യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം

തിരുവനന്തപുരം: യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് പറഞ്ഞു വിശ്വസിപ്പിച്ചെന്ന് കുടുംബം ആരോപിക്കുന്നു.

നയനയുടെ മരണത്തില്‍ പുതിയ സംഘത്തിന്‍റെ അന്വേഷണം ഇന്ന് തുടങ്ങും. നയനയുടെ ശരീരത്തില്‍ കണ്ടെത്തിയ പാടുകളെക്കുറിച്ച്‌ പൊലീസ് തങ്ങളെ അറിയിച്ചിരുന്നില്ലെന്നും നയനയുടെ മരണം വീണ്ടും അന്വേഷിക്കണമെന്നും യുവതിയുടെ സഹോദരങ്ങള്‍ ആവശ്യപ്പെട്ടു.

2019-ല്‍ നയന മരിച്ചതിന് പിന്നാലെ അസ്വാഭാവിക മരണത്തിന് മ്യൂസിയം പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ദുരൂഹതയൊന്നുമില്ലെന്നായിരുന്നു കുടുംബത്തെ അറിയിച്ചിരുന്നത്. ഷുഗര്‍ രോഗിയായതിനാല്‍ ഇതാകാം മരണകാരണമെന്ന് കുടുംബവും വിശ്വസിച്ചു. അന്ന് നയനയുടെ ശരീരത്തിലുണ്ടായിരുന്ന പാടുകളുടെ കാര്യം പൊലീസ് മറച്ചുവച്ചുവന്നാണ് കുടുംബം പറയുന്നത്.

നയന മരിച്ച്‌ കുറച്ചു ദിവസം കഴിഞ്ഞ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് കിട്ടിയിരുന്നു. എന്നാല്‍ പൊലീസ് പറഞ്ഞത് വിശ്വസിച്ചിരുന്നത് കൊണ്ട് ഇത് വായിച്ചു പോലും നോക്കിയിരുന്നില്ല. പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായത് വലിയ വീഴ്ചയാണെന്നും മരണം വീണ്ടും അന്വേഷിക്കണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.

2019 ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആല്‍ത്തറയിലെ വാടക വീട്ടില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്ന് വര്‍ഷത്തിനിപ്പുറം പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ ചില വിവരങ്ങള്‍ സുഹൃത്തുക്കള്‍ പുറത്തുവിട്ടതോടെയാണ് മരണത്തെക്കുറിച്ച്‌ സംശയം ഉയര്‍ന്നത്. നയനയുടെ കഴുത്ത് ശക്തമായി ഞെരിഞ്ഞിരുന്നുവെന്നും അടിവയറ്റില്‍ ചവിട്ടേറ്റ് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തകരാറിലായെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ദുരൂഹമായ ഈ പരിക്കുകളെക്കുറിച്ച്‌ അന്വേഷിക്കാതെ പൊലീസ് അതിവേഗം കേസ് അന്വേഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം.

The post യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ പൊലീസിനെതിരെ ആരോപണവുമായി കുടുംബം appeared first on ഇവാർത്ത | Evartha.



from ഇവാർത്ത | Evartha https://ift.tt/dHZKt4Q
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍