ന്യൂഡൽഹി: ലോക്സഭയിലെ കോൺഗ്രസ് കക്ഷിനേതാവ് അധീർ രഞ്ജൻ ചൗധരിയെ തൽസ്ഥാനത്ത് നിന്ന് മാറ്റാൻ കോൺഗ്രല് ആലോചിക്കുന്നു.ശശി തരൂർ, മനീഷ് തിവാരി എന്നീ പേരുകളാണ് പകരം പരിഗണിക്കുന്നത്. രാഹുൽ ഗാന്ധി തന്നെ സഭാ നേതാവായി വരണം എന്നാണ് എംപിമാരിൽ ഭൂരിപക്ഷവും ആഗ്രഹിക്കുന്നത്. എന്നാൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞ രാഹുൽ അതിന് സമ്മതം മൂളിയിട്ടില്ല. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കടുത്ത വിമർശകനാണ് അധീർ രഞ്ജൻ ചൗധരി. മമതയുമായി അടുക്കാനുള്ള കോൺഗ്രസ് നീക്കത്തിന്റെ ആദ്യപടിയായാണ് അധീറിനെ മാറ്റാനുള്ള ആലോചനയും. നിയമസഭാ തിരഞ്ഞെടുപ്പിൽ അധീറിനെ മുൻനിർത്തിയാണ് കോൺഗ്രസ്-ഇടത് സഖ്യം തിരഞ്ഞെടുപ്പിനെ നേരിട്ടത്. നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെയാണ് അധീറിനെ മാറ്റാനുള്ള ആലോചന സജീവമായത്. പാർട്ടിയിൽ തിരുത്തൽ ആവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കളെ വിമർശിച്ച നേതാവ് കൂടിയാണ് അധീർ. പാർലമെന്റിൽ അടക്കം സർക്കാരിനെതിരേ തൃണമൂലുമായി കൈകോർക്കാൻ അധീറിന്റെ മാറ്റം സഹായിക്കുമെന്ന നിഗമനത്തിലാണ് കോൺഗ്രസ്. ബംഗാൾ ഗവർണറെ നീക്കണമെന്ന ആവശ്യം പാർലമെന്റിൽ ഉന്നയിക്കാൻ ഒരുങ്ങുകയാണ് തൃണമൂൽ. ഇതിനായി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ സഹകരണം തൃണമൂൽ തേടിയതായാണ് റിപ്പോർട്ട്. നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്ന ശശി തരൂരും മനീഷ് തിവാരിയും തിരുത്തൽവാദ സംഘത്തിൽ പെടുന്നവരാണ്. ഇതിൽ മനീഷ് തിവാരിയെ പഞ്ചാബ് പിസിസി അധ്യക്ഷനാക്കണം എന്ന നിർദേശം മുഖ്യമന്ത്രി അമരീന്ദർ സിങ് മുന്നോട്ടുവച്ചിട്ടുണ്ട്.
from mathrubhumi.latestnews.rssfeed https://ift.tt/3yi1iLp
via IFTTT
0 അഭിപ്രായങ്ങള്‍