14 പേരും യോഗ്യര്‍, ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും തള്ളി കെ മുരളീധരന്‍

തിരുവനന്തപുരം: ഡി.സി.സി പട്ടികയെ ചൊല്ലിയുള്ള തർക്കങ്ങളിലും അഭിപ്രായ വ്യത്യാസങ്ങളിലും വ്യത്യസ്ത അഭിപ്രായപ്രകടനവുമായി കെ. മുരളീധരൻ. പ്രഖ്യാപിച്ച പട്ടികയിലെ 14 പേരും യോഗ്യരെന്നാണ് വടകര എംപിയുടെ പ്രതികരണം. ചർച്ചകൾ നടന്നില്ലെന്ന ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും വാദത്തെ മുരളീധരൻ തള്ളുകയും ചെയ്തു. ഇത്തവണ വിശാലമായ ചർച്ചകളാണ് ഡിസിസി പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച് നടന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചകൾ കൂടുതലായി നടക്കുകയും രാഹുൽ ഗാന്ധി ഇടപെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മൂന്ന് നാല് ദിവസം മുൻപ് പ്രഖ്യാപിക്കേണ്ട പട്ടിക ഇന്നലെയായതെന്നും അദ്ദേഹം പറഞ്ഞു. പുതിയ പ്രസിഡന്റുമാരിൽ തിരുവനന്തപുരത്തും വയനാടും മുൻ എംഎൽഎമാരും മറ്റ് ജില്ലകളിൽ തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തിരുന്നവരുമാണ് നേതൃത്വത്തിലേക്ക് എത്തിയത്. ഇത് കേരളത്തിൽ കോൺഗ്രസിന് കൂടുതൽ ജനകീയ മുഖമാണ് സമ്മാനിക്കുകയെന്നാണ് മുരളിയുടെ പക്ഷം. നിയമിച്ചത് എല്ലാം യോഗ്യരായവരേയാണ്. പ്രായത്തിന്റെ കാര്യത്തിലായാലും സീനിയർമാരേയും യുവാക്കളേയും നിയമിച്ചിട്ടുണ്ട്. പ്രായമായി എന്ന് കരുതി പ്രവർത്തിക്കാൻ കഴിവില്ലെന്നോ അല്ലെങ്കിൽ വൃദ്ധസദനത്തിൽ അയക്കേണ്ടവരോ എന്ന് അർത്ഥമില്ല. പാർട്ടിയെ സംബന്ധിച്ച് രണ്ട് തിരഞ്ഞെടുപ്പിൽ പരാജയം ഏറ്റുവാങ്ങി ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി നിൽക്കുകയാണ്. അനുഭവത്തിന്റെ വെളിച്ചത്തിൽ മുന്നോട്ടുള്ള പ്രയാണത്തിൽ ഒരുമിച്ച് പാർട്ടിയെ ശക്തമായി തിരിച്ചുകൊണ്ടുവരിക എന്നതാണ് പ്രധാനം. അത്തരമൊരു പ്രയാണത്തിൽ ഉമ്മൻചാണ്ടിയും ചെന്നിത്തലയും മുന്നിൽ തന്നെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു. പട്ടികയ്ക്കെതിരേ പരസ്യപ്രതികരണം നടത്തി അച്ചടക്കനടപടിക്ക് വിധേയരായവർക്ക് തെറ്റ് തിരുത്തി തിരിച്ചെത്താമെന്നും അവർക്കെതിരായ നടപടി അന്തിമമല്ലെന്നും മുരളീധരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക തയ്യാറാക്കുന്നതിന് മുൻപ് ജില്ലാ അടിസ്ഥാനത്തിൽ ചർച്ചകൾ നടന്നിരുന്നവെന്നും മുരളീധരൻ പറഞ്ഞു. Content Highlights: K Muralidharan welcomes new list of DCC presidents

from mathrubhumi.latestnews.rssfeed https://ift.tt/3sV7F5K
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍