ആരോഗ്യകരമായ ജീവിതത്തിനായി യോഗ പരിശീലിക്കണമെങ്കിൽ, ആദ്യം ഈ ആസനം ശീലിച്ച് തുടങ്ങാം. ഏറ്റവും അടിസ്ഥാനപരമായ യോഗാസനങ്ങളിൽ ഒന്നാണ് (tadasanam ) താടാസനം . താരതമ്യേന ലളിതവും ഒരു തുടക്കക്കാരൻ എന്ന നിലയിൽ ചെയ്യാൻ ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ കഴിയുന്നതുമാണ് ഈ യോഗാസനം.
താട എന്ന വാക്കിനർത്ഥം പർവ്വതം എന്നാണ്. ഈ ആസനം നിങ്ങളെ പർവ്വതം പോലെ ഗാംഭീര്യത്തോടെയും സമനിലയോടെയും നിവർന്നു നിൽക്കാൻ പഠിപ്പിക്കുന്നതാണ്. ഈ ആസനം ചെയ്തു തുടങ്ങാനായി ഏറ്റവും ആദ്യം നിങ്ങൾ നേരെ നടു നിവർത്തി നിൽക്കണം. പാദങ്ങൾ പരസ്പരം അടുപ്പിച്ച് ചേർത്ത് നിൽക്കണം. ഉപ്പൂറ്റിയുടെ ഭാഗത്തായി ഒരു ചെറിയ വിടവ് നിലനിർത്തുക. നിങ്ങളുടെ കൈകൾ നേരെയാക്കി അരക്കെട്ടിന് അടുത്തായി ചേർത്ത് വയ്ക്കുക. തുടർന്ന് പതുക്കെ നിങ്ങളുടെ കാൽവിരലുകളും കണങ്കാലും മുകളിലേക്ക് ഉയർത്തുക. ഈ ആസനത്തിൽ നിന്നു കൊണ്ട് നിങ്ങളുടെ ശരീരം ബാലൻസ് ചെയ്യുക. ശരീരം മുകളിലേക്ക് ഉയർത്തുമ്പോൾ പതുക്കെ ശ്വാസം എടുക്കണം. തുടർന്ന് നിങ്ങളുടെ കൈകൾ നിങ്ങളുടെ തലയ്ക്ക് മുകളിലേക്ക് ഉയർത്തി സ്ട്രെച്ച് ചെയ്യുക. ഈ പൊസിഷനിൽ നിൽക്കുമ്പോൾ നിങ്ങൾ തികച്ചും നിവർന്നു നിൽക്കണം, നിങ്ങളുടെ തോളും കണങ്കാലുകളും നേർരേഖയിലായിരിക്കണം. ശ്വാസം വിട്ടുകൊണ്ട് തിരികെ യഥാസ്ഥാനത്തേക്ക് മടങ്ങിവരാം.

0 അഭിപ്രായങ്ങള്‍