സെർച്ച് എൻജിൻ ആയതിനാൽ ഐ.ടി. ചട്ടം ബാധകമല്ലെന്ന് ഗൂഗിൾ

ന്യൂഡൽഹി: സെർച്ച് എൻജിൻ മാത്രമായതിനാൽ ഇന്ത്യയിലെ പുതിയ ഐ.ടി. ചട്ടം തങ്ങൾക്ക് ബാധകമല്ലെന്ന് ഗൂഗിൾ ഡൽഹി ഹൈക്കോടതിയിൽ. തങ്ങൾ ഇടനിലക്കാരാണെങ്കിലും സാമൂഹിക മാധ്യമ ഇടനിലക്കാരല്ലെന്നും അതിനാൽ ഐ.ടി. ചട്ടം ബാധകമല്ലെന്നുമാണ് യു.എസ്. കമ്പനിയായ ഗൂഗിൾ അറിയിച്ചത്.കുറ്റകരമായ ഉള്ളടക്കം നീക്കംചെയ്യുന്നതുമായി ബന്ധപ്പെട്ട സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഗൂഗിൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ഇക്കാര്യത്തിൽ ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കേന്ദ്ര സർക്കാരിന്റെ മറുപടി തേടി. കേസ് ജൂലായ് 25-ന് വീണ്ടും പരിഗണിക്കും.സ്ത്രീയുടെ ചിത്രം അശ്ലീല വെബ്‌സൈറ്റിൽനിന്ന് നീക്കാൻ കോടതിയുത്തരവുണ്ടായിട്ടും പൂർണമായും നീക്കിയില്ലെന്ന പരാതിയിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. വേൾഡ് വൈഡ് വെബ്ബിൽനിന്ന്‌ ചിത്രം പൂർണമായും നീക്കിയിട്ടില്ലെന്നും മറ്റുപല വെബ്‌സൈറ്റുകളിലും ചിത്രം പോസ്റ്റ് ചെയ്തുവരുകയാണെന്നുമാണ് സ്ത്രീ പരാതിപ്പെട്ടത്. തുടർന്നാണ് ഗൂഗിളിനോട് ചിത്രം നീക്കാൻ ഏപ്രിൽ 20-ന് സിംഗിൾ ബെഞ്ച് ഉത്തരവിട്ടത്.തങ്ങൾ സാമൂഹിക മാധ്യമ ഇടനിലക്കാരാണെന്ന സിംഗിൾ ബെഞ്ചിന്റെ നിരീക്ഷണം റദ്ദാക്കണമെന്ന് ഗൂഗിൾ ആവശ്യപ്പെട്ടു. ഗൂഗിളിന്റെ പരാതിയിൽ മറുപടിയറിയിക്കാൻ കേന്ദ്രത്തിനു പുറമേ ഡൽഹി സർക്കാർ, ഇന്റർനെറ്റ് സർവീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഫെയ്‌സ്ബുക്ക്, അശ്ലീല വെബ്‌സൈറ്റ്, പരാതിക്കാരി എന്നിവരോടും ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.

from mathrubhumi.latestnews.rssfeed https://ift.tt/3g8NKKy
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍