ന്യൂഡൽഹി: ദാമ്പത്യത്തർക്ക കേസുകളിൽ അമ്മയ്ക്ക് വിവാഹേതരബന്ധമുണ്ടെന്നത് അവർക്ക് കുഞ്ഞിനെ കസ്റ്റഡിയിൽ വിട്ടുനൽകാതിരിക്കാൻ കാരണമല്ലെന്ന് പഞ്ചാബ്, ഹരിയാണ ഹൈക്കോടതി. വിവാഹേതരബന്ധമുള്ളതിനാൽ അവർക്ക് നല്ല അമ്മയാവാൻ സാധിക്കില്ലെന്ന് പറയാൻ കഴിയില്ലെന്നും കോടതി പറഞ്ഞു.പുരുഷകേന്ദ്രിത സമൂഹത്തിൽ സ്ത്രീകൾക്കെതിരേ സ്വഭാവദൂഷ്യാരോപണങ്ങൾ ഉന്നയിക്കുന്നത് സാധാരണയാണ്. പലപ്പോഴും അടിസ്ഥാനമില്ലാത്ത ആരോപണങ്ങളായിരിക്കും അതെന്നും കോടതി പറഞ്ഞു.ഓസ്‌ട്രേലിയൻ പൗരനായ ഭർത്താവിൽനിന്ന് വേർപിരിഞ്ഞുകഴിയുന്ന പഞ്ചാബ് സ്വദേശിനി തന്റെ നാലരവയസ്സുള്ള പെൺകുട്ടിയെ വിട്ടുകിട്ടണമെന്നുകാട്ടി നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. ഇപ്പോൾ ഓസ്‌ട്രേലിയയിലുള്ള കുട്ടിയെ അമ്മയ്ക്ക് വിട്ടുനൽകാനും ജസ്റ്റിസ് അനുപീന്ദർ സിങ് ഗ്രേവാൾ വിധിച്ചു.ഭാര്യക്ക് അവരുടെ ബന്ധുവുമായി വിവാഹേതരബന്ധമുണ്ടെന്നാണ് വേർപിരിഞ്ഞുകഴിയുന്ന ഭർത്താവ് ആരോപിച്ചത്. എന്നാൽ, ഇതിന് എന്തെങ്കിലും തെളിവു നൽകാനായിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇനി അഥവാ വിവാഹേതര ബന്ധമുണ്ടെങ്കിൽത്തന്നെയും അവർ നല്ല അമ്മയാവാതിരിക്കാൻ അത് കാരണമല്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
from mathrubhumi.latestnews.rssfeed https://ift.tt/3uP6vIk
via IFTTT
0 അഭിപ്രായങ്ങള്‍