പാലാ: അമ്മേ നമുക്കും നല്ലകാലം വരും, അതിനായി ഞാൻ നന്നായി പഠിക്കും -നിഥിന അമ്മ ബിന്ദുവിനോട് എപ്പോഴും പറയും. പ്രളയത്തെയും കടബാധ്യതയെയുമൊക്കെ നിശ്ചയദാർഢ്യത്തോടെ അതിജീവിച്ച നിഥിനയുടെ സ്വപ്നങ്ങളിൽ നല്ലകാലം നിറഞ്ഞിരുന്നു. ആ സ്വപ്നങ്ങളാണ് പാലാ സെയ്ന്റ് തോമസ് കോളേജിലെ മരച്ചുവട്ടിൽ ഒരു കത്തിമുനയിൽ അവസാനിച്ചത്. ബിന്ദുവിന് മെഡിക്കൽ കോളേജിൽ ലഭിച്ച താത്കാലികജോലിയിൽ പ്രവേശിക്കേണ്ട ദിനമായിരുന്നു വെള്ളിയാഴ്ച. സഹകരണ ബാങ്കിലെ സ്വന്തം ഭൂമിയുടെ ചില സാങ്കേതികപ്രശ്നങ്ങൾ പരിഹരിച്ച് ജോലിക്കു ഹാജരാകാൻ പോവുകയായിരുന്നു. ഉല്ലാസത്തോടെ സ്കൂട്ടറിൽ കോളേജിലേക്കു പോയ മകളെ പാലാ മരിയൻ ആശുപത്രിയിൽ സുഖമില്ലാതെ എത്തിച്ചിരിക്കുന്നുവെന്ന് അറിയിപ്പുവന്നു. ആശുപത്രിയിൽ എത്തിയ അമ്മ കണ്ടത് മകളുടെ ചേതനയറ്റ ശരീരം. ശാരീരിക അസ്വസ്ഥതയുണ്ടായ ബിന്ദുവിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. അവിടെ കിടന്ന് ആ അമ്മ ഓർത്തതെല്ലാം മകളുമൊത്തുള്ള നിമിഷങ്ങൾ. പഠിച്ച് വലുതാകുമെന്ന അവളുടെ ഉറപ്പുകൾ. ഡി.വൈ.എഫ്.ഐ. ഉദയനാപുരം ഈസ്റ്റ് മേഖലാ വൈസ് പ്രസിഡന്റായിരുന്നു നിഥിന. ഉജ്ജ്വലപ്രവർത്തകയായിരുന്നു അവരെന്ന് സഹപ്രവർത്തകനായ ബ്രിജിത്ത് ലാൽ ഓർക്കുന്നു. പ്രളയകാലത്തെ ദുരിതാശ്വാസ പ്രവർത്തനം എല്ലാവരും ഓർക്കുന്നു. നാട്ടിലെ മാലിന്യസംസ്കരണ ജോലികളിലും നേതൃത്വം വഹിച്ചു. അമ്മ ബിന്ദു തയ്യൽ ജോലിചെയ്താണ് കുടുംബം പോറ്റിയിരുന്നത്. കരൾ രോഗം ബാധിച്ചതിനെത്തുടർന്ന് ഇവർക്ക് ജോലിചെയ്യാൻ വയ്യാതായി. ഇതോടെ, കുടുംബത്തിലെ വരുമാനം നിലച്ചു. നിഥിന വസ്ത്രവ്യാപാരശാലയിൽ ജോലിക്കുപോയി അമ്മയ്ക്കു താങ്ങായി. റബ്ബർ കൈയുറകൾ പായ്ക്ക് ചെയ്യുന്ന ജോലിയും അമ്മയും മകളുമൊത്ത് ചെയ്തിരുന്നു. മുമ്പ് തുറുവേലികുന്നേൽ താമസിച്ചിരുന്ന അമ്മയും മകളും 13 വർഷം മുമ്പാണ് തലയോലപ്പറമ്പിലേക്കു താമസം മാറ്റിയത്. പ്രളയത്തിൽ വീട് തകർന്ന് പ്രയാസത്തിലായ ഇവർക്ക് ജോയ് ആലുക്കാസ് ഗ്രൂപ്പാണ് വീട് നിർമിച്ചുകൊടുത്തത്. വല്ലകം സെയ്ന്റ്മേരീസ് സ്കൂൾ, തലയോലപ്പറമ്പ് ഗവ. വി.എച്ച്.എസ്.എസ്. എന്നിവിടങ്ങളിലായിരുന്നു നിഥിനയുടെ വിദ്യാഭ്യാസം. കാത്തുനിന്നു, കഴുത്തറത്തു പാലാ: സെയ്ന്റ് തോമസ് കോളേജ് കാന്പസിൽ വിദ്യാർഥി സഹപാഠിയെ കഴുത്തറത്തുകൊന്നത് പരീക്ഷാഹാളിൽനിന്ന് ഇറങ്ങിയശേഷം. പോലീസ് പറയുന്നത്: പ്രതിയും നിഥിനാ മോളും പ്രണയത്തിലായിരുന്നു. സമീപകാലത്ത് പെൺകുട്ടിയുടെ ഫെയ്സ്ബുക്കിൽ മറ്റൊരു യുവാവിന്റെ ചിത്രം കണ്ടതിനെച്ചൊല്ലി തർക്കമുണ്ടായി. ബുധനാഴ്ച വൈവ പരീക്ഷയ്ക്ക് ഇരുവരും എത്തിയിരുന്നു. ചില റിപ്പോർട്ടുകൾ സമർപ്പിക്കാത്തതിനാൽ അഭിഷേകിനെ പരീക്ഷയെഴുതിച്ചില്ല. അന്ന് പെൺകുട്ടിയുടെ മൊബൈൽ അഭിഷേക് എടുത്തുകൊണ്ടുപോയി. നിഥിനയെ കൊലപ്പെടുത്തണമെന്ന് താൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പ്രതി മൊഴിനൽകി. നിഥിന സമീപകാലത്ത് അകൽച്ചകാണിച്ചു. സ്വയം കൈയിൽ മുറിവേല്പിച്ച് ഭയപ്പെടുത്താനാണ് കത്തി കൊണ്ടുവന്നത്. മറ്റൊരു യുവാവുമൊത്തുള്ള ഫോട്ടോയുടെ കാര്യം ചോദിച്ചപ്പോൾ പെൺകുട്ടി മറുപടി പറയാത്തതിനാൽ പെട്ടെന്നുണ്ടായ പ്രകോപനത്തിലാണ് കഴുത്തറുത്തത്. എന്നാൽ, മൊഴികൾ വിശ്വസനീയമല്ലെന്നും കൊലപാതകം ചെയ്യാനുറച്ചാണ് ആയുധവുമായി വന്നതെന്നും പോലീസ് പറയുന്നു. മൃതദേഹം ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തും. കൺമുന്നിൽ പിടഞ്ഞു ഹരി ആർ.പിഷാരടി പാലാ: പഠിച്ച കോളേജിൽ ഇങ്ങനെയൊരു സംഭവം കാണേണ്ടിവരുമെന്ന് വിഷ്ണുവിജയനും ആൽബിനും കരുതിയിരുന്നില്ല. ടി.സി. വാങ്ങാൻ കോളേജിലെത്തിയതായിരുന്നു എം.എ. പൊളിറ്റിക്സ് വിദ്യാർഥികളായിരുന്ന വിഷ്ണുവും ആൽബിനും. വിഷ്ണു പറയുന്നു പരീക്ഷ കഴിഞ്ഞിറങ്ങിയ അഭിഷേക് ആരെയോ കാത്തുനിൽക്കുന്നത് പോലെ തോന്നി. കുറേസമയം കഴിഞ്ഞ് പെൺകുട്ടി പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോൾ ഇരുവരും 50 മീറ്ററോളം ഒരുമിച്ച് നടന്നുനീങ്ങി. പെൺകുട്ടിയുടെ ഉച്ചത്തിലുള്ള ശബദ്ംകേട്ടാണ് ശ്രദ്ധിച്ചത്. ഞങ്ങൾ ഓടിച്ചെന്നപ്പോൾ പെൺകുട്ടിയുടെ കഴുത്തിനുപിടിച്ച് താഴെ ഇരുത്തുന്നതാണ് കണ്ടത്. അടുത്തുചെന്നപ്പോൾ പെൺകുട്ടിയുടെ വസ്ത്രങ്ങൾ മുഴുവൻ ചോര. പേപ്പർ കട്ടറും ആ പയ്യന്റെ കൈയിലുണ്ടായിരുന്നു. പെൺകുട്ടിയുടെ കഴുത്തിൽനിന്ന് ചോര ഒഴുകുന്നു. പെൺകുട്ടിയെ പിടിക്കാൻ പേടിയുണ്ടായിരുന്നു. നിലത്തെല്ലാം ചോര. കുട്ടിയുെട മൊബൈൽഫോണും മാസ്കും നിലത്തു വീണുകിടക്കുന്നുണ്ടായിരുന്നു. പകയിൽ പൊലിഞ്ഞവർ 2019 മാർച്ച് 12: റേഡിയോളജി വിദ്യാർഥിനി കവിത വിജയകുമാറിനെ തിരുവല്ലയിലെ ബസ്സ്റ്റോപ്പിൽവെച്ച് പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. ബിരുദവിദ്യാർഥി കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു അറസ്റ്റിലായി. ഏപ്രിൽ 4: തൃശ്ശൂർ ചിയ്യാരത്ത് ബി.ടെക്. വിദ്യാർഥി നീതുവിനെ വീട്ടിലെത്തി കുത്തിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. വടക്കാട് സ്വദേശി നിധീഷായിരുന്നു പ്രതി. ജൂൺ 15: മാവേലിക്കര വള്ളികുന്ന് സ്റ്റേഷനിലെ വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം പെട്രോളൊഴിച്ച് തീകൊളുത്തികൊന്നു. ആലുവ ട്രാഫിക് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന അജാസായിരുന്നു പ്രതി. ഒക്ടോബർ 10: കൊച്ചി കാക്കനാട് പ്ലസ്ടു വിദ്യാർഥിനി ദേവികയെ പറവൂർ സ്വദേശിയായ മിഥുൻ രാത്രി വീട്ടിലെത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. മിഥുൻ ആത്മഹത്യചെയ്തു. 2020 ജനുവരി 8: കൊച്ചി മരടിൽനിന്ന് കാണാതായ പ്ളസ്ടു വിദ്യാർഥിനി കലൂർ താന്നിപ്പള്ളി വീട്ടിൽ ഗോപികയെ കൊലപ്പെടുത്തി വാൽപ്പാറയിലെ തേയിലത്തോട്ടത്തിൽ ഉപേക്ഷിച്ചു.പ്രതി നെട്ടൂർ സ്വദേശി സഫർ ഷാ. ജൂൺ 6: കാരക്കോണം സ്വദേശി അഷിതയെ കഴുത്തറുത്ത് കൊന്നശേഷം ഓട്ടോ ഡ്രൈവറായിരുന്ന അനുവും ആത്മഹത്യചെയ്തു. 2021 ജൂൺ 17: പെരിന്തൽമണ്ണ സ്വദേശിനി ദൃശ്യയെ പ്രതി വിനീഷ് വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തി. ജൂലായ് 30: കോതമംഗലത്ത് ഹൗസ് സർജനായ ഡോ. പി.വി. മാനസയെ വെടിവെച്ചു കൊന്നശേഷം പ്രതി രാഖിൽ ജീവനൊടുക്കി.
from mathrubhumi.latestnews.rssfeed https://ift.tt/3oqvfqN
via IFTTT
0 അഭിപ്രായങ്ങള്‍