തോപ്പുംപടി (കൊച്ചി): കേരളത്തിൽ ചരക്ക് ഗതാഗതത്തിനായി 51 വിദേശമലയാളികൾ ചേർന്ന് തുടങ്ങിയ ആദ്യത്തെ ഷിപ്പിങ് കമ്പനി കടക്കെണിയിൽ. ഇവരുടെ കപ്പൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണിപ്പോൾ. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ‘ഗ്രേറ്റ് സീ ഷിപ്പിങ് ലിമിറ്റഡ്’ ആണ് 45 കോടിയുടെ കടക്കെണിയിലായത്. ‘എമർജിങ് കേരള’യുടെ ഭാഗമായി 2014-ലാണ് പദ്ധതി ആരംഭിച്ചത്.കോടികൾ മുടക്കി ‘ഗ്രേറ്റ് സീ വേമ്പനാട്’ എന്ന പേരിൽ ഒരു കപ്പൽ ഇറക്കി. ബേപ്പൂർ, അഴീക്കൽ, കൊച്ചി, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള ചരക്കുഗതാഗതമാണ് ലക്ഷ്യമിട്ടത്. ഇതിനായി ഒട്ടേറെ ആനുകൂല്യങ്ങൾ സർക്കാർ വാഗ്ദാനം നൽകിയിരുന്നു. എന്നാൽ, രേഖാമൂലം നൽകിയ ഉറപ്പുകളൊന്നും പാലിക്കാൻ സർക്കാർ കൂട്ടാക്കിയില്ലത്രെ. ജലമാർഗമുള്ള ചരക്കു ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയായിരുന്നു ഇത്. എന്നാൽ, മൈനർ തുറമുഖങ്ങൾ വികസിപ്പിച്ച് അവിടേക്ക് ചരക്ക് എത്തിക്കാൻ ഒരു ശ്രമവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. വലിയ നഷ്ടമുണ്ടായി. ഇത് നികത്തുന്നതിന് ഇൻസന്റീവ് നൽകുമെന്നാണ് പറഞ്ഞിരുന്നത്. അതും നടന്നില്ല. കപ്പൽ അടുക്കുന്നതിനുള്ള സൗകര്യങ്ങൾ പോലും പല തുറമുഖങ്ങളിലും ഒരുക്കിയില്ല. തുറമുഖങ്ങളിലെ ചരക്ക് ഹാൻഡ്‌ലിങ് ചാർജ്, പോർട്ട് ചാർജ് എന്നിവയിൽ ഇളവുകളും സർക്കാർ വാഗ്ദാനം ചെയ്തിരുന്നു, അതും ലഭിച്ചില്ല. ചിലയിടത്ത് ചരക്ക് ഇറക്കാൻ ക്രെയിൻപോലും കിട്ടിയില്ല. കടംകയറി ബാങ്ക് നടപടികളായി. പണം ഈടാക്കുന്നതിന് കോടതി ഇടപെട്ട് വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണ് മുനമ്പം ഹാർബറിൽ കിടക്കുന്ന കപ്പൽ.
from mathrubhumi.latestnews.rssfeed https://ift.tt/3ml1s00
via IFTTT
0 അഭിപ്രായങ്ങള്‍