കൊല്ലം : ‘ഊറ്റുകുഴി വേലു’ നവമാധ്യമങ്ങളിൽ വൈറലായതോടെ അവനെ സ്വന്തമാക്കാൻ 40 ലക്ഷം മോഹവില പറഞ്ഞുവരെ ആളെത്തി. എന്നാൽ അവന്റെ സ്നേഹം അതിലും മീതെയാണെന്ന് തിരിച്ചറിഞ്ഞ ഉടമ പട്ടത്താനം അച്ചപ്പണതെക്കതിൽ അൻവർ ‘നോ’ പറഞ്ഞു. നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറിയ കൊല്ലം കിളികൊല്ലൂർ ഊറ്റുകുഴിയിലെ വേലു എന്ന കൂറ്റൻ പോത്തിന്റെ കഥയാണിത്. അഞ്ചേകാൽ അടി ഉയരം, എട്ടരയടി നീളം, കറുത്തിരുണ്ട ദേഹം. വാലാണെങ്കിൽ നിലത്തെത്തും. ലക്ഷണമൊത്ത ഈ പോത്തിനെ അൻവർ ആറുവർഷം മുമ്പ് തഴവ കുറ്റിപ്പുറത്ത് സുഹൃത്തിന്റെപക്കൽനിന്നു വാങ്ങിയതാണ്. അന്ന് ഒമ്പത് മാസം പ്രായം. അമ്മയെരുമയ്ക്കും നല്ല തലയെടുപ്പും തടിയും ഉണ്ടായിരുന്നു. ‘മുറൈ’ എന്ന പോത്തിന്റെ സങ്കരയിനമാണെന്നാണ് വെറ്ററിനറി ഡോക്ടർമാർ പറയുന്നത്. കേരളത്തിൽ ജനിച്ച പോത്ത് ഇത്രയും കൂറ്റനായി വളരുന്നത് ഇതാദ്യമാണെന്നും ഡോക്ടർമാർ പറയുന്നു. രണ്ടുവർഷം മുമ്പ് 1300 കിലോ ആയിരുന്നു തൂക്കം. ഇപ്പോൾ അതിൽ കൂടുതലുണ്ടാകും. ദിവസവും 40 കിലോ തണ്ണിമത്തൻ കഴിക്കും. അല്ലെങ്കിൽ ചക്ക. പിന്നെ 10 പച്ചമുട്ട, മീനെണ്ണ, ലേഹ്യം, റുമെക് പൊടി എന്നിവയും കാലിത്തീറ്റയും. പുൽക്കാടിനുള്ളിലാണ് വാസമെങ്കിലും പുല്ലിനോട് പ്രിയമില്ല. ദിവസവും തീറ്റയ്ക്കുമാത്രം ആയിരം-ആയിരത്തഞ്ഞൂറ് രൂപയെങ്കിലും വേണം. ആനകൾക്കിടാറുള്ളതുപോലെ കഴുത്തിൽ പേരും ജനനത്തീയതിയും എഴുതിയ ബോർഡും മണിയും കാലിൽ ചിലങ്കയും ഒക്കെയായി അലങ്കരിച്ചാണ് പരിപാടികൾക്ക് കൊണ്ടുപോവുക. മൊത്തത്തിലൊരു ആനചന്തമാകും അപ്പോൾ വേലുവിന്. ഉത്സവപ്പറമ്പുകളിൽ കെട്ടുകാഴ്ചയ്ക്കൊപ്പം വേലുവിനെയും കൂട്ടാറുണ്ട്. കാലൻവേഷം കെട്ടിയ ആളോടൊപ്പം വേലുവും തലയെടുപ്പോടെ നടക്കും. കന്നുകാലി പ്രദർശനങ്ങളിൽ സമ്മാനം ഉറപ്പാണ്. അടുത്തമാസം എറണാകുളത്ത് പ്രദർശനമുണ്ട്. കാലികളെ വാങ്ങി മറിച്ചുവിൽക്കുന്നതാണ് അൻവറിന്റെ ജോലി. വേലുവിന്റെ ഇണക്കവും ഗാംഭീര്യവും കണ്ടപ്പോൾ വിൽക്കാൻ തോന്നിയില്ല. അൻവറിന്റെ സുഹൃത്തിന്റെ ഒഴിഞ്ഞപറമ്പിലാണ് കെട്ടിയിടുന്നത്. പ്രത്യേകം തൊഴുത്തില്ല. വെയിലായാലും മഴയായാലും വേലുവിന് പ്രശ്നമില്ല.ഇരവിപുരം എം.എൽ.എ. എം.നൗഷാദ് കേക്ക് മുറിച്ചായിരുന്നു മൂന്നാം പിറന്നാൾ ആഘോഷിച്ചത്. ആറാം പിറന്നാളിന് മന്ത്രി വരുമെന്ന് പറഞ്ഞെങ്കിലും ക്വാറന്റീനിൽ പോയതിനാൽ എത്താനായില്ല. അതാണ് വേലുവിന്റെ ജനകീയമൂല്യം.
from mathrubhumi.latestnews.rssfeed https://ift.tt/3wbJD6E
via IFTTT
0 അഭിപ്രായങ്ങള്‍