പുറത്ത് ഇന്ധന വിലക്കയറ്റം, അകത്ത് പാചകവാതക വിലവര്‍ധന

കാഞ്ഞങ്ങാട്: പുറത്ത് ഇന്ധന വിലക്കയറ്റം. അകത്ത് പാചകവാതകത്തിന് വില കുതിച്ചുയരുന്നു. ഇന്ധനവില കൂടിയതോടെ പല സാധനസാമഗ്രികൾക്കും വില കൂടി. കുടുംബബജറ്റ് അമ്പിനും വില്ലിനും അടുക്കുന്നില്ല. കോവിഡ് കാലത്ത് വരുമാനം കുറഞ്ഞത് മറ്റൊരു പരിഭവം. സാമ്പത്തിക ബുദ്ധിമുട്ട് ഓരോ ദിവസവും കൂടിവരുന്നതിനിടയിലാണ് ഇടിത്തീ പോലെ ഗ്യാസിന്റെ വിലക്കയറ്റം. 25 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ജില്ലയിൽ 14.5 കിലോ ഗ്യാസിന് 852.50 രൂപയായി. ഇത്രയും നാൾ 827 രൂപയായിരുന്നു. കഴിഞ്ഞവർഷം ഡിസംബറിൽ 662 രൂപയായിരുന്നു ഒരു സിലിൻഡറിന്റെ വില. ജനുവരിയിൽ 712 ആയി. മാർച്ചിൽ 100 രൂപയാണ് ഒറ്റയടിക്ക് കൂടിയിത്. ഇത്രയധികം വില താങ്ങാനാകുന്നില്ലെന്നു പറഞ്ഞ് വിറകടുപ്പിലേക്ക് തിരിയുന്നു ചിലർ. അഞ്ചുശതമാനം ജി.എസ്.ടി. ഉൾപ്പടെയാണ് 852.50 രൂപ. 19 കിലോ ഗ്യാസിന്റെ വില ജി.എസ്.ടി.ഉൾപ്പടെ 1594 രൂപയാണ്. ഇതിന് ഒരു മാസത്തിനിടെ 80 രൂപയാണ് കൂടിയത്.സബ്‌സിഡി ഇല്ലാതായിട്ട് 14 മാസംപാചകവാതകത്തിന് സബ്സിഡി കിട്ടിയിരുന്ന കാലവും ഓർമയായി. മുൻപ് ഒരു സിലിൻഡർ വാങ്ങുമ്പോൾ സബ്‌സിഡി കഴിച്ചുള്ള തുക കൊടുത്താൽ മതിയായിരുന്നു. പിന്നീടത് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന സംവിധാനമാക്കി. അതായത് ഗ്യാസ് സിലിൻഡർ വാങ്ങുമ്പോൾ പണം പൂർണമായും കൊടുക്കണം. ഏതാനും ദിവസത്തിനുള്ളിൽ സബ്‌സിഡിത്തുക ബാങ്ക് അക്കൗണ്ടിലെത്തും. കഴിഞ്ഞവർഷം മേയിൽ ഇത്‌ നിലച്ചു. സബ്‌സിഡിത്തുക അക്കൗണ്ടിലേക്ക്‌ വരുന്നതിനാൽ എപ്പോഴാണ് ഇതു നിലച്ചതെന്ന് ആളുകൾക്ക് മനസ്സിലായതുമില്ല. പലരും മാസങ്ങൾ കഴിഞ്ഞാണ് ഈ ആനുകൂല്യം ഇല്ലാതായെന്ന കാര്യം പോലും അറിയുന്നത്. അതുകൊണ്ടു തന്നെ പ്രതിഷേധം കനപ്പെട്ടതുമില്ല. സബ്‌സിഡിത്തുക ബാങ്ക്‌ വഴി നൽകാൻ തുടങ്ങിയപ്പോൾത്തന്നെ പല കോണുകളിൽനിന്നും പ്രതിഷേധമുയരുകയും ഭാവിയിൽ ഇത്‌ നിർത്തുന്നതിന്റെ തുടക്കമാണിതെന്ന് പറയുകയും ചെയ്തിരുന്നു. അതെല്ലാം യാഥാർഥ്യമായി. 2020 മേയിൽ 596 രൂപ 50 പൈസയായിരുന്നു 14.2 കിലോ ഗ്യാസിന്. ഏതാണ്ട് 250 രൂപയോളം സബ്‌സിഡിയിനത്തിൽ ഗുണഭോക്താക്കൾക്ക് തിരിച്ചു നൽകിയ കണക്കനുസരിച്ചാണിത്. എത്ര പൈസ കൂടിയാലും അതിന് ആനുപാതികമായി പാചകവാതകത്തിന്‌ സബ്‌സിഡി നൽകിയിരുന്നു. ഈ ആനുകൂല്യം നിലച്ച ശേഷം വിലക്കയറ്റം ക്രമാതീതമായി കൂടുകയാണെന്നും വീട്ടമ്മമാരുൾപ്പെടെ കണക്കു നിരത്തിപ്പറയുന്നു.

from mathrubhumi.latestnews.rssfeed https://ift.tt/2SLvcZf
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍