തൃശ്ശൂർ: ഞങ്ങൾ മോഷ്ടിക്കാൻ കയറിയതാണ്. സഹകരിക്കണം. ഞങ്ങൾക്കും നിങ്ങൾക്കും അതാണ് നല്ലത്.- തൃശ്ശൂരിലെ മുല്ലക്കരയിൽ പാലക്കാട് ഹൈവേയോട് ചേർന്നുള്ള ഡോ. ക്രിസ്റ്റോയുടെ വീട്ടിൽക്കടന്ന മുഖംമൂടിയിട്ട നാല് മോഷ്ടാക്കൾ വീട്ടുകാരെ വിളിച്ചുണർത്തി പറഞ്ഞതിങ്ങനെയാണ്!അതിനുമുന്പും അതിനുശേഷവും നടന്നത് അവിശ്വസനീയ രംഗങ്ങൾ. പോലീസ് പറയുന്നതിങ്ങനെ - വീടിനോടു ചേർന്നുള്ള ക്ലിനിക്കിന്റെ ബലക്കുറവുള്ള വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ ഉള്ളിൽക്കടന്നത്. വീടിന്റെ വശത്ത് സൂക്ഷിച്ചിരുന്ന അരിവാളും മോഷ്ടിക്കളിലൊരാൾ കൈയിലെടുത്തിരുന്നു. ക്ലിനിക്കിൽനിന്ന് വീട്ടിലേക്ക് കടക്കാനുള്ള വഴിയിൽ ചില്ലിന്റെ കതകായിരുന്നു. അത് പൊട്ടിച്ച് അകത്തുകടന്നു. അവിടെയായിരുന്നു ഡോക്ടറുടെ അമ്മയും മകനും ഉറങ്ങിയിരുന്നത്. അമ്മയെ വിളിച്ചുണർത്തി മോഷ്ടാക്കൾ പറഞ്ഞു-മോഷ്ടിക്കാൻ കയറിയതാണ്. ഒച്ചയുണ്ടാക്കരുത്. പിന്നീട് അവിടെയുറങ്ങിയ മകനെയും വിളിച്ചുണർത്തി കൂടെക്കൂട്ടി ഡോക്ടറും ഭാര്യയും ഉറങ്ങുന്ന മുകൾനിലയിലെ മുറിയിലേക്ക് പോയി. മകനെക്കൊണ്ട് അച്ഛനെയും അമ്മനെയും വിളിപ്പിച്ചു. മകൻ വിളിക്കുന്നത് കേട്ട് വാതിൽതുറന്ന ഡോക്ടറുടെ മുന്നിൽ എത്തിയത് മൂന്ന് മോഷ്ടാക്കൾ. ഒരാൾ താഴത്തെ നിലയിൽ അമ്മ ഒച്ചയുണ്ടാക്കാതിരിക്കാനായി കാവലിരിക്കുകയായിരുന്നു. മകനെ അച്ഛനമ്മമാരുടെ അടുത്തേക്കുവിട്ട് മോഷ്ടാക്കൾ പറഞ്ഞു- ഞങ്ങൾ മോഷ്ടിക്കാൻ കയറിയതാണ്. സഹകരിക്കണം. ഞങ്ങൾക്കും നിങ്ങൾക്കും അതാണ് നല്ലത്. പണവും സ്വർണവും എവിടെയെന്ന ചോദ്യത്തിന് അതൊന്നുമില്ലെന്നായിരുന്നുഡോക്ടറുടെയുംഭാര്യയുടെയും മറുപടി. ഉണ്ടെന്ന് ഞങ്ങൾക്കറിയാമല്ലോ, അതുറപ്പാക്കിയല്ലേ ഈ പണിക്കെത്തിയത് എന്നുപറഞ്ഞ മോഷ്ടാക്കൾ മുറി മുഴുവൻ അരിച്ചുപെറുക്കി. അലമാരിയിലെ വസ്ത്രങ്ങളെല്ലാം വലിച്ചുവാരിയിട്ടു. ഒന്നും കാണാത്തതിനാൽ കുപിതരായി നിൽക്കുമ്പോഴാണ് അലമാരയുടെ പുറത്ത് കരടിക്കുട്ടിയുടെ ബൊമ്മ കണ്ടത്. ഒന്നുംകണ്ടെത്താതെ നിന്ന മോഷ്ടാക്കളിലൊരാൾ അരിശംപൂണ്ട് അരിവാൾ കൊണ്ട് ബൊമ്മയെ വെട്ടി. അപ്പോൾ ബൊമ്മയുടെ വയറ്റിൽനിന്ന് സ്വർണാഭരണങ്ങളും അഞ്ചെട്ടുകെട്ട് നോട്ടും താഴെവീണു. 30 പവൻ സ്വർണവും 80,000 രൂപയും! അതെല്ലാം എടുത്തിറങ്ങിയ മോഷ്ടാക്കൾ സി.സി.ടി.വി.യുടെ ഹാർഡ് ഡിസ്കും എടുത്തു. എന്നിട്ട് പറഞ്ഞു -ഇത് എനിക്ക് വേണം. ഇത് ഞാനെടുക്കുവാ! അതേ സമയം വീട്ടിന് മുന്നിലെ വഴിയിൽ.... മണ്ണുത്തി പോലീസ്സ്റ്റേഷൻ പരിധിയിലെ മുല്ലക്കര ഡോൺബോസ്കോ സ്കൂളിന് എതിർവശം ഡോ. ക്രിസ്റ്റോയുടെ വീട്ടിൽ വെളുപ്പിന് മൂന്നിന് മോഷണം അരങ്ങേറുമ്പോൾ പുറത്ത് വേറൊരു നാടകം അരങ്ങേറുന്നുണ്ടായിരുന്നു. വീടിന് നേരെ മുന്നിൽ ഹൈവേയുടെ ഓരത്ത് ഒരു കാർ കിടക്കുന്നുണ്ടായിരുന്നു. രാത്രി അതുവഴി വന്ന റോന്ത് പോലീസിന് സംശയം തോന്നി കാറുകാരന്റെ അടുത്തെത്തി. കാര്യം തിരക്കി. ദൂരയാത്ര കഴിഞ്ഞ് വരുകയാണെന്നും ഉറക്കം തോന്നിയതിനാൽ നിർത്തിയതാണെന്നുമായിരുന്നു മറുപടി. വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ എല്ലാം കൃത്യം. നന്നായി ഉറങ്ങിയ ശേഷം പോയാൽ മതിയെന്ന ഉപദേശം നൽകിയാണ് പോലീസ് മടങ്ങിയത്.കെ.എ.51എം- 1093 എന്ന കാർ നമ്പർ പോലീസ് ഓർത്തുവെച്ചത് നന്നായി. ഇപ്പോൾ കേസിൽ അത് മാത്രമാണ് തുമ്പ്. മോഷണം നടന്നവീട്ടിലെത്തിച്ച പോലീസ് നായ മണംപിടിച്ചോടിയതും ഈ കാർ നിർത്തിയ ഇടം വരെ. എന്തായാലും കർണാടക രജിസ്ട്രേഷനുള്ള കാറിൽ എത്തിയത് തമിഴ്നാട്ടുകാരാണെന്ന സൂചന പോലീസിന് കിട്ടിയിട്ടുണ്ട്. പക്ഷേ, അവർ ഡോക്ടറുടെ വീട്ടിൽ സംസാരിച്ചത് മുഴുവൻ ഇംഗ്ലീഷിലായിരുന്നു. Content Highlights: huge theft in thrissur, gold and money looted
from mathrubhumi.latestnews.rssfeed https://ift.tt/2XFjrSl
via IFTTT
0 അഭിപ്രായങ്ങള്‍