ന്യൂഡൽഹി: 2014 ൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ രാജ്യഭരണം പിടിച്ചതിന് പിന്നാലെ ഭൂരിഭാഗം സംസ്ഥാനങ്ങളിലും ബിജെപി ഭരണം പിടിച്ചിരുന്നു. തിരഞ്ഞെടുപ്പിലൂടെയും കൂറുമാറ്റത്തിലൂടെയും പാർട്ടികളെ പിളർത്തിയും തളർത്തിയും ബിജെപി നിരവധി സംസ്ഥാനങ്ങളിൽ ഭരണത്തിലേറി. കോൺഗ്രസ് മുക്തഭാരതം യാഥാർഥ്യമാകുന്നുവെന്ന് ബിജെപി വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു നിരന്തരം. മോദി അധികാരത്തിലേറി മൂന്ന് വർഷങ്ങൾക്കൊണ്ട് രാജ്യത്തെ 71 ശതമാനം ഭൂപ്രദേശങ്ങളും ബിജെപിയുടെയോ ബിജെപി സഖ്യത്തിന്റെയോ ഭരണത്തിൻ കീഴിലായി. 2017 ഡിസംബർ വരെ ഇതായിരുന്നു രാജ്യത്തെ രാഷ്ട്രീയ സാഹചര്യം. പ്രതിപക്ഷത്തിന് മേൽ മാനസികമായും ശാക്തികമായും മേൽകൈ നേടിയിരുന്ന ബിജെപിക്ക് രണ്ട് വർഷങ്ങൾക്കിപ്പുറം കാലിടറുന്ന കാഴ്ചയാണ് കാണാനാകുന്നത്. 2019 നവംബർ വരെയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ കൂടുതൽ നഷ്ടം ബിജെപിക്കാണ് നേരിടേണ്ടി വന്നത്. 71 ശതമാനം എന്നതിൽ നിന്ന് 40 ശതമാനം പ്രദേശങ്ങൾ എന്ന നിലയിലേക്ക് ബിജെപി ഭരണത്തിന്റെ പ്രഭാവം ചുരുങ്ങി. 2014ൽ ബിജെപി കേന്ദ്രത്തിലെത്തുമ്പോൾ ഏഴ് സംസ്ഥാനങ്ങളിലായിരുന്നു ബിജെപിഭരണം.2018ൽ മോദി പ്രഭാവത്തിന്റെ ബലത്തിൽ അത് 21 സംസ്ഥാനങ്ങളായി കുതിച്ചുയർന്നു. മോദി- അമിത് ഷാ കൂട്ടുകെട്ടാണ് പാർട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനത്തിന് കാരണമായി പ്രവർത്തിച്ചത്. കോൺഗ്രസ് ഭരണത്തിലും മറ്റ് ഇതര പാർട്ടികളും ഭരിച്ചിരുന്ന സംസ്ഥാനങ്ങൾ ഒന്നൊഴിയാതെ കാവി വിഴുങ്ങി. 2014 ൽ ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഗോവ, അരുണാചൽ പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു നേരിട്ടോ അല്ലാതെയോ ബിജെപി ഭരിച്ചിരുന്നത്. എന്നാൽ 2018 ആയപ്പോൾ സ്ഥിതി മറിച്ചായി ഹിന്ദി ഹൃദയഭൂമിക മുഴുവൻ ബിജെപി കാവി പുതപ്പിക്കുന്ന കാഴ്ചയാണ് രാജ്യം പിന്നീട് കണ്ടത്. ബിജെപി ഭരണത്തിന് പിടികൊടുക്കാതെ വഴുതി മാറിയത് ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രം. തമിഴ്നാട്, കേരളം, കർണാടക, മിസോറാം, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാൾ, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ബിജെപിയുടെ കുതിപ്പിനെ പിടിച്ചുനിർത്തിയത്. അതിൽ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമായിരുന്നു കോൺഗ്രസ് ഭരണത്തിലുണ്ടായിരുന്നത്. 2014 ൽ 13 സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ഭരണമുണ്ടായിരുന്ന സാഹചര്യത്തിൽ നിന്നാണ് ഈ തിരിച്ചടി കോൺഗ്രസ് അന്ന് നേരിട്ടത്.പഞ്ചാബ്-പോണ്ടിച്ചേരി സർക്കാർ മാത്രമായി കോൺഗ്രസ് പരിഹസിക്കപ്പെട്ടു. തുടർച്ചയായതും സ്ഥിരവുമായ വളർച്ചയാണ് മോദി- ഷാ കൂട്ടുകെട്ടിന് കീഴിൽ ബിജെപിക്ക് ഉണ്ടായത്. 2014ലെ ഏഴ് സംസ്ഥാനങ്ങളിൽ നിന്ന് ബിജെപി 2015 ആയപ്പോഴേക്കും 13 സംസ്ഥാനങ്ങളില ഭരണം പിടിച്ചു. 2016ൽ ബിജെപിക്ക് ഭരണമുള്ള സംസ്ഥാനങ്ങൾ 19 ആയി ഉയർന്നു. 2018ൽ അത് 21 സംസ്ഥാനങ്ങൾ എന്ന എക്കാലത്തെയും ഉയർന്ന നിലയിലെത്തി. പല സർക്കാരുകളെയും വിജയകരമായി ബിജെപി അട്ടിമറിക്കുന്നതിനെ പ്രതിപക്ഷം അങ്കലാപ്പോടെ നോക്കിയിരിക്കുന്ന സ്ഥിതിവിശേഷമായിരുന്നു അപ്പോഴൊക്കെ. വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ പൂർണമായും അങ്ങനെ ചരിത്രത്തിൽ ആദ്യമായി ബിജെപിയുടെ നിയന്ത്രണത്തിൻ കീഴിലായി. രാഷ്ട്രീയത്തിൽ ഭാഗ്യം ആർക്കും സ്ഥിരമായി കൂടെയുണ്ടാകില്ല എന്ന് ഓർമിപ്പിക്കുന്ന കാഴ്ചയാണ് പിന്നീട് ഉണ്ടാകുന്നത്. ഇതിനിടെ മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ ബജെപിക്ക് നഷ്ടപ്പെട്ടു. എൻഡിഎ സഖ്യത്തിൽ നിന്ന് ടിഡിപി വിട്ടിറങ്ങിയതോടെ ആന്ധ്രാപ്രദേശിലെ ഭരണ പങ്കാളിത്തവും ബിജെപിക്ക് നഷ്ടമായി. ഇതിന് പിന്നാലെ ജമ്മു കശ്മീരിലെ പിഡിപിയുമായുള്ള കൂട്ടുകെട്ട് തകരുകയും സംസ്ഥാനം രാഷ്ട്രപതി ഭരണത്തിൻ കീഴിൽ ആകുകയും ചെയ്തു. ബിജെപി അധികാരത്തിൽ നിന്ന് പുറത്തുപോയ സംസ്ഥാനങ്ങളിൽ മിക്കയിടത്തും കോൺഗ്രസ് ഭരണത്തിലെത്തി. 2019ൽ മോദി സർക്കാരിന്റെ തിരിച്ചുവരവ് ചരിത്രപരമായിരുന്നു. എന്നാൽ മോദിയുടെ രണ്ടാം വരവിനും ബിജെപിക്ക് നേരിടുന്ന തിരിച്ചടിയുടെ ആഘാതം കുറക്കാനാകുന്നില്ല എന്നതാണ് യാഥാർഥ്യം. ഏറ്റവുമൊടുവിൽ ബിജെപിയുടെ ആശയ ദാതാവും മാതൃസംഘടനയുമായ ആർഎസ്എസിന്റെ കേന്ദ്രമായ നാഗ്പുർ സ്ഥിതി ചെയ്യുന്ന മഹാരാഷ്ട്രയും പടലപ്പിണക്കത്തിന്റെ പേരിൽ ബിജെപിക്ക് നഷ്ടപ്പെട്ടിരിക്കുന്നു. നിനിലവിൽ 17 സംസ്ഥാനങ്ങളിലാണ് ബിജെപിക്ക് നേരിട്ടോ അല്ലാതെയോ ഭരണമുള്ളത്. അഞ്ചിടത്ത് കോൺഗ്രസും ഭരണം പിടിച്ചു. വലിയ സംസ്ഥാനങ്ങളിൽ മിക്കയിടത്തും ബിജെപിക്ക് തിരിച്ചടി നേരിട്ടതാണ് 71 ശതമാനം ഭൂപ്രദേശങ്ങളിൽ നിന്ന് 41 ശതമാനം എന്ന പ്രദേശങ്ങളിലേക്ക് ബിജെപി ചുരുങ്ങിയത്. Content Highlights:How Indias political map changes in two years in Modis second regime came
from mathrubhumi.latestnews.rssfeed https://ift.tt/35EBYB2
via IFTTT
0 അഭിപ്രായങ്ങള്‍