
കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വലിയ വിവാദങ്ങൾക്ക് വഴിവെച്ച ഹിജാബ് നിരോധന നയത്തിൽ നിർണ്ണായക മാറ്റവുമായി സംസ്ഥാന സർക്കാർ. 2022-ൽ ബിജെപി സർക്കാർ ഏർപ്പെടുത്തിയ യൂണിഫോം നിയന്ത്രണ ഉത്തരവ് റദ്ദാക്കിക്കൊണ്ട് മെയ്യ് 13 ന് പുതിയ വിജ്ഞാപനം പുറത്തിറക്കി.
പുതിയ ഉത്തരവ് പ്രകാരം സ്കൂൾ യൂണിഫോമിനൊപ്പം ഹിജാബ്, പൂണൂൽ തുടങ്ങിയ മതപരമായ ചിഹ്നങ്ങൾ ധരിക്കാൻ വിദ്യാർത്ഥികൾക്ക് അനുവാദമുണ്ടാകും. വിപുലമായ നിയമ പോരാട്ടങ്ങൾക്കും രാഷ്ട്രീയ തർക്കങ്ങൾക്കും കാരണമായ വിഷയത്തിലാണ് സർക്കാർ ഇപ്പോൾ മതേതരമായ പുതിയ സമീപനം സ്വീകരിച്ചിരിക്കുന്നത്.
പുതിയ ഉത്തരവ് അനുസരിച്ച് സർക്കാർ, സ്വകാര്യ സ്കൂളുകളിലും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളിലും യൂണിഫോം നിർബന്ധമായി തുടരും. എന്നാൽ യൂണിഫോമിന് തടസ്സമാകാത്ത രീതിയിൽ ഹിജാബ്, ജനിവാര (പൂണൂൽ), ശിവധാര, രുദ്രാക്ഷം തുടങ്ങിയ പരമ്പരാഗത മതചിഹ്നങ്ങൾ ധരിക്കാൻ വിദ്യാർത്ഥികൾക്ക് തടസ്സമുണ്ടാകില്ല.
ഇത്തരം ചിഹ്നങ്ങൾ ധരിച്ചെത്തുന്ന ഒരു വിദ്യാർത്ഥിക്കും ക്ലാസ് മുറികളിലോ പരീക്ഷാ ഹാളിലോ പ്രവേശനം നിഷേധിക്കരുതെന്ന് സർക്കാർ പ്രത്യേകം നിർദ്ദേശിച്ചു. അതേസമയം, കാവി ഷാൾ ധരിക്കുന്നതിന് അനുമതി നൽകിയിട്ടില്ല. കാവി ഷാൾ മതപരമായ ആചാരത്തിന്റെ ഭാഗമല്ലെന്ന നിലപാടിലാണ് സർക്കാർ ഇത്തരമൊരു തീരുമാനം എടുത്തത്.
മതപരമായ ചിഹ്നങ്ങൾ ധരിക്കാൻ ആരെയും നിർബന്ധിക്കാനോ, ധരിക്കുന്നവരെ തടയാനോ പാടില്ലെന്നും വിവേചനരഹിതമായ രീതിയിൽ ഈ നയം നടപ്പിലാക്കണമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നു. 12-ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താവ് ബസവണ്ണയുടെ ‘ഇവ നമ്മവ’ (ഇവർ നമ്മുടേതാണ്) എന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ചിന്താഗതി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പിന്തുടരണമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. മുൻപുണ്ടായിരുന്ന എല്ലാ വിരുദ്ധ ഉത്തരവുകളും റദ്ദാക്കിയതോടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ ഈ പുതിയ തീരുമാനം വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്.
The post ബിജെപി സർക്കാർ ഏർപ്പെടുത്തിയ യൂണിഫോം നിയന്ത്രണ ഉത്തരവ് റദ്ദാക്കി കർണാടക സർക്കാർ appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/BCyq7Ab
via IFTTT
0 അഭിപ്രായങ്ങള്‍