പാലക്കാട്: സാമ്പത്തിക ഇടപാട് സംബന്ധിച്ച് തർക്കത്തെ തുടർന്ന് യുവാവിനെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമം.പെരിന്തൽമണ്ണ താഴേക്കോട് ചോലമുഖത്ത് ഫാസിലിനെയാണ് (27) അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ അമ്പലപ്പാറ ചുനങ്ങാട് സ്വദേശി പി. ഉസ്മാനെ (32) ഒറ്റപ്പാലം പോലീസ് അറസ്റ്റുചെയ്തു. ഇടിയേറ്റ് തെറിച്ച് വീഴാതെ ബോണറ്റിൽ അള്ളിപ്പിടിച്ച ഫാസിലിനെ വേഗത്തിൽ കാറോടിച്ച് തള്ളിയിടാൻ ശ്രമിച്ചു. എന്നിട്ടും വീഴാതിരുന്നപ്പോൾ കാർ നേരെ ഓടിച്ച് കയറ്റിയത് ഒറ്റപ്പാലം പോലീസ് സ്റ്റേഷനിലേക്ക്. ബുധനാഴ്ച രാവിലെ ആറ് മണിക്കാണ് സംഭവം. സംഭവം ഇങ്ങനെ മലപ്പുറം പെരിന്തൽമണ്ണയിൽ ബെൽറ്റ്, തൊപ്പി എന്നിവയുടെ മൊത്തവ്യാപാരം നടത്തുന്നയാളാണ് ഫാസിൽ. സെപ്റ്റംബർ 19ന് ഉസ്മാൻ ഫാസിലിന്റെ അടുത്ത് നിന്ന് 70,000 രൂപയുടെ സാധനങ്ങൾ കച്ചവടത്തിനായി വാങ്ങി.ഉസ്മാന്റെ സഹോദരനുമായുള്ള പരിചയത്തിന്റെ പേരിൽ പണം വാങ്ങാതെയാണ് സാധനങ്ങൾ നൽകിയത്. പിന്നീട് പണം ആവശ്യപ്പെട്ട് വിളിച്ചപ്പോഴൊന്നും ഉസ്മാൻ അത് നൽകാതെ ഓരോ ഒഴിവുകൾ പറഞ്ഞുകൊണ്ടിരുന്നു. പല തവണ സാവകാശം നൽകിയിട്ടും പണം തിരികെ നൽകാൻ ഉസ്മാൻ തയ്യാറായില്ല. ഇതോടെ പണം ചോദിക്കാൻ കൂട്ടുകാരുമൊത്ത് ഉസ്മാൻ യാത്ര ചെയ്യുന്ന വഴിയിൽ കാത്ത് നിന്നതായിരുന്നു ഫാസിൽ.ഉസ്മാൻ വാഹനമോടിച്ചുവരുമ്പോൾ കൈകാണിച്ചെങ്കിലും നിർത്തിയില്ലെന്നും തുടർന്ന് തന്നെ കാറിടിപ്പിച്ചെന്നും ഫാസിൽ പറയുന്നു. കാറിന്റെ ബോണറ്റിൽ ഫാസിൽ പിടിച്ചുതൂങ്ങി. തുടർന്ന്, ഉസ്മാൻ വേഗം വാഹനമോടിച്ച് വീഴ്ത്താൻ ശ്രമിച്ചുവെന്നും പരാതിയിൽ പറയുന്നു. ഫാസിലിന്റെ സുഹൃത്തുക്കൾ മറ്റൊരുകാറിൽ പിന്നാലെവന്നപ്പോൾ ഉസ്മാൻ കാർ പോലീസ് സ്റ്റേഷനിലേക്ക് ഓടിച്ചുകയറ്റിയെന്നുമാണ് പരാതിയിൽ പറയുന്നത്.ഫാസിലിനെ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടകരമായി വാഹനമോടിച്ചതിന് ഉസ്മാനെതിരേ കേസെടുത്തെന്നും ലൈസൻസ് റദ്ദാക്കുന്നതിനായി മോട്ടോർവാഹനവകുപ്പിനെ സമീപിക്കുമെന്നും ഒറ്റപ്പാലംപോലീസ് അറിയിച്ചു. Content Highlights: murder attempt by hitting with car
from mathrubhumi.latestnews.rssfeed https://ift.tt/3jIA8IJ
via IFTTT
0 അഭിപ്രായങ്ങള്‍