സേവനങ്ങൾ ഓൺലൈനാക്കിയിട്ടും സംസ്ഥാനത്തെ മോട്ടോർവാഹന ചെക്പോസ്റ്റുകളിൽ ഡിജിറ്റൽ സർട്ടിഫിക്കറ്റുകളിൽ പരിശോധനാ ഉദ്യോഗസ്ഥന്റെ ഒപ്പും സീലും നിർബന്ധമാക്കി. ചെക്ക്പോസ്റ്റുകളിലെ തിരക്ക് ഒഴിവാക്കാനും സമയലാഭത്തിനും ചെക്ക് പോസ്റ്റിലെ അഴിമതിക്ക് അറുതി വരുത്താനുമാണ് ഓൺലൈൻ സംവിധാനം കൊണ്ടുവന്നത്. ഇതിനെ അട്ടിമറിക്കുന്നതാണ് ഇപ്പോൾ കൊണ്ടുവന്ന നിർദേശം. ജൂൺ 16 മുതലാണ് രാജ്യവ്യാപകമായി നടപ്പിലാക്കുന്ന പരിവാഹൻ സോഫ്റ്റ് വെയർ സംവിധാനവുമായി ബന്ധിപ്പിച്ച് സംസ്ഥാനത്ത് വാഹനനികുതി, പെർമിറ്റ് ഫീസ്, സെസ്സ്, ഗ്രീൻ ടാക്സ് എന്നിവ ഓൺലൈൻ വഴി അടയ്ക്കാനുള്ള ഓൺലൈൻ സർട്ടിഫിക്കറ്റ് സൗകര്യമൊരുക്കിയത്. ക്യു. ആർ. കോഡ് അടക്കമുള്ള സംവിധാനമുള്ളതാണ് ഈ ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ. ആധികാരികത ഉറപ്പുവരുത്താൻ ബുദ്ധിമുട്ടില്ല. വാഹനങ്ങളുടെ നമ്പർ കൊടുത്താൽ മൊബൈൽ ഫോണിൽപോലും നികുതി, പെർമിറ്റ് തുടങ്ങി സർവവിവരവും കിട്ടുന്ന കാലത്താണ് ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ നേരിട്ട് പരിശോധിച്ച് അതിൽ ഉദ്യോഗസ്ഥർ ഒപ്പും സീലും പതിപ്പിക്കുന്നത്. ഇത് അഴിമതിക്കുള്ള വഴിയാണെന്നാണ് ലോറി തൊഴിലാളികൾ ആരോപിക്കുന്നത്. മറ്റ് സർക്കാർ ഓൺലൈൻ സർട്ടിഫിക്കറ്റുകളിലൊന്നും ഇത്തരമൊരു പരിശോധനാ രീതിയില്ലെന്നും ഇത് ഒഴിവാക്കേണ്ടതാണെന്നും ലോറി ഓണേഴ്സ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൾനാസർ അഭിപ്രായപ്പെട്ടു. അതേസമയം, പരിഷ്കാരത്തെ മോട്ടോർ വാഹനവകുപ്പ് ന്യായീകരിച്ചു. നിലവിലെ സംവിധാനം ഉപഭോക്താക്കൾക്ക് വളരെ ഉപകാരപ്രദമാണെന്ന് ജോയന്റ് ട്രാൻസ്പോർട്ട് കമ്മിഷണർ ടി.സി. വിനേഷ് പറഞ്ഞു. വാഹനം കടന്നുപോയാൽ ഭാവിയിൽ വല്ല പരാതിയോ മറ്റ് പരിശോധനകളോ വേണ്ടിവന്നാലോ എന്നു കരുതിയാണ് അത് ഉദ്യോഗസ്ഥർ പരിശോധിച്ച് സീൽ ചെയ്യുന്നത്. ഇത് ഒഴിവാക്കാനുള്ള സംവിധാനത്തെപ്പറ്റിയുള്ള ആലോചനകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Signature And Seal Made Mandatory By MVD In Vehicle Digital Documents
from mathrubhumi.latestnews.rssfeed https://ift.tt/366LMWv
via IFTTT
0 അഭിപ്രായങ്ങള്‍