്ചപ്പോൾ പറഞ്ഞത് എനിക്ക് ഒരു അകൽച്ചയുമില്ല എന്നാണ്. താക്കറെ കർക്കശക്കാരനെങ്കിൽ പവാർ സൗമന്യമാണ്, അക്ഷോഭ്യനാണ്. ഒരേ നിമിഷം ഒന്നിലധികം കളി കളിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നയാൾ. അജിത്തിനെ നിഷ്കാസനം ചെയ്യുക മാത്രമല്ല പവാർ ഈ ചുരുങ്ങിയ സമയത്തിനുള്ളിൽ നേടിയത്. ശിവസേനയുമായി ആശയപരമായി ഭിന്നധ്രുവത്തിലായ എൻ.സി.പിയും കോൺഗ്രസും കൈകോർക്കുന്നതിലെ ധാർമ്മികതയും നൈതികതയും ചോദ്യം ചെയ്യാൻ കഴിയാത്ത നിലയിൽ ബി.ജെ.പിയേയും അമിത് ഷായേയും മോദിയേയും നാണക്കേടിന്റെയും രാഷ്ട്രീയ പരാജയത്തിന്റെയും പടുകുഴിയിലേക്കു കൂടിയാണ് പവാർ തള്ളിയിട്ടത്. പ്രതീക്ഷയില്ലാതിരുന്ന പ്രതിപക്ഷം പോലും ഞെട്ടിയ ഫലമാണു യഥാർഥത്തിൽ മഹാരാഷ്ട്രയിൽ ഉണ്ടായത്. കോൺഗ്രസിൽനിന്ന് ഒഴുകിയതിനെക്കാൾ കൂടുതൽ നേതാക്കൾ എൻസിപിയിൽ നിന്ന് ബിജെപിയിലേക്ക്ഒഴുകി. അപ്പോഴും പവാർ ഒരുപക്ഷേ അവസാനത്തേയും നിർണായകവുമായ കളിയുടെ ഒരുക്കത്തിലായിരുന്നു. സ്ഥാനാർഥി നിർണയത്തിലെ പിഴവുകൾ പോലും പ്രവർത്തകരോട് ഏറ്റുപറഞ്ഞ് മഴ നനഞ്ഞത് ഒരു വെയിലത്തു വാടാനല്ലല്ലോ. വെടക്കാക്കി തനിക്കാക്കുന്ന പണി അമിത് ഷാ വടക്കു കിഴക്കു നിന്നു തുടങ്ങിയതാണ്. അധികാരത്തിൽ എത്താൻ കാത്തിരിപ്പിനൊന്നും അമിത് ഷാ-മോദി ടീം തയ്യാറല്ല. ടേക്ക് ഓവറാണ് ഇഷ്ടവിനോദം. ഏതു പാർട്ടിയിലുള്ളവർക്കും വരാം. അങ്ങനെ കൂട്ടത്തോടെ ഇറക്കുമതി ചെയ്തു സംശുദ്ധമായ പ്രതിപക്ഷ മുക്തഭാരത്തിലേക്കു നീങ്ങുന്നതിനിടെയാണ് ഈ അപ്രതീക്ഷിത തിരിച്ചടി. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം അത്ര പെട്ടെന്നു ബി.ജെ.പി. വേണ്ടെന്നുവയ്ക്കുമോ? അതറിയുന്നത് അമിത് ഷായും മോദിയും മാത്രമല്ലല്ലോ. ആദ്യം ക്ഷണം നിരസിച്ചു സർക്കാരുണ്ടാക്കാതെ പിൻവാങ്ങിയത് മണിപ്പൂരിലോ ഗോവയിലോ ഹരിയാണയിലെ നടപ്പാക്കിയ പദ്ധതിക്കുള്ള ഉൾവലിയലായിരുന്നുവെന്ന് രാഷ്ട്രീയബുദ്ധി കൈമോശം വരാത്ത കോൺഗ്രസുകാർ കണക്കുകൂട്ടി. തീവ്രതയും ഹിന്ദുത്വവും മുഖമുദ്രയാക്കിയ ശിവസേനയുമായി കൂടുന്നതിന്റെ പേരുദോഷം വലിയ ആശങ്കയായി. എല്ലാവരും പിളരാതെ നോക്കി. ബി.ജെ.പിക്ക് ശിവസേന കണ്ണിലെ കരടായി മാറി. അതിനെ പിളർത്താനുള്ള ശ്രമം വിജയിക്കാതെ പോയതോടെയാണ് എൻ.സി.പിയിലേക്ക് തിരിഞ്ഞത്. അതിന് പ്രഫുൽ പട്ടേൽ വഴി അജിത് പവാറിലേക്കെത്തി. കേസും അന്വേഷണവും തലയ്ക്ക് മീതെ പതിക്കുമെന്നായപ്പോൾ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ എം.എൽ.എ. സ്ഥാനം പോലും രാജിവച്ച് സാഹസം കാട്ടിയ അജിത് പവാറാണ് ഇപ്പോൾ മറുകണ്ടം ചാടി വീണുപോയത്. മണിക്കൂറുകൾ മാത്രം നീണ്ട ഉപമുഖ്യമന്ത്രി സ്ഥാനം കൊണ്ട് അജിത് പവാറിന് കേസിന്റെ ഭാരമൊഴിഞ്ഞു. അതിന്റെ പഴി ബിജെപിയുടെ ചുമലിലുമായി. അഴിമതി വിരുദ്ധത എന്ന ബി.ജെ.പിയുടെ മൂടുപടം അഴിഞ്ഞുവീണു.അതിനുള്ള നിയോഗം മാത്രമായിരുന്നു അജിത് പവാറിനുണ്ടായിരുന്നത്. അജിത്തിന്റെ ഈ റോളും പവാർ കൂടി അറിഞ്ഞാണോ എന്നും ഇനി എൻസിപിയിലേക്കുള്ള ആ മടങ്ങിവരവിന്റെ വേഗതയിൽ നിന്ന് കണ്ടറിയാം ഗുജറാത്തിൽനിന്നു വന്ന് ഡൽഹി പിടിക്കാമെങ്കിൽ പിന്നെ എന്തുമാകാമെന്ന ആത്മവിശ്വാസത്തിന്റെയും ചാക്കിട്ടുപിടിത്തത്തിന്റെയും മുഖത്തേറ്റ അടിയാണ് മഹാരാഷ്ട്ര. അധികാരം കൈയിലില്ലെങ്കിലും കളിക്കാനറിയായുവന്ന കളിക്കാർ പുറത്തുണ്ടെന്ന് ഷായും മോദിയും തിരിച്ചറിഞ്ഞപ്പോഴേക്കും പാപഭാരവും നാണക്കേടും ബാക്കിയായി. Content Highlights:Dont mess up with Sharad Pawar in Maharashtra politics

from mathrubhumi.latestnews.rssfeed https://ift.tt/2Dov7ze
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍