ന്യൂഡൽഹി: സർക്കാർ നയങ്ങൾ പൗരന്മാരുടെ അവകാശത്തിൽ കടന്നുകയറിയാൽ മിണ്ടാതിരിക്കാൻ കോടതികളെ ഭരണഘടന അനുവദിക്കുന്നില്ലെന്ന് സുപ്രീംകോടതി. കേന്ദ്രത്തിന്റെ കോവിഡ് വാക്സിൻ നയത്തെ ചോദ്യംചെയ്തുകൊണ്ടാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. അസാധാരണ സാഹചര്യങ്ങളിൽ സർക്കാർ വിവേചനാധികാരം ഉപയോഗിച്ചെടുക്കുന്ന തീരുമാനങ്ങളിൽ കോടതി ഇടപെടരുതെന്ന കേന്ദ്രത്തിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു സുപ്രീംകോടതി. ഭരണകൂട തീരുമാനങ്ങൾ പൗരന്മാരുടെ അവകാശത്തിലും സ്വാതന്ത്ര്യത്തിലും കടന്നുകയറിയാൽ ലോകമെമ്പാടുമുള്ള കോടതികൾ ഇടപെടാറുണ്ട്. സർക്കാർ നയങ്ങളുടെ നിയമസാധുത പരിശോധിക്കാൻ കോടതികൾക്ക് അധികാരമുണ്ടെന്നും കോവിഡ് വിഷയത്തിൽ സ്വമേധയാ രജിസ്റ്റർചെയ്ത കേസിലെ ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കി. പതിനെട്ടിനും 44-നുമിടയിലുള്ളവർക്ക് നൽകാനുള്ള വാക്സിന് വിലനിശ്ചയിച്ച കേന്ദ്രനയം ഏകപക്ഷീയവും യുക്തിരഹിതവുമാണെന്നും സുപ്രീംകോടതി പറഞ്ഞു.വാക്സിൻ സംഭരണം, വിലനിർണയം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും രണ്ടാഴ്ചയ്ക്കകം മറുപടി നൽകാൻ ബെഞ്ച് ആവശ്യപ്പെട്ടു. കഴിഞ്ഞ കേന്ദ്രബജറ്റിൽ വാക്സിൻ സംഭരിക്കാൻ നീക്കിവെച്ച 35,000 കോടി രൂപ ഇതുവരെ എങ്ങനെയാണ് ചെലവഴിച്ചതെന്ന് സർക്കാർ വ്യക്തമാക്കണം. 18-നും 44-നും ഇടയിലുള്ളവർക്ക് കുത്തിവെപ്പ് നൽകാൻ ഈ തുക ഉപയോഗിച്ചുകൂടേയെന്നും സുപ്രീംകോടതി ചോദിച്ചു. മൂന്നാം തരംഗമുണ്ടായാൽ കുട്ടികളെ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന മുൻകരുതലുകൾ, വാക്സിനേഷൻ, ചികിത്സാ സൗകര്യങ്ങൾ, മരുന്നുകൾ എന്നിവ വ്യക്തമാക്കാനും ആവശ്യപ്പെട്ടു. വാക്സിനുകൾക്ക് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും വ്യത്യസ്തവില നിശ്ചയിച്ചതിന്റെ വിശദീകരണവും നൽകണം.
from mathrubhumi.latestnews.rssfeed https://ift.tt/3fN0kQZ
via IFTTT
0 അഭിപ്രായങ്ങള്‍