പ്രകാശൻ നിത്യതയിലേക്ക് മടങ്ങി; അഞ്ചുരോഗികൾക്ക് ജീവിതമേകി

തിരുവനന്തപുരം: അഞ്ചുരോഗികൾക്ക് ജീവിതമേകി പ്രകാശൻ നിത്യതയിലേക്ക് യാത്രയായി. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് മസ്തിഷ്ക മരണം സംഭവിച്ച കരുനാഗപ്പള്ളി, പട നോർത്ത്, തറയിൽ ഹൗസിൽ പ്രകാശനാണ് (50) അഞ്ചു കുടുംബങ്ങൾക്ക് വെളിച്ചമായത്. പ്രകാശന്റെ കുടുംബത്തിന്റെ തീരുമാനം മഹാമാരിക്കാലത്തെ അവയവദാനസന്നദ്ധതയ്ക്ക് ഉദാഹരണം കൂടിയായി. പ്രകാശന്റെ കരൾ, വൃക്കകൾ, നേത്രപടലം എന്നിവയാണ് അഞ്ചു രോഗികൾക്ക് ദാനം ചെയ്തത്. കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലെ രണ്ടു രോഗികൾക്കും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിക്കും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലെ രണ്ടു രോഗികൾക്കുമാണ് നൽകിയത്. പക്ഷാഘാതത്തെ തുടർന്ന് ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് പ്രകാശനെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. ഗൃഹനാഥന്റെ വേർപാട് കുടുംബത്തെ തീരാദുഃഖത്തിലാഴ്ത്തി. എന്നാൽ പ്രകാശനിലൂടെ മറ്റാർക്കെങ്കിലും ജീവിതം തിരിച്ചു നൽകാനാകുമോയെന്ന ചിന്ത ഭാര്യ ഇന്ദുവും മക്കളായ പൃിഥ്വി ദേവ്, പ്രഥ്യുദ് ദേവ് എന്നിവർ മറ്റു കുടുംബാംഗങ്ങളുമായി പങ്കുവച്ചു. കിംസ് ആശുപത്രിയിലെ ട്രാൻസ്പ്ലാന്റ് പ്രൊക്യുവർമെന്റ് മാനേജർ ഡോ. മുരളീധരനോട് പ്രകാശന്റെ ബന്ധുക്കൾ ഇതേക്കുറിച്ച് ആരാഞ്ഞു. കുടുംബാംഗങ്ങളുടെ തീരുമാനം സംസ്ഥാന സർക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ സംസ്ഥാന നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസിന് കൈമാറി. കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്ത് മൃതസഞ്ജീവനി സംസ്ഥാന കൺവീനർ കൂടിയായ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.സാറ വർഗീസിന്റെയും ആശുപത്രി സൂപ്രണ്ട് ഡോ.എം.എസ്. ഷർമ്മദ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജോബി ജോൺ എന്നിവരുടെ പിന്തുണയോടെ അവയവദാന പ്രക്രിയയ്ക്കുള്ള നടപടികൾ പൂർത്തീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം പ്രൊഫസർ ഡോ. സതീഷ് കുറുപ്പ്, ഡോ. ഉഷാകുമാരി (അനസ്തേഷ്യ), കിംസ് ആശുപത്രി യൂറോളജി വിഭാഗത്തിലെ ഡോ. രേണു, ഗവ. കണ്ണാശുപത്രിയിലെ സൂപ്രണ്ട് ഡോ. ചിത്രാ രാഘവൻ, ഡോ. ഡാലിയ ദിവാകരൻ, ഡോ. സൂസൻ, ഡോ. പി.ആർ.ഇന്ദു, ഡോ. റുക്സാന, ഡോ. ഐഷാ നിസാമുദീൻ, ഡോ. ശ്വേത എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികളായി. Content Highlights:Brain-dead men's organs to give new life to five

from mathrubhumi.latestnews.rssfeed https://ift.tt/3xii7FZ
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍