
കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ഉടലെടുത്ത തർക്കങ്ങളിൽ ഹൈക്കമാൻഡ് ഇടപെടലിനെത്തുടർന്ന് താൽക്കാലിക വെടിനിർത്തൽ. നേതാക്കൾ പരസ്യപ്രതികരണം നടത്തരുതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരനും സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയും കർശന നിർദ്ദേശം നൽകി.
ഈ സാഹചര്യത്തിൽ, മഹാരാഷ്ട്രയിലെ സംഘടനാ ചുമതലയുള്ള രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിൽ മല്ലികാർജുന ഖാർഗെയും രാഹുൽ ഗാന്ധിയെയും കാണുന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. കൂടിക്കാഴ്ചയിൽ മഹാരാഷ്ട്ര കാര്യങ്ങളാണ് പ്രധാനമെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ടെങ്കിലും, കേരളത്തിലെ പുതിയ സംഭവവികാസങ്ങളും ചർച്ചാവിഷയമാകുമെന്നാണ് സൂചന.
നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പുകൾക്കിടയിൽ സമാനതകളില്ലാത്ത പോരാട്ടമാണ് നടക്കുന്നത്. കെ.സി. വേണുഗോപാലിനെ ഉയർത്തിക്കാട്ടി കെ. സുധാകരൻ നടത്തിയ പ്രസ്താവനകൾ വലിയ ചർച്ചയായിട്ടുണ്ട്. കേരളത്തിന്റെ വികസനത്തിന് വേണുഗോപാലിന്റെ നേതൃത്വം അനിവാര്യമാണെന്ന വാദവുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തിറങ്ങിയപ്പോൾ, അത് വി.ഡി. സതീശൻ പക്ഷത്തെ ചൊടിപ്പിച്ചിട്ടുണ്ട്. കെ.സി. വേണുഗോപാൽ തന്നെ നേരിട്ട് മൽസരരംഗത്തുണ്ടാകുമെന്ന സൂചനകൾ നൽകുന്നതിലൂടെ സി.എം. റേസിലെ ആവേശം ഇരട്ടിച്ചിരിക്കുകയാണ്.
സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ചും ഗ്രൂപ്പ് തിരിഞ്ഞുള്ള സൈബർ യുദ്ധം ശക്തമാണ്. സുധാകരന്റെ പോസ്റ്റിന് താഴെ ഭൂരിഭാഗം പേരും സതീശനായി മുറവിളി കൂട്ടുമ്പോൾ, മറുവശത്ത് ആസൂത്രിതമായ ക്യാമ്പയിനുകളിലൂടെ വേണുഗോപാലിനെ പിന്തുണയ്ക്കാൻ ഒരു വിഭാഗം നേതാക്കൾ സ്വിച്ചിട്ട പോലെ രംഗത്തെത്തി. തർക്കങ്ങൾക്കിടയിൽ വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ് രമേശ് ചെന്നിത്തല. എങ്കിലും ഗ്രൂപ്പ് പോരിന് തടയിടാനും അച്ചടക്കം ഉറപ്പാക്കാനും ഹൈക്കമാൻഡിന്റെ ശക്തമായ ഇടപെടൽ അനിവാര്യമാണെന്ന് പാർട്ടിയിലെ ഒരു വിഭാഗം വിശ്വസിക്കുന്നു.
The post കോൺഗ്രസിലെ മുഖ്യമന്ത്രി തർക്കം; ചെന്നിത്തല ഡൽഹിയിൽ മല്ലികാർജുന ഖാർഗെയും രാഹുൽ ഗാന്ധിയെയും കാണും appeared first on ഇവാർത്ത | Evartha.
from ഇവാർത്ത | Evartha https://ift.tt/OukF7xe
via IFTTT
0 അഭിപ്രായങ്ങള്‍