ഫാന്‍സിനമ്പര്‍ ലേലം: കെട്ടിവെച്ച തുക കിട്ടാന്‍ മോട്ടോര്‍വാഹന വകുപ്പിലും ട്രഷറിയിലും കയറി ഇറങ്ങണം

ഫാൻസി നമ്പർ ലേലത്തിൽനിന്നു പിന്മാറുന്നവർക്ക് കെട്ടിവെക്കുന്ന തുക തിരിച്ചുകിട്ടാൻ കടമ്പകളേറെ. നമ്പറിനുവേണ്ടി ബുക്കുചെയ്യുന്ന തുക അന്നുതന്നെ ട്രഷറിയിലേക്കു കൈമാറണമെന്ന ധനവകുപ്പിന്റെ നിർദേശമാണ് അപേക്ഷകരെ വലയ്ക്കുന്നത്. ഈ തുക തിരികെക്കിട്ടാൻ പലതവണ ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയാണ്. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചാലും പകർപ്പുമായി മോട്ടോർവാഹന വകുപ്പ് ഓഫീസിലും ട്രഷറിയിലും കയറിയിറങ്ങണം. ബുക്ക് ചെയ്യാൻ ആധാർ വേണ്ടെങ്കിലും റീഫണ്ടിനു നിർബന്ധമാണ്. പണം കിട്ടാൻ ട്രഷറിയിൽ പ്രത്യേകം അപേക്ഷയും നൽകണം. ഓൺലൈൻ-അസ്സൽ അപേക്ഷകൾ ഒത്തുനോക്കി ഉത്തരവ് തയ്യാറാക്കണം. കുറഞ്ഞത് മൂന്നുമാസമെങ്കിലും കഴിഞ്ഞാൽമാത്രമേ പണം തിരികെക്കിട്ടൂ. ഈ സങ്കീർണതകൾ കാരണം ഫാൻസിനമ്പർ ലേലത്തുകയിൽ 50 ശതമാനത്തിലേറെ ഇടിവ് സംഭവിച്ചിട്ടുണ്ട്. മിക്ക ഓഫീസുകളിലെയും ഒന്നാം നമ്പറുകൾക്ക് ഒരു ലക്ഷം രൂപയാണു കിട്ടിയത്. നേരത്തേ ഒന്നാം നമ്പറിന് ശരാശരി അഞ്ചുലക്ഷം രൂപവരെ ലഭിച്ചിരുന്നു. 35 ലക്ഷം രൂപവരെ ലഭിച്ച ചരിത്രവുമുണ്ട്. ഏപ്രിൽ മുതൽ ഫാൻസി നമ്പറുകൾക്ക് ഓൺലൈൻ ബുക്കിങ്ങും ലേലവുമാണ് നടക്കുന്നത്. വിവിധ നമ്പറുകൾ ബുക്കുചെയ്യാൻ 3000 മുതൽ ഒരുലക്ഷം രൂപവരെ ഓൺലൈനിൽ അടയ്ക്കണം. ബുക്കിങ് തുക മോട്ടോർവാഹന വകുപ്പിന്റെ ദേശസാൽകൃത ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കാനും ഓൺലൈൻ റീഫണ്ട് സംവിധാനം ഏർപ്പെടുത്താനുമാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ, ബുക്കിങ് തുക അന്നുതന്നെ ട്രഷറിയിൽ അടയ്ക്കണമെന്ന് ധനവകുപ്പ് കർശനനിർദേശം നൽകി. ലേലം ഉറപ്പിക്കുന്ന തുകമാത്രമാണ് സർക്കാരിന് അവകാശപ്പെടാവുന്നത്. മറ്റുള്ളവ ബുക്കിങ് അഡ്വാൻസ് മാത്രമാണ്. നമ്പർ അനുവദിച്ചില്ലെങ്കിൽ തിരിച്ചുനൽകാമെന്ന ഉറപ്പോടെയാണ് ഈ തുക വാങ്ങുന്നത്. റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ ബുക്കിങ് സൈറ്റുകളിൽ ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് തുക സ്വയം തിരിച്ചെത്തുന്ന റീഫണ്ട് സംവിധാനമുണ്ട്. ഇതേ മാതൃകയിൽ ഓൺലൈൻ റീഫണ്ട് സംവിധാനം സജ്ജീകരിച്ചാൽ ഫാൻസി നമ്പർ ലേലം കൂടുതൽ സ്വീകാര്യമാകും. Content Highlight:Fancy Number Auction, Motor Vehicle Department

from mathrubhumi.latestnews.rssfeed https://ift.tt/2XH1dQ7
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍