കോവിഡ്: ഇന്ത്യയും ബ്രിട്ടനും ചേർന്ന് ‘അശ്വഗന്ധ’യുടെ സാധ്യത പഠിക്കുന്നു

Photo: Mathrubhumi Library ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിലും ചികിത്സയിലും 'അശ്വഗന്ധ' (അമുക്കുരം) ഫലപ്രദമാണോ എന്നു കണ്ടെത്താൻ ആയുഷ് മന്ത്രാലയം ബ്രിട്ടനിലെ ലണ്ടൻ സ്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനുമായി (എൽ.എസ്.എച്ച്.ടി.എം.) സഹകരിച്ച് പഠനം നടത്തുന്നു. ആയുഷ് മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണസ്ഥാപനമായ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദയും (എ.ഐ.ഐ.എ.) എൽ.എസ്.എച്ച്.ടി.എമ്മും ചേർന്ന് ബ്രിട്ടനിലെ ലെസ്റ്റർ, ബർമിങാം, ലണ്ടൻ എന്നീ നഗരങ്ങളിലെ 2000 പേരിൽ അശ്വഗന്ധയുടെ ക്ളിനിക്കൽ പരീക്ഷണം നടത്താനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ശരീരോർജം കൂട്ടാനും സമ്മർദം കുറയ്ക്കാനും പ്രതിരോധശേഷി മെച്ചപ്പെടുത്താനും സഹായിക്കുന്ന പരമ്പരാഗത സസ്യമാണ് അശ്വഗന്ധ. പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ ഇന്ത്യയുടെ പരമ്പരാഗത ഒൗഷധസമ്പ്രദായത്തിനു പുതിയ വഴിത്തിരിവാകും -മന്ത്രാലയം പറഞ്ഞു. ''1000 പേർക്ക് മൂന്നുമാസം അശ്വഗന്ധ ഗുളികകൾ നൽകും. ബാക്കി 1000 പേർക്ക് രുചിയിലും കാഴ്ചയിലും വ്യത്യാസമില്ലാത്ത എന്നാൽ, ഔഷധഗുണമില്ലാത്ത ഗുളികകളും നൽകും. 500 മില്ലിഗ്രാമുള്ള ഗുളിക ദിവസം രണ്ടുനേരമാണ് കഴിക്കേണ്ടത്. ഗുളികകൾ കഴിച്ചതിനുശേഷം ഇവരുടെ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ ഓരോ മാസവും അവലോകനം ചെയ്താണ് പഠന റിപ്പോർട്ട് തയ്യാറാക്കുക.''-എ.ഐ.ഐ.എ. ഡയറക്ടർ ഡോ. തനുജ മനോജ് നേസാരി പറഞ്ഞു. പഠനത്തിന് മെഡിസിൻസ് ആൻഡ് ഹെൽത്ത് കെയർ പ്രോഡക്ട്സ് റെഗുലേറ്ററി ഏജൻസി (എം.എച്ച്.ആർ.എ.) അംഗീകാരം നൽകിയിട്ടുണ്ട്. content highlights:covid: india and britain comes together to study ashwagandhas efficiency

from mathrubhumi.latestnews.rssfeed https://ift.tt/3BZnInn
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍