കോഴിക്കോട്: വമ്പൻ പ്രതീക്ഷകളുമായി ഐ ലീഗ് ഫുട്ബോളിലെ ആദ്യപോരാട്ടത്തിന് ഗോകുലം കേരള എഫ്.സി. കളത്തിലിറങ്ങുന്നു. മണിപ്പുർ ടീം നെറോക്ക എഫ്.സി.യാണ് ആദ്യമത്സരത്തിൽ എതിരാളി. ശനിയാഴ്ച രാത്രി ഏഴിന് കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിൽ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്ന ഗോകുലം ഇത്തവണത്തെ കിരീടസാധ്യതയുള്ള ടീമുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. പ്രമുഖ ടീമുകളെ ഒന്നൊന്നായി കീഴടക്കി ഡ്യൂറാന്റ് കപ്പ് നേടിയ പ്രകടനമാണ് ഗോകുലത്തെ എതിർടീമുകളുടെ പേടിസ്വപ്നമാക്കിമാറ്റുന്നത്. ബംഗ്ലാദേശിലെ ധാക്കയിൽനടന്ന ഷെയ്ഖ് കമാൽ കപ്പ് അന്താരാഷ്ട്ര ടൂർണമെന്റിൽ സെമിയിൽ കടക്കാനും കേരള ക്ലബ്ബിനായി. അർജന്റീനക്കാരൻ കോച്ച് ഫെർണാണ്ടൊ വരേലയുടെ കീഴിൽ ടീം എല്ലാ മേഖലയിലും മികവിലേക്കുയർന്നിട്ടുണ്ട്. മുന്നേറ്റനിരയിൽ ട്രിനിഡാഡ് ആൻഡ് ടുബാഗൊ സ്ട്രൈക്കർ മാർകസ് ജോസഫും യുഗാൻഡയുടെ ഹെന്റി കിസീക്കയും ചേർന്ന സഖ്യത്തിലാണ് ഗോകുലത്തിന്റെ പ്രതീക്ഷകൾ. ഡ്യൂറാന്റ് കപ്പിൽ രണ്ട് ഹാട്രിക്കുകളടക്കം 11 ഗോളുകൾ മാർകസ് സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിൽ മോഹൻ ബഗാനായി കളിച്ചിരുന്ന കിസീക്ക ഏഴുഗോൾ നേടിയിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട് താളം കണ്ടെത്തിയാൽ കഴിഞ്ഞ സീസണിലെ ഗോൾ വരൾച്ചയ്ക്ക് ഗോകുലത്തിന് വിരാമമിടാം. ട്രിനിഡാഡിൽനിന്നുള്ള മധ്യനിരക്കാരൻ നഥാനിയൽ ഗാർസിയ, അഫ്ഗാൻ ദേശീയ നിരയിലെ ഹാരൂൺ അമിരി എന്നിവരും മികച്ച ഫോമിലാണ്. മലയാളി താരങ്ങളായ മുഹമ്മദ് ഇർഷാദ്, എം.എസ്. ജിതിൻ, കെ.പി. രാഹുൽ, മുഹമ്മദ് റാഷിദ്, ഗോൾ കീപ്പർ സി.കെ. ഉബൈദ് തുടങ്ങിയവരെയും ടീം സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ സീസണിലെ ടീമിൽ വലിയ മാറ്റങ്ങളുമായാണ് നെറോക്ക ഇറങ്ങുന്നത്. പുതുതായി ആറ് വിദേശതാരങ്ങളെ ടീം സ്വന്തമാക്കി. ട്രിനിഡാഡ് ദേശീയ താരങ്ങളായ ഗോൾ കീപ്പർ മർവിൻ ഡെവോൺ ഫിലിപ്പ്, സെന്റർ ബാക്ക് ടാർക് സാംപ്സൺ, ക്വുസോമിൻ ഡിവാര എന്നിവരും കോംഗൊയുടെ യാവൊ സീക്കൊ, മാലിയുടെ ബോബാക്കർ ഡിയാര എന്നിവരും നെറോക്കയിലെത്തി. ഗോകുലത്തിന്റെ മുൻ പരിശീലകൻ ഗിഫ്റ്റ് റെയ്ഖണിന്റെ കീഴിലാണ് നെറോക്ക ഒരുങ്ങുന്നത്. ഗോകുലം ടീം കരുത്തുറ്റതാണെങ്കിലും മികച്ച പ്രകടനത്തിന് ടീം ഒരുങ്ങിക്കഴിഞ്ഞതായി റെയ്ഖൺ പറഞ്ഞു. Content Highlights:I-League kicks off the new season on Saturday; Gokulam against Neroka FC
from mathrubhumi.latestnews.rssfeed https://ift.tt/34zVhey
via IFTTT
0 അഭിപ്രായങ്ങള്‍