'യെവന്‍ പുലിയാണ് കേട്ടാ...സര്‍വദമനന്‍ സിംഹത്തിന്റെ വായില്‍ കൈയിട്ട് കളിക്കുകയായിരുന്നു'...

കണ്ണൂർ : ‘സമയം അർധരാത്രി 12 .. അമീബ മെല്ലെ ടോർച്ചുമായി മാളത്തിൽ നിന്നിറങ്ങി ... ‘പത്താംക്ലാസിലെ ബയോളജി പരീക്ഷയ്ക്ക് അമീബ ഇരപിടിക്കുന്നതെങ്ങിനെയെന്ന ചോദ്യത്തിന് പണ്ടൊരു വിദ്വാൻ എഴുതിയ വൈറൽ ഉത്തരം തുടങ്ങിയതിങ്ങനെയായിരുന്നു.... തലമുറകളിൽ ചിരി വിരിയിച്ച ആ ഉത്തരത്തിന് പിന്തുടർച്ചയുണ്ടാകുന്നതായി മൂല്യനിർണയ ക്യാമ്പുകളിലെ അധ്യാപകർ സാക്ഷ്യപ്പെടുത്തുന്നു. ഇക്കുറി കണ്ണൂർ ടൗൺ എച്ച്.എസ്.എസിൽ നടന്ന മലയാളം ഒന്നാംപേപ്പർ മൂല്യനിർണക്യാമ്പിലും ചിരി പടർത്തിയ ഉത്തരങ്ങൾക്ക് കുറവില്ലായിരുന്നു.ശാകുന്തളമാണ് പാഠഭാഗം. ദുർവാസാവിന്റെ ശാപം നിമിത്തം ദുഷ്യന്തമഹാരാജാവിനാൽ ഉപേക്ഷിക്കപ്പെട്ട ശകുന്തള കശ്യപാശ്രമത്തിൽ അഭയം തേടി. ഏറെക്കാലത്തിനു ശേഷം കശ്യപാശ്രമത്തിലെത്തിയ ദുഷ്യന്തൻ, സിംഹക്കുട്ടിയെ ബലമായിപ്പിടിച്ച് പല്ലുകളെണ്ണി നോക്കുന്ന മകൻ സർവദമനനെ കാണുന്നു. ആ സന്ദർഭത്തെ ഒരു വിദ്യാർഥി സ്വന്തം ഭാഷയിൽ വിവരിച്ചത് ഇങ്ങനെ..‘ദുഷ്യന്തൻ കശ്യപാശ്രമത്തിലെത്തിയപ്പോൾ സർവദമനൻ സിംഹത്തിന്റെ വായിൽ കൈയിട്ട് കളിക്കുകയായിരുന്നു. ഇതുകണ്ട് രാജാവ് പറഞ്ഞു...'യെവൻ പുലിയാണ് കേട്ടാ...’ലളിതാംബികാ അന്തർജനത്തിന്റെ വിശ്വരൂപം എന്ന ചെറുകഥയാണ് പാഠഭാഗം. ആഡംബരത്തിന്റെ അവസാനവാക്കായി വിദേശരാജ്യങ്ങളിൽ ജീവിച്ച സ്ത്രീയാണ് മാഡം തലത്ത്. ഡോക്ടർ തലത്തിന്റെ ഭാര്യ. ഭർത്താവിന്റെ മരണശേഷം ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച് നാട്ടിൽ ഒരു ഗ്രാമത്തിൽ സാധാരണക്കാരിയായി ജീവിക്കുകയാണവർ. ഡോക്ടർ തലത്തിന്റെ സെക്രട്ടറിയായി ജോലി നോക്കിയിരുന്ന സുധീർ വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോൾ മിസിസ് തലത്തിനെ കാണാൻ വരുന്നതാണ് സന്ദർഭം ... കഥ വായിച്ചിട്ടില്ലെങ്കിലും ഉത്തരമെഴുതണമെന്ന് നിർബന്ധമുള്ള വിദ്യാർഥിയുടെ ഭാവന ഉണർന്നു.‘ സുധീർ മിസിസ് തലത്തിന്റെ വീടിന്റെ വാതിലിന് മുട്ടി ... തലത്ത് വാതിൽ തുറന്നു...മിസിസ് തലത്ത്: ആരാണ്?സുധീർ: ഞാൻ സുധീർ, ലണ്ടനിൽനിന്ന് വരുന്നു ....മിസിസ് തലത്ത്: ലണ്ടനിൽനിന്നോ? അപ്പോൾ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ടോ?സുധീർ: ഇല്ല ...മിസിസ് തലത്ത്: എന്നാൽ പോയി ക്വാറന്റീനിലിരുന്ന് 14 ദിവസം കഴിഞ്ഞിട്ട് വരൂ..... ‘പാഠപുസ്തകം വായിക്കുന്നില്ലെങ്കിലും പൊതുവിജ്ഞാനമുണ്ടല്ലോയെന്ന് പേപ്പർ നോക്കിയ അധ്യാപകന്റെ ആത്മഗതം...ക്വാറന്റീനും കൊറോണയുമൊക്കെയായി ഒന്നും പഠിക്കാൻ കഴിഞ്ഞില്ല... അതു കൊണ്ട് എങ്ങനെയെങ്കിലും പാസാക്കിത്തരണം... അല്ലെങ്കിൽ മരിക്കുകയേ വഴിയുള്ളൂ.... ഉത്തരക്കടലാസിൽ ആത്മഹത്യാഭീഷണി മുഴക്കിയ വിദ്യാർഥി പക്ഷേ, അധ്യാപകന്റെ കരുണയില്ലാതെ തന്നെ പാസായി.മറാത്തി സാഹിത്യകാരനായ ശരൺകുമാർ ലിംബാളെയുടെ ആത്മകഥയാണ് അക്കർമാശി. മഹാരാഷ്ട്ര-കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിഗ്രാമത്തിൽ മഹർജാതിക്കാരുടെ കോളനിയിൽ അനുഭവിക്കുന്ന പട്ടിണി പരാമർശിക്കുന്നതാണ് പാഠഭാഗം. അന്നന്നത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്ന അടിസ്ഥാന ജനവിഭാഗങ്ങളുടെ ജീവിതാവസ്ഥ അക്കർമാശിയിൽ എങ്ങനെ പ്രതിഫലിക്കുന്നുവെന്ന ചോദ്യത്തിന് ഒരു ഉത്തരം ഇങ്ങനെ....‘പട്ടിണിയൊക്കെ അങ്ങ് ലിംബാളെയുടെ നാട്ടിൽ... അത്തരമൊരു വാക്ക് കേരളത്തിൽ കേൾക്കാൻ കഴിയില്ല ... കാരണം കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്...’

from mathrubhumi.latestnews.rssfeed https://ift.tt/3vZDydx
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍