കടുത്തുരുത്തി: ആഘോഷങ്ങളും ആരവങ്ങളും നിലച്ചതോടെ ക്യാമറയ്ക്ക് പിന്നിൽ ഉണർവോടെ ജോലിചെയ്തിരുന്ന നൂറുകണക്കിന് പേരുടെ ജീവിതം വഴിമുട്ടി. ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി തൊഴിൽ മേഖലയിൽ തൊഴിൽ എടുക്കുന്ന കേരളത്തിലെ മുപ്പതിനായിരത്തിൽപരം ആളുകളും അനുബന്ധ തൊഴിലുകളിൽ ഏർപ്പെട്ടിരിക്കുന്നവരും അവരുടെ സംരക്ഷണത്തിൽ കഴിയുന്ന ലക്ഷക്കണക്കിന് കുടുംബാംഗങ്ങളും തൊഴിൽനഷ്ടംമൂലം കഷ്ടതയിൽ. സ്റ്റുഡിയോകൾക്ക് ആഴ്ചയിൽ രണ്ട് ദിവസമെങ്കിലും പ്രവർത്തിക്കാനുള്ള അനുമതി ലഭിച്ചാൽതന്നെ കുടുംബത്തിലെ നിത്യചെലവുകളെങ്കിലും നടന്നുപോകുമെന്നാണ് ഉടമകളും ക്യാമറാമാന്മാരും പറയുന്നത്. ക്യാമറയുടെ പിന്നിൽ മികവോടെ ജോലി ചെയ്തിരുന്ന ഇവർ കോവിഡിന് മുമ്പ് മികച്ച വരുമാനമാണ് നേടിയിരുന്നത്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് സ്റ്റുഡിയോ വർക്കുകൾക്ക് നിയന്ത്രണം വന്നതോടെ ഇവരുടെ ജീവിതം ഇരുളിലായി. വൈക്കം താലൂക്കിൽ ഇരുന്നൂറോളം സ്റ്റുഡിയോകളിലായി എഴുന്നൂറിലധികം പേരാണ് ഫോട്ടാഗ്രാഫർമാരായും വീഡിയോഗ്രാഫർമാരായും അനുബന്ധ മേഖലകളിലുമായി ജോലിചെയ്യുന്നത്. വരുമാനം നിലച്ചതോടെ പലരും മറ്റ് തൊഴിൽമേഖലകളിലേക്ക് ജീവിതത്തിന്റെ ഫ്രെയിം മാറ്റിപ്പിടിക്കാൻ തുടങ്ങി. ടാപ്പിങ്, കാലിവളർത്തൽ, പച്ചക്കറിവ്യാപാരം തുടങ്ങിയവയായി ജീവിതമാർഗം. ഈ മാസം ഒൻപതിന് ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ വന്നാലും സ്റ്റുഡിയോകൾക്ക് പ്രവർത്തനാനുമതി ലഭിക്കുമോയെന്ന ആശങ്കയിലാണ് ഫോട്ടോഗ്രാഫർമാരും വീഡിയോഗ്രാഫർമാരും. ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് കിടപ്പാടം ഈടുവെച്ചു ലക്ഷങ്ങൾ വായ്പയെടുത്തും സ്വർണം പണയംവെച്ചും സ്ഥാപനം തുടങ്ങിയവരെല്ലാം ഇന്ന് കടുത്ത ബാധ്യതയിലാണ്. വായ്പയെടുത്തും അമിത പലിശക്ക് കടംവാങ്ങിയും വാങ്ങി കൂടിയിട്ടുള്ള ക്യാമറ, ലൈറ്റ്,ഫ്‌ലാഷ്, കംപ്യൂട്ടർ, പ്രിന്റർ, ഫോട്ടോസ്റ്റാറ്റ് മെഷീൻ തുടങ്ങിയവ ഉപയോഗിക്കാതെ കേട് സംഭവിക്കുന്നു. അടഞ്ഞുകിടക്കുന്ന സ്റ്റുഡിയോയുടെ വൈദ്യുതി ചാർജ്, വാടക കൊടുക്കാൻപോലും നിവർത്തിയില്ലാത്ത സാഹചര്യമാണ്.സർക്കാർ ഇടപെടണംലക്ഷങ്ങളുടെ ബാധ്യതയിലാണ് സ്റ്റുഡിയോ ഉടമകളും തൊഴിലാളികളും. സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നടക്കം വായ്പയെടുത്താണ് കട നടത്തുന്നത്. ഫോട്ടോഗ്രാഫേഴ്‌സിനെയും വീഡിയോഗ്രാഫേഴ്‌സിനേയും സഹായിക്കാൻ സർക്കാർ കൂടുതൽ ഇടപെടൽ നടത്തണം.ടി. ഷിജു, ജില്ലാ സെക്രട്ടറി, കേരള ഫോട്ടോഗ്രാഫേഴ്‌സ് ആൻഡ് വീഡിയോഗ്രാഫേഴ്‌സ് യൂണിയൻ(സി.ഐ.ടി.യു.)
from mathrubhumi.latestnews.rssfeed https://ift.tt/3g5QcSb
via IFTTT
0 അഭിപ്രായങ്ങള്‍