ആദ്യമായാണ് അപ്പാര്‍ട്ട്‌മെന്റില്‍ വന്നതെന്ന് തയ്യിബ, ന്യായീകരണങ്ങള്‍ പൊളിച്ച് എക്‌സൈസ് ക്രൈംബ്രാഞ്ച്

കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ കസ്റ്റഡിയിൽ എടുത്തിട്ട് വിട്ടയച്ച തിരുവല്ല കരിഞ്ഞാലിക്കുളം വീട്ടിൽ തയ്യിബ ഔലാദിനെ (24) എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. കേസിൽ എക്സൈസ് കസ്റ്റഡിയിൽ വാങ്ങിയ അഞ്ച് പ്രതികളിൽ നിന്നു തയ്യിബയുടെ പങ്ക് മനസ്സിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തയ്യിബയെ ശനിയാഴ്ച രാവിലെമുതൽ ചോദ്യംചെയ്ത് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തയ്യിബ കുറ്റം സമ്മതിച്ചതായി എക്സൈസ് അറിയിച്ചു. തയ്യിബയുടെ നേതൃത്വത്തിലുള്ള സംഘമാണ് കാറിൽ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നിരുന്നതെന്നും എക്സൈസ് സ്ഥിരീകരിച്ചു. കാക്കനാട് അപ്പാർട്ട്മെന്റിൽ എക്സൈസ് നടത്തുന്ന റെയ്ഡിന് മുന്നേ മയക്കുമരുന്ന് ഒളിപ്പിക്കുന്നതിൽ തയ്യിബയുടെ പങ്ക് സി.സി.ടി.വി. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തുകയും ചെയ്തു. തെളിവുകൾ നിരത്തി എക്സൈസ് ചോദ്യംചെയ്യൽ തുടർന്നതോടെ ഇവർക്ക് പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ആദ്യമായാണ് അപ്പാർട്ട്മെന്റിൽ വന്നതെന്നുള്ള ന്യായീകരണത്തെയെല്ലാം കേസിലെ മറ്റൊരു പ്രതിയായ ശബ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ എക്സൈസ് ക്രൈംബ്രാഞ്ച് പൊളിച്ചു. ഇതോടെ കേസിൽ ആറ് പ്രതികൾ അറസ്റ്റിലായി. കസ്റ്റഡിയിൽ എടുത്ത്, പ്രതിചേർക്കാതെ ഒഴിവാക്കിയ ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിട്ട് മൂന്നു മാസമായെന്ന് പ്രതികൾ സമ്മതിച്ചു. അപ്പാർട്ട്മെന്റിൽ നിന്ന് പിടിച്ചെടുത്ത മാൻകൊമ്പ് വയനാട്ടിലെ റിസോർട്ടിൽനിന്ന് എടുത്തതാണെന്നും എം.ഡി.എം.എ. എത്തിച്ചത് ചെന്നൈയിൽ നിന്നാണെന്നും പ്രതികൾ സമ്മതിച്ചു. ചോദ്യം ചെയ്യലിന് ശേഷം പ്രതികളെ ചെന്നൈ, പോണ്ടിച്ചേരി, വയനാട് വൈത്തിരി എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പു നടത്തുമെന്ന് എക്സൈസ് അറിയിച്ചു. പ്രതികൾക്ക് എറണാകുളത്തു സഹായം ചെയ്തുനൽകിയ ഒട്ടേറെപ്പേരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രതികളുടെ അപ്പാർട്ട്മെന്റിൽ താമസിച്ചവരെക്കുറിച്ച് അന്വേഷണമുണ്ടാകും. മയക്കുമരുന്ന് കടത്താൻ പ്രതികൾ ഉപയോഗിച്ച നായയെ കൊണ്ടുപോയവരുടെ വിവരങ്ങളും എക്സൈസ് ശേഖരിച്ചു. എക്സൈസ് ക്രൈംബ്രാഞ്ച് ജോയിന്റ് കമ്മിഷണർ കെ.എ. നെൽസണിന്റെ നേതൃത്വത്തിലാണ് അന്വേഷണം. നായ്ക്കളെ കാണിച്ച് ഭീതിപരത്തും കൊച്ചി: നായയെ മുന്നിൽ നിർത്തി മയക്കുമരുന്ന് കടത്താൻ മാത്രമല്ല, കടത്തിക്കൊണ്ടുപോകുമ്പോൾ ഇവ ഒളിപ്പിച്ചുവെക്കാനും നായകളെ ഉപയോഗിച്ചു. നായ്ക്കളുടെ തീറ്റയുടെ കവറിലായിരുന്നു എം.ഡി.എം.എ. പ്രതികൾ ഒളിപ്പിച്ചുവെച്ചു ചെന്നൈയിൽ നിന്ന് കടത്തിക്കൊണ്ടുവന്നിരുന്നത്. റോട്ട് വീലർ വിഭാഗത്തിലുള്ള നായ്ക്കളെ കാറിൽ കൊണ്ടുനടന്നായിരുന്നു മയക്കുമരുന്ന് കടത്ത്. നായ്ക്കളെ പേടിച്ചു വാഹനങ്ങൾ പരിശോധിക്കാൻ ചെക്പോസ്റ്റുകളിൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാരും തയ്യാറാകില്ലെന്ന് ഇവർ ഉറപ്പിച്ചിരുന്നു. ഏതെങ്കിലും സാഹചര്യത്തിൽ ഉദ്യോഗസ്ഥർ നായയെ പുറത്തിറക്കി കാർ പരിശോധിക്കാൻ ധൈര്യപ്പെട്ടാൽ ഇതിനെ മറികടക്കുന്നതിനായിരുന്നു ഈ നമ്പർ. നായ്ക്കൾ വാഹനത്തിലുണ്ടായിരുന്നതിനാൽ തീറ്റയുടെ കവർ ആരും തുറന്നുനോക്കി പരിശോധിക്കില്ലെന്ന് പ്രതികൾ ഉറപ്പിച്ചിരുന്നു. നായ്ക്കളുടെ ബ്രാൻഡഡ് തീറ്റ വാങ്ങി ഈ കവറിൽ നിന്ന് തീറ്റ മുഴുവൻ പുറത്ത് മാറ്റിയശേഷം എം.ഡി.എം.എ. നന്നായി പൊതിഞ്ഞ് ഈ കവറിലാക്കും. നായയുടെ തീറ്റയുപയോഗിച്ച് കവർ നിറയ്ക്കുകയും ചെയ്യും. പ്രതികൾക്ക് നായയെ കൈമാറിയവരെക്കുറിച്ചും ഇവയെ മുമ്പ് പരിപാലിച്ചിരുന്നവരെക്കുറിച്ചും എക്സൈസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. കാക്കനാട് ലഹരിമരുന്ന് കേസിൽ രാജ്യാന്തരബന്ധം? കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസിൽ പ്രതികൾക്ക് രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടോ എന്ന് അന്വേഷിക്കുന്നു. ചെന്നൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘം മലേഷ്യയിലേക്കും മാലദ്വീപിലേക്കും ശ്രീലങ്കയിലേക്കും മയക്കുമരുന്ന് കടത്തുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. മലേഷ്യയിൽ നിന്നുള്ളവരുടെ നിർദേശാനുസരണമാണു ചെന്നൈ സംഘത്തിന്റെ പ്രവർത്തനം. കൂറിയർ വഴിയാണ് പ്രധാനമായും ഇവർ വിദേശത്തേക്കു മയക്കുമരുന്ന് കടത്തുന്നത്. കാക്കനാട്ട് അറസ്റ്റിലായ സംഘത്തിന് ഇത്തരം സംഘങ്ങളുമായി ബന്ധങ്ങളുണ്ടോ എന്നാണ് എക്സൈസിന്റെ അന്വേഷണം. വിമാനത്താവളങ്ങൾ വഴിയാണു ചെന്നൈ സംഘത്തിന്റെ ലഹരിമരുന്ന് കടത്ത്. കിലോക്കണക്കിന് എം.ഡി.എം.എ.യാണ് ഇവർ കൂറിയറിൽ അയയ്ക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ ഇവരുടെ കണ്ണികളായി പ്രവർത്തിക്കുന്നവരാണ് ഓപ്പറേഷനുകൾ നടത്തുന്നത്. ചെന്നൈയിൽ നിന്നു പ്രധാന നഗരങ്ങളിൽ മയക്കുമരുന്ന് എത്തിച്ച ശേഷം ഇവ പല വസ്തുക്കളുടെയും മറവിൽ കൂറിയറായി വിദേശത്തേക്ക് അയയ്ക്കും. പ്രതികൾ ചെന്നൈയിലും പോണ്ടിച്ചേരിയിലും യാത്രകൾ നടത്തിയതായി എക്സൈസ് കണ്ടെത്തി. ഇവിടെയുള്ള വമ്പൻ ലഹരിമരുന്ന് സംഘങ്ങളുടെ കേരളത്തിലെ ഏജന്റുമാരാണോ ഇവരെന്നാണ് എക്സൈസ് സംശയിക്കുന്നത്. പ്രതികളെ തെളിവെടുപ്പിനായി തമിഴ്നാട്ടിൽ കൊണ്ടുപോകും. ഫോൺ രേഖകളിൽ നിന്ന് ഇവരുടെ വിദേശബന്ധം അറിയാനാവുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ അറസ്റ്റിലായവർ സംശയാസ്പദമായ സാഹചര്യത്തിൽ വിദേശയാത്ര നടത്തിയിട്ടുണ്ടോ എന്നതും എക്സൈസ് അന്വേഷിക്കും. അപ്പാർട്ട്മെന്റുകൾ നിരീക്ഷണത്തിൽ കൊച്ചി: എറണാകുളം നഗരത്തിലെ അപ്പാർട്ട്മെന്റുകൾ എക്സൈസിന്റെ നിരീക്ഷണത്തിലാണെന്ന് എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ടി.എ. കാസിം പറഞ്ഞു. കാക്കനാട് മയക്കുമരുന്ന് കേസിലെ പ്രതികളെ ചോദ്യംചെയ്തതിൽ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണിത്. ലോക്ഡൗൺ മറയാക്കി അപ്പാർട്ട്മെന്റുകളിൽ മയക്കുമരുന്ന് ഇടപാടുകൾ നടന്നിട്ടുണ്ടോയെന്ന് സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു. ഓൺലൈൻ റൂം ബുക്കിങ്ങുകൾ നടത്തിയാണ് ലഹരിമരുന്ന് ഇടപാടുകളെന്നാണ് സൂചന.

from mathrubhumi.latestnews.rssfeed https://ift.tt/3jqKf5b
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍