കുർബാന ചൊല്ലും, കരിങ്കല്ലും ചുമക്കും ഫാദർ ജോ‌ൺസൺ

എടക്കര : കരുനെച്ചി ലിറ്റിൽ ഫ്ളവർ പള്ളിയിൽ പ്രഭാത കുർബാന അർപ്പിച്ചശേഷം വിശുദ്ധവസ്ത്രം മാറ്റി ഫാ. ജോൺസൺ പള്ളിപടിഞ്ഞാറേതിൽ തൊഴിലാളികൾക്കിടയിലേക്കെത്തും. തൊഴിലാളികളിലൊരാളായി കല്ലു ചുമക്കാനും കോൺക്രീറ്റ് കൂട്ടാനുമെല്ലാം കൂടും. നിർധന കുടുംബത്തിനായി വീടു നിർമിയ്ക്കുകയാണവിടെ. നിർമാണ കമ്മിറ്റി കൺവീനറാണ് ജോൺസണച്ചൻ. പൗരോഹിത്യം ആരാധനയ്ക്കു നേതൃത്വം നൽകൽ മാത്രമല്ലെന്നു ജീവിതംകൊണ്ടു ബോധ്യപ്പെടുത്തുകയാണ് ഈ യുവ പുരോഹിതൻ. കഷ്ടപ്പെടുന്നവരെ ശരീരംകൊണ്ടു സഹായിക്കുന്നതും ദൈവീകപ്രവൃത്തി തന്നെ. കവളപ്പാറ ദുരന്തത്തിൽനിന്നു രക്ഷപ്പെട്ട അറുനൂറോളം ആളുകൾക്കു ഭക്ഷണവും 200 പേർക്കു താമസ സൗകര്യത്തിനുംവേണ്ടി താത്കാലിക ക്യാമ്പ് ഒരുക്കാൻ ഭൂദാനം മലങ്കര കത്തോലിക്ക പള്ളി വിട്ടുകൊടുത്തതും ഈ പുരോഹിതനാണ്. അക്കാലത്ത് അച്ചനായിരുന്നു അവിടെ ഇടവക വികാരി. നാലുമാസത്തിലധികം പള്ളിയിൽ വിശുദ്ധ കുർബാന ഉണ്ടായിരുന്നില്ല. ക്യാമ്പിൽ ഓരോരുത്തരുടെയും ക്ഷേമകാര്യങ്ങൾ ശ്രദ്ധിച്ചും കൂടുതൽ സൗകര്യങ്ങൾ ഒരുക്കിയും അച്ചൻ അവരിലൊരാളായി. ഒരു വർഷംമുൻപാണ് കരുനെച്ചി പള്ളിയിൽ വികാരിയായെത്തിയത്. ഒരു വർഷം ഡൽഹിയിൽ സാമൂഹിക സേവനം നടത്തിയിരുന്നു. വയനാട് കാട്ടിക്കുളം സ്വദേശിയായ ഇദ്ദേഹം പുൽപ്പള്ളി പഴശിരാജ കോളേജിലെ അസി. പ്രൊഫസർ സ്ഥാനം രാജിവെച്ചാണ് പൗരോഹിത്യത്തിലേക്കുവന്നത്. വിവിധ വ്യക്തികളുടെയും സംഘടനകളുടെയും സഹായത്താലാണ് ഇവിടെ വീടു പണിയുന്നത്. തറയുടെ പണി ലയൺസ് ക്ലബ്ബും ഭിത്തി മലങ്കര കത്തോലിക്ക പള്ളിയും ബാക്കി പ്രവൃത്തികൾ വിവിധ വ്യക്തികളുമാണ് ചെയ്യുന്നത്. കഴിയുന്ന പണികളെല്ലാം അച്ചൻ എടുക്കും. പള്ളിയിലെ യുവജന സംഘടനാംഗങ്ങളും അച്ചനോടൊപ്പമുണ്ട്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പുഷ്പവല്ലി, പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. ജയിംസ് എന്നിവരും നിർമാണത്തിന് നേതൃത്വം നൽകുന്നുണ്ട്. Content Highlights:Fr Johnson Pallipadinjarathel of Karunechi little flower church

from mathrubhumi.latestnews.rssfeed https://ift.tt/38EOkwg
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍