മുംബൈ: മഹാരാഷ്ട്രയിൽ അധികാരത്തിലേറുന്ന ശിവസേന-കോൺഗ്രസ്-എൻസിപി സഖ്യ സർക്കാർ മുൻ ബിജെപി സർക്കാരിന്റെ പല വമ്പൻ പദ്ധതികളും ഉപേക്ഷിച്ചേക്കുമെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നപദ്ധതിയായമുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി, വിവാദമായ നാനാർ റിഫൈനറി പദ്ധതി, മുംബൈ ആരേ കോളനിയിലെ മരംമുറിക്കൽ തുടങ്ങിയവ നിർത്തലാക്കാൻ ശിവസേന ഒരുങ്ങുന്നു. നാനാർ റിഫൈനറി പദ്ധതി ഉപേക്ഷിക്കുമെന്നും ആരേ കോളനിയിൽ ഇനി ഒരു മരം പോലും മുറിക്കാൻ അനുവദിക്കില്ലെന്നും ശിവസേന വക്താവ് മാനിഷ കയാൻഡെ പറഞ്ഞു. പകരം കർഷകരുടെ ക്ഷേമത്തിനായാണ് സർക്കാർ പ്രവർത്തിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. നിരവധി മരങ്ങളാണ് മുംബൈ മെട്രോ റെയിൽ കോർപ്പറേഷൻ ആരേ കോളനിയിൽ മുറിച്ചുമാറ്റിയത്. ഇനി ഒരു മരം പോലും അവിടെനിന്ന് മുറിക്കില്ല. അത് ഉദ്ധവ്ജിയും പറഞ്ഞതാണ്. ഈ സർക്കാർ ജനങ്ങൾക്ക് വേണ്ടിയുള്ള സർക്കാരാണ്- അദ്ദേഹം കൂട്ടിച്ചേർത്തു. ബുള്ളറ്റ് ട്രെയിൻ, നാനാർ പദ്ധതികളിലും മറിച്ചൊരു അഭിപ്രായമില്ല. ഇതെല്ലാം നിരവധിപേരെ ദോഷകരമായി ബാധിക്കുമെങ്കിൽ പിന്നെ എന്തിനാണ് ഈ പദ്ധതികളുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം ചോദിച്ചു. പുതിയ സർക്കാരിന്റെ പരിഗണന കർഷകരുടെ പ്രശ്നങ്ങളാണെന്നും ബുള്ളറ്റ് ട്രെയിന് വേണ്ടെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും ശിവസേന എംഎൽഎയായ ദീപക് കേസർക്കാരും പറഞ്ഞു. നേരത്തെ നാനാർ പദ്ധതിക്കെതിരെയും ആരേ കോളനിയിൽ മരം മുറിക്കുന്നതിനെതിരെയും ശിവസേന പരസ്യപ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. Content Highlights:shivsena leader says no immediate need of modis bullet train project in maharashtra
from mathrubhumi.latestnews.rssfeed https://ift.tt/33jupxW
via IFTTT
0 അഭിപ്രായങ്ങള്‍