പാലാ: പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർഥിനി നിഥിനാമോളെ കൊലപ്പെടുത്താൻ സഹപാഠി അഭിഷേക് എത്തിയത് മുന്നൊരുക്കങ്ങൾ നടത്തിയശേഷമെന്ന് പോലീസ്. ഒരു മനുഷ്യനെ കൊല്ലേണ്ട വിവിധ രീതികളെക്കുറിച്ചുള്ള വിവരങ്ങൾ ആഴ്ചകൾക്കുമുമ്പേ പ്രതി വിവിധ സൈറ്റുകളിൽ തിരഞ്ഞെന്ന് പോലീസ് പറഞ്ഞു. ഞരമ്പുമുറിച്ച് മനുഷ്യരെ കൊല്ലുന്നത് സംബന്ധിച്ചാണ് കൂടുതൽ വായിച്ചത്. എവിടെയുള്ള ഞരമ്പുകൾ മുറിച്ചാൽ പെട്ടെന്ന് മരണം ഉറപ്പാക്കാമെന്ന് പരിശോധിച്ചു. കഴുത്തിൽ എത്ര ഞരമ്പുകളുണ്ടന്നും അവയിൽ ആഴത്തിൽ മുറിവേൽപ്പിക്കുന്ന രീതികളും പ്രതി സൈറ്റുകളിൽ പരിശോധിച്ചതായി പോലീസ് പറഞ്ഞു. കഴുത്തിൽ മുറിവേൽപ്പിക്കുമ്പോൾ മരണം സംഭവിക്കാനെടുക്കുന്ന സമയവും തിരഞ്ഞു. കൊല നടത്തിയാൽ ലഭിക്കാവുന്ന ശിക്ഷ, എടുക്കാവുന്ന കേസുകൾ എന്നിവയും മനസ്സിലാക്കി. നിഥിനയെ കൊല്ലുമെന്ന് വാട്സാപ്പ് സന്ദേശം നിഥിനാമോളെ കൊല്ലുമെന്ന് സൂചിപ്പിച്ച് പ്രതി അഭിഷേക് സുഹൃത്തിനയച്ച വാട്സാപ്പ് സന്ദേശം പോലീസ് കണ്ടെടുത്തു. ഇതുസംബന്ധിച്ച് മൊഴിയെടുത്തു. ഇതിൽ, നിഥിനാമോളെ കൊല്ലുമെന്നും അങ്ങനെ ചെയ്താൽ തൂക്കിക്കൊല്ലാൻ പോകുന്നില്ലെന്നും സൂചിപ്പിക്കുന്നുണ്ട്. പൈട്ടന്നുണ്ടായ വികാരത്തിൽ ചെയ്തതാെണന്നും സ്വന്തം കൈമുറിച്ച് പെൺകുട്ടിയെ പേടിപ്പിക്കാൻ കത്തി കരുതിയതാണെന്നുമുള്ള പ്രതിയുടെ വാദം ശിക്ഷയുടെ കാഠിന്യം കുറയ്ക്കാനാണെന്ന് പോലീസ് കരുതുന്നു. കൊല്ലാനുപയോഗിച്ച പേപ്പർ കട്ടറിൽ പ്രതി മാറ്റങ്ങൾ വരുത്തിയെന്നും പോലീസ് പറഞ്ഞു. മൂർച്ചയേറിയ ബ്ലേഡ് കൂത്താട്ടുകുളത്തെ ഒരു കടയിൽനിന്ന് ഏതാനും ദിവസം മുമ്പ് വാങ്ങി സജ്ജമാക്കി. ഈ കടയിൽ പ്രതിയെ എത്തിച്ച് തിങ്കളാഴ്ച തെളിവെടുക്കും. അമ്മയെവിട്ട് നിഥിന യാത്രയായി ദേവൂ... എന്ന വിളികേൾക്കാൻ ഇനി നിഥിനയില്ല. അമ്മ ബിന്ദുവിന് എല്ലാ പ്രതീക്ഷയും അവളായിരുന്നു. ദുരിതങ്ങളിൽ താങ്ങും തണലുമായിരുന്നു. എപ്പോഴും കൂട്ടായിരുന്ന അമ്മയെ തനിച്ചാക്കി അവൾ മടങ്ങി. പാലാ സെന്റ് തോമസ് കോളേജ് കാമ്പസിൽ സഹപാഠിയുടെ കുത്തേറ്റുമരിച്ച തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ ബിന്ദുവിന്റെ മകൾ നിഥിനയ്ക്ക് ദേശം അന്തിമോപചാരമർപ്പിച്ചു. ഒരമ്മയ്ക്കും താങ്ങാനാകാത്ത ആ വേദന നാട് ഏറ്റുവാങ്ങി. നിഥിനയെ ഒരുനോക്കുകാണാൻ നാട്ടുകാരും സഹപാഠികളുമടക്കം വൻജനാവലിയാണ് വീട്ടിലെത്തിയത്. അവരോട് കണ്ണീരോടെ മകളുടെ കാര്യങ്ങൾ ഓരോന്നായി പറഞ്ഞ് അമ്മ നിലവിളിച്ചു. ഇടയ്ക്കിടെ ദേവൂ... എന്ന് വിളിച്ചു. ആർക്കും അവരുടെ സങ്കടത്തിന് ആശ്വാസമാകാൻ കഴിഞ്ഞില്ല. ഞായറാഴ്ച 11 മണിയോടെ തലയോലപ്പറമ്പിലെ സ്വന്തം വീട്ടിൽ അരമണിക്കൂറോളം മൃതദേഹം പൊതുദർശനത്തിന് വെച്ചു. രണ്ടുമണിയോടെ മൃതദേഹം ബിന്ദുവിന്റെ വീടായ വല്ലകം തുറുവേലിക്കുന്ന് കുന്നേപ്പടി വീട്ടിലെത്തിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ സംസ്കാരം നടത്തി. തോമസ് ചാഴികാടൻ എം.പി., എം.എൽ.എ.മാരായ അഡ്വ. മോൻസ് ജോസഫ്, സി.കെ.ആശ, എൻ.സി.പി. സംസ്ഥാന വൈസ് പ്രസിഡന്റ് ലതിക സുഭാഷ്, മഹിളാ മോർച്ച അഖിലേന്ത്യാ അധ്യക്ഷ പദ്മജ എസ്.മേനോൻ, ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ്, യുവജന കമ്മിഷൻ ചെയർപേഴ്സൺ ചിന്താ ജെറോം, ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടേറിയറ്റംഗം ജെയ്ക്ക് സി.തോമസ്, സംസ്ഥാനകമ്മിറ്റിയംഗം ബിന്ദു അജി, സി.പി.എം. ജില്ലാ സെക്രട്ടറി എ.വി.റസൽ, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, പാലാ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ജെയിംസ് മംഗലത്തിൽ തുടങ്ങിയവർ അനുശോചനമറിയിക്കാൻ എത്തിയിരുന്നു. ദേവു എനിക്ക് അനിയത്തിയായിരുന്നു... നിഥിന എനിക്ക് ദേവുവായിരുന്നു. എന്റെ സ്വന്തം അനിയത്തിമോൾ. നിഥിനയെ അമ്മ വിളിച്ചിരുന്ന ദേവു എന്നപേരിൽ തന്നെയാണ് ഡോ. സുആൻ സഖറിയ സ്വന്തം ഫോണിൽ അവളുടെ കോണ്ടാക്ട് സേവ് ചെയ്തിരിക്കുന്നത്. നിഥിനയുടെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞുകൊണ്ട് അവളുടെ അമ്മ ഇരുന്നപ്പോൾ, അവർക്ക് ധൈര്യം പകർന്ന് സുആനും ഒപ്പമുണ്ടായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ സുആൻ എട്ടുവർഷം മുമ്പാണ് ദേവുവിനെ പരിചയപ്പെടുന്നത്. അമ്മയുടെ രോഗവുമായി ബന്ധപ്പെട്ട ചികിത്സ മുഖേനയാണ് ബന്ധമാവുന്നത്. പിന്നെ അത് ആഴത്തിലുള്ളതായി. ഇടയ്ക്ക് ഫോണിൽ വിളിക്കും, വാതോരാതെ സംസാരിക്കും. സംഭവം അറിഞ്ഞപ്പോൾ തകർന്നുപോയി. ആശുപത്രിയിൽ എത്തുന്നതു വരെയെങ്കിലും ജീവൻ നിലനിന്നിരുന്നെങ്കിൽ ഏതറ്റംവരെയും ഞാൻ കൊണ്ടുപോകുമായിരുന്നു. പക്ഷേ, സാധിച്ചില്ല. ദേവൂന്റെ അവസാന യാത്രയിൽ ഒരുചേച്ചിയുടെ സ്ഥാനത്തുനിന്ന്, അമ്മയ്ക്കൊപ്പം കുറച്ചുസമയം നിൽക്കാൻ മാത്രമാണ് സാധിച്ചത്. - സുആൻ പറഞ്ഞു. Content Highlights: Nidhina mol, abhishek baiju, Student murdered inside St Thomas College in Pala
from mathrubhumi.latestnews.rssfeed https://ift.tt/2YbfKbe
via IFTTT
0 അഭിപ്രായങ്ങള്‍