മഹാരാഷ്ട്ര; സ്പീക്കറുടെ തീരുമാനം നിർണായകം

മഹാരാഷ്ട്രയിൽ ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റു കഴിഞ്ഞു. മൂന്നു പ്രതിപക്ഷപ്പാർട്ടികൾ ഒരുമിച്ച് പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ സർക്കാരുണ്ടാക്കാൻ തയ്യാറെടുക്കവേ ബി.ജെ.പി.യുടെ ഈ രാഷ്ട്രീയനീക്കം ഇന്ത്യൻ രാഷ്ട്രീയത്തിൽ തഴക്കവും പഴക്കവും മെയ്വഴക്കവുമുള്ള നേതാക്കന്മാരെപ്പോലും അമ്പരിപ്പിച്ചിരിക്കുന്നു. ഒരു സർക്കാരുണ്ടായ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ ശുപാർശ രാഷ്ട്രപതിക്കു ലഭിച്ചിരുന്നോ, കേന്ദ്രമന്ത്രിസഭ കൂടിയാണോ ശുപാർശ ചെയ്തത് എന്നൊക്കെയുള്ള ചോദ്യങ്ങൾ അപ്രസക്തങ്ങളാണ്. കേന്ദ്രമന്ത്രിസഭയുടെ ഭൂരിപക്ഷപ്രശ്നമൊക്കെ പ്രസക്തമാകുന്നത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്ന സന്ദർഭത്തിലാണ്. മന്ത്രിസഭയുടെ ശുപാർശയില്ലാതെ രാഷ്ട്രപതിക്ക് ഒന്നും ചെയ്യാനാവില്ല എന്നതാണ് ഭരണഘടനാപരമായ അവസ്ഥ. ബി.ജെ.പി. കേന്ദ്രഭരണം െെകയാളിയിട്ട് അധികകാലമൊന്നുമായിട്ടില്ലല്ലോ. പക്ഷേ, അധികാരരാഷ്ട്രീയത്തിലെ െെകയാങ്കളികൾ മറ്റുള്ളവർ അവരിൽനിന്നും പഠിക്കേണ്ടിയിരിക്കുന്നു. മഹാരാഷ്ട്രയിൽ പ്രതിപക്ഷങ്ങളുടെ സർക്കാർ രൂപവത്കരണചർച്ച പുരോഗമിക്കുമ്പോഴും ബി.ജെ.പി.യിലെ ചില നേതാക്കൾ തങ്ങൾ മാത്രമേ സർക്കാർ ഉണ്ടാക്കൂവെന്ന് അർഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചിരുന്നു. അന്ന് അതാരും ശ്രദ്ധിച്ചില്ലായെന്നു തോന്നുന്നു. റിസോർട്ടുരാഷ്ട്രീയം പരാജയപ്പെട്ട ഒരുദാഹരണമായി വേണമെങ്കിൽ മഹാരാഷ്ട്രയിലെ അട്ടിമറിയെ കണക്കാക്കാം. ഇനി, മഹാരാഷ്ട്രയിലെ സംഭവവികാസങ്ങളിൽനിന്നും ഉരുത്തിരുന്നു ഭരണഘടനാപ്രശ്നങ്ങൾ എന്തൊക്കെയെന്നുനോക്കാം. ഫഡ്നവിസ് എന്ന മുഖ്യമന്ത്രിക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ടതായിട്ടുണ്ട്. മന്ത്രിക്കസേരയിൽ ഇരിപ്പായ അജിത് പവാറിന്റെ കൂടെ എത്ര എം.എൽ.എ.മാർ ഉണ്ട് എന്നുള്ളത് ചോദ്യചിഹ്നമാണ്. അദ്ദേഹം ശരദ്പവാറിന്റെ സമ്മതത്തോടുകൂടിയാണ് പോയതെങ്കിൽ എൻ.സി.പി.യുടെ എല്ലാ അംഗങ്ങളും സർക്കാരിനെ പിന്തുണയ്ക്കും. അതല്ല, സമ്മതമില്ലാതെയാണു പോയതെങ്കിൽ അജിത് പവാറിനെ അയോഗ്യനാക്കാൻ ശരദ് പവാറിന് സ്പീക്കറോട് ആവശ്യപ്പെടാം. ഭരണഘടനയുടെ 10-ാം ഷെഡ്യൂളനുസരിച്ച് ഏതെങ്കിലും ഒരംഗം സ്വമേധയാ പാർട്ടി വിട്ടുപോയി എന്നു തെളിയുകയാണെങ്കിൽ അയോഗ്യനാക്കപ്പെടും. സ്വമേധയാപാർട്ടി വിട്ടുപോയെന്ന് സ്പീക്കർക്കു ബോധ്യമാകണം. പുതുതായി വരുന്ന സ്പീക്കർക്ക് അങ്ങനെ തോന്നണമെന്നില്ല. തന്നെയുമല്ല, ഭരണകക്ഷിയുടെ ആളായ സ്പീക്കർക്ക് അങ്ങനെ ഒരിക്കലും തോന്നാറുമില്ല. മറ്റൊരുകാര്യം ശരദ്പവാർ പരാതി കൊടുത്താലും സ്പീക്കർ തീരുമാനം എടുക്കാതിരുന്നാൽ മതിയല്ലോ. സ്പീക്കർ എപ്പോൾ തീരുമാനമെടുക്കണമെന്ന് നിയമത്തിലൊന്നും വ്യക്തമായി പറയുന്നുമില്ല. ഇതിന് അനേകം ഉദാഹരണങ്ങളുണ്ട്. നാലും അഞ്ചും വർഷങ്ങൾവരെ സ്പീക്കർ തീരുമാനമെടുക്കാതിരുന്ന ഉദാഹരണങ്ങളുമുണ്ട്. മറ്റെല്ലാ കാര്യങ്ങളിലും എന്തിന്, നിയമം ഉണ്ടാക്കിക്കൊണ്ട് ജനങ്ങളുടെ മുന്നിൽ അതിന്റെ കരട് സമർപ്പിക്കൂ എന്നുപോലും ആജ്ഞാപിക്കുന്ന കോടതി ഇക്കാര്യത്തിൽ ഇതുവരെ ഇടപെട്ടുകണ്ടില്ല. കോടതിക്ക് ഇടപെടാവുന്ന വിഷയമാണിത്. പല സ്പീക്കർമാരും കൂറുമാറ്റനിയമത്തെ ഒരിക്കലും നടപ്പാക്കാത്തതായി മാറ്റിക്കഴിഞ്ഞിരിക്കുന്ന സാഹചര്യത്തിൽ കോടതി ഇടപെട്ട് ഒരു നിശ്ചിതസമയം തീരുമാനിക്കേണ്ട കാലം വൈകിയിരിക്കുന്നു എന്നുവേണം പറയാൻ. കൂറുമാറ്റ നിയമത്തിന്റെ നാലാം ഖണ്ഡികയിൽ പാർട്ടികളുടെ ലയനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. കൂറുമാറുന്നവർക്ക് അയോഗ്യതയിൽനിന്നും രക്ഷപ്പെടാനുള്ള ഒരേയൊരു മാർഗമതാണ്. പക്ഷേ, പല എം.എൽ.എ.മാരും എ.പി.മാരും വിചാരിച്ചിരിക്കുന്നതുപോലെ അതത്ര എളുപ്പമുള്ള കാര്യമല്ല. ലയനത്തിന് രണ്ടു വ്യവസ്ഥകളുണ്ട്. ഒന്ന്, തങ്ങളുടെ പാർട്ടി മറ്റൊരു പാർട്ടിയിൽ ലയിക്കുന്നതായി അതിന്റെ നേതൃത്വം ആ പാർട്ടിയുടെ ഭരണഘടനയനുസരിച്ച് തീരുമാനിക്കണം. രണ്ട്, മൂന്നിൽ രണ്ട് എം.എൽ.എ.മാരോ എം.പി.മാരോ ആ ലയനത്തിനെ പിന്തുണയ്ക്കണം. ഈ രണ്ടു വ്യവസ്ഥകളും പാലിക്കപ്പെട്ടെങ്കിൽ മാത്രമേ നിയമപരമായി ലയനം ഉണ്ടാകൂ. അപ്പോൾ മാത്രമേ കൂറുമാറുന്നവർക്ക് അയോഗ്യതയിൽനിന്ന് രക്ഷപ്പെടാൻ കഴിയൂ. അജിത്പവാർ മൂന്നിൽ രണ്ട് എം.എൽ.എ.മാരെയും കൊണ്ട് ബി.ജെ.പി.യിൽ ലയിച്ചുകളയാമെന്നു കരുതിയാൽ അതു നടക്കുകയില്ല. ശരദ്പവാർ എന്ന ദേശീയാധ്യക്ഷൻ കമ്മിറ്റികൂടി ലയിക്കാൻ തീരുമാനിക്കണം. എങ്കിലേ ലയനം നടക്കൂ. അല്ലെങ്കിൽ അജിത്പവാറും കൂട്ടരും വെള്ളത്തിലാകും. അതാണ് നിയമം. ജഗ്ജിത് സിങ്ങിന്റെയും (2006), രാജേന്ദ്രസിങ് റാണയുടെയുമൊക്കെ കേസുകളിൽ (2007) സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നാൽ, ബഹുമാനപ്പെട്ട കൂറുമാറ്റക്കാർ മറിച്ചാണ് കരുതിയിരിക്കുന്നത്. രാഷ്ട്രീയക്കാർ, എന്തിനും കുറുക്കുവഴി തേടുന്നതിന്റെ ഒരുദാഹരണം മാത്രമാണിത്. അപ്പോൾപ്പിന്നെ അജിത് പവാറിനും സുഹൃത്തുക്കൾക്കും സ്പീക്കറെ അഭയം പ്രാപിക്കുകയേയുള്ളൂ മാർഗം. സ്പീക്കറുടെ സഹായം തീർച്ചയായും പ്രതീക്ഷിക്കാം. പലർക്കും അപ്പുറത്തേക്കു പോകാനുള്ള പ്രചോദനവുമാകും. (ലോക്സഭാ മുൻസെക്രട്ടറി ജനറലാണ് ലേഖകൻ) Content Highlight: Speakers decision is important in Maharashtra political crisis

from mathrubhumi.latestnews.rssfeed https://ift.tt/35v9rxz
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍