തൃശ്ശൂർ: ലോകാരോഗ്യ സംഘടനയും യുണിസെഫും ചേർന്ന് 2002-ൽ കേരളത്തിനൊരു സവിശേഷ പദവി സമ്മാനിച്ചിരുന്നു. ലോകത്തെ ആദ്യ ശിശു സൗഹൃദ സംസ്ഥാനമെന്ന സ്ഥാനം. മുലയൂട്ടലിനെ പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനുമായി 1992-ലാരംഭിച്ച ശിശു സൗഹൃദ ആസ്പത്രികകളുടെ പിന്തുണയോടെയായിരുന്നു നേട്ടം. എന്നാൽ ഇരുപതാണ്ട് പിന്നിടുമ്പോൾ കേരളം ഏറെ പിന്നോട്ട് പോയിരിക്കുന്നു. ദേശീയ ആരോഗ്യ സർവേ ഫലങ്ങളിൽ ഇത് വ്യക്തം. 2019-20-ലെ സർവേപ്രകാരം സംസ്ഥാനത്ത് ആറുമാസത്തിന് താഴെയുള്ള കുഞ്ഞുങ്ങൾക്ക് 24 മണിക്കൂറിനുള്ളിൽ ഇടവിട്ട് മുലയൂട്ടുന്നവരുടെ നിരക്ക് 55.5% മാത്രമാണ്. 2002-ൽ 92 ശതമാനമായിരുന്നു. പ്രസവം കഴിഞ്ഞ് ആദ്യ മണിക്കൂറിനുള്ളിൽ മുലയൂട്ടുന്നതും കുറയുന്നു. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെയും ഡോക്ടർമാരുടേയും നഴ്സുമാരുടേയും സംഘടനകൾ ചേർന്ന് നവീകരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. മാതൃ-ശിശു സൗഹൃദ ആസ്പത്രികൾ എന്ന ലക്ഷ്യം സാക്ഷാത്കരിക്കാനുള്ള പരിശ്രമം. ഇതിനായി ഏഴായിരത്തിലധികം പേർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. വിവിധ വിഭാഗങ്ങളിലെ ഡോക്ടർമാർ മുതൽ നഴ്സിങ്ങ് വിദ്യാർഥികൾക്ക് വരെ പരിശീലനം നൽകുന്നുണ്ട്. സർക്കാർ മേഖലയിലുള്ളവരുടെ പരിശീലനം പൂർത്തിയായി. ചൊവ്വ, ബുധൻ ദിവസങ്ങളിലായി സ്വകാര്യ മേഖലയിലെ 5000 പേർക്ക് കൂടി പരിശീലം നൽകും. അമ്മമാരിൽ മുലയൂട്ടുന്നതിനോട് വിമുഖത വർധിക്കുന്നതിന്റെ കാരണങ്ങൾ കണ്ടെത്തും.ബോധവത്കരണം, കൗൺസിലിങ് എന്നിവയും നൽകും.ഒപ്പം, ആദ്യമായി അമ്മയാകുന്നവർക്ക് മുലയൂട്ടൽ പരിശീലനവും. സംസ്ഥാനത്ത് സർക്കാർ-സ്വകാര്യ മേഖലയിലായി 600-ലധികം പ്രസവാസ്പത്രികൾ തിരിച്ചറിഞ്ഞ് കഴിഞ്ഞു. ഇതിൽ 25 ശതമാനത്തിലധികം ജൂലായ് അവസാന വാരത്തോടെ മാതൃ-ശിശു സൗഹൃദ ആസ്പത്രികളാക്കി മാറ്റും. ലോക മുലയൂട്ടൽ വാരാചരണത്തിന്റെ ഭാഗമായി ഒാഗസ്റ്റ് ആദ്യ ആഴ്ചയിൽ ഇവയുടെ പ്രഖ്യാപനം നടക്കും. ആസ്പത്രികളിലെ ഒരുക്കങ്ങൾ രണ്ട് ഘട്ടങ്ങളിലായി പരിശോധിച്ച ശേഷമാണ് മാതൃ-ശിശു സൗഹൃദ ആസ്പത്രി എന്ന പദവി നൽകുക. മുലപ്പാൽ അവകാശം മുലപ്പാൽ എന്നത് ഓരോ കുഞ്ഞിന്റെയും അവകാശമാണ്. കോവിഡ് സാഹചര്യങ്ങളിൽ പോലും മുലയൂട്ടലിന്റെ പ്രാധാന്യം ആരോഗ്യപ്രവർത്തകർ ഉയർത്തിക്കാണിക്കുന്നുണ്ട് യുണിസെഫിന്റെ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ കമ്മീഷന്റെയും ബാലാവകാശ കമ്മീഷന്റെയും പിന്തുണയോടെ ഇത് നടപ്പിലാക്കുന്നത്. ഡോ. ടി.എം. ആനന്ദകേശവൻ ചെയർപേഴ്സൺ ഇന്ത്യൻ അക്കാദമി ഓഫ് പിഡിയാട്രിക്സ് സ്റ്റേറ്റ് എം.ബി.എഫ്.എച്ച്.ഐ. കമ്മിറ്റി
from mathrubhumi.latestnews.rssfeed https://ift.tt/3hxvyuR
via IFTTT
0 അഭിപ്രായങ്ങള്‍